ആർത്തവം നീട്ടിവച്ചാൽ .. ഗുളികകളും ആരോഗ്യ പ്രശ്നങ്ങളും

*വ്രതവും,ആർത്തവവും പിന്നെ മാറ്റിവെക്കൽ ഗുളികകളും*
...................................

 "സാർ  മാസക്കുളി നേരത്തെയാക്കാനുള്ള മരുന്ന് വേണം " ... ഇതാകുമ്പം സൈഡ് ഇഫക്ട് ഇല്ലല്ലോ ?

 "എന്താ വിശേഷം അമ്പലത്തിൽ പോക്ക് / കല്യാണം ?"

 മനസ്സിൽ ഉണ്ടായ ഭാവവ്യതിയാനങ്ങൾ മുഖത്ത് വരുത്താതെ ചോദിച്ചു. ..

"ഒന്നാം തിയതി ചേട്ടനും മോനും മാലയിടും, വീട്ടിൽ ഞാൻ മാത്രമേ ഉള്ളൂ വെക്കാനും മറ്റും.16 ന് ആണ് ഒന്നാം തിയതി സാധാരണയായി ആർത്തവം വരേണ്ടത്  20 ന്. ഇന്നായാൽ പിന്നെ അവർ പോയി വരുന്നതുവരെ പ്രശ്നമില്ല ... "
      ഇനിയുള്ള ദിവസങ്ങളിൽ 50 വയസിന് താഴെയുള്ള സ്ത്രീകളിൽ ഏറിയ പങ്കും ഡോക്ടറെ സമീപിക്കുന്നത്
ഈ ഒരു കാര്യത്തിനായിരിക്കും. ചിലർ മെഡിക്കൽ സ്റ്റോറിൽ നിന്നും നേരിട്ട് വാങ്ങി കാര്യം നടത്തും ..... നേരത്തെയാക്കാനുള്ള മരുന്ന് അത്ര സുലഭമല്ലാത്തതിനാൽ നീട്ടിവെക്കലാണ് പതിവ്. ....
ശരീരത്തിലെ ഹോർമോൺ ലവലിനെ താഴാതെ പിടിച്ചു നിർത്തുക .. ഗുളിക നിർത്തുമ്പോൾ ആർത്തവം ഉണ്ടാവുകയും ചെയ്യും ... .. പാർശ്വഫല ചിന്തകളാണ് ഇത്തരം കാര്യത്തിനായി ഇവരെ ആയുർവേദ ഡോക്ടർമാരുടെ സമീപം എത്തിക്കുന്നത്.

*ആർത്തവം എന്ന ശുദ്ധി*❗

 ഒഴുക്കിനാൽ നദിയും ആർത്തവത്താൽ സ്ത്രീയും ശുചിയാക്കപ്പെടുന്നു എന്ന് ചൊല്ലുണ്ട്. മാസക്കുളി എന്ന പദം തന്നെ ശുചിയാക്കപ്പെടുന്നു എന്ന ധ്വനി നല്കുന്നു..

അപ്പോൾ എവിടെയാണ് ഈ അശുദ്ധി ⁉

 "അമ്മയ്ക്ക് തൊട്ടുകൂടാ" എന്ന് വിജില പറഞ്ഞാണ് ആദ്യമായി ഈ വാക്കു കേൾക്കുന്നത്. 9 വയസുള്ള എനിക്ക് ഒന്നും മനസ്സിലായില്ല. തൊട്ടുകൂടാ എന്ന് പറഞ്ഞാൽ ? ഒന്നിലും തൊടാൻ പാടില്ലേ? ... എങ്ങനെ ഒന്നിലും തൊടാതിരിക്കും? എന്റെ കുഞ്ഞുതലയ്ക്കകത്ത് സംശയം തീരുന്നില്ല. നേരെ അമ്മയുടെ അടുത്തെത്തി. "അമ്മേ വിജിലയുടെ അമ്മയ്ക്ക് ഒന്നിലും തൊടാൻ പാടില്ല എന്ന് അതെന്താ? .. പോയിരുന്ന് പഠിക്ക്😠 എന്ന മറുപടിയും കൊണ്ട് ഞാൻ പോന്നു. പിന്നെയും കാലമേറെ വന്നു തൊട്ടുകൂടായ്മ മനസ്സിലാകാൻ.❗

 തൂണിലും തുരുമ്പിലും ഉള്ള ദൈവത്തിൽ നിന്നും വിളിപ്പാടകലെ നില്ക്കേണ്ട ദിവസങ്ങൾ .
ശുദ്ധി അശുദ്ധിയാകുന്ന ദിനങ്ങൾ . ആർത്തവമുള്ളവർ തൊട്ടതൊന്നും അമ്പലത്തിൽ പോകുന്നവർ തൊടരുത് എന്ന ചിന്ത 7 ദിവസത്തെ ശ്വാസോച്ഛ്വാസ ക്രിയയെ നോക്കി പരിഹസിക്കുന്നതു പോലെ തോന്നി. അതിരുകളില്ലാതെ,തൊട്ടുകൂടായ്മയില്ലാതെ കാറ്റ് മാത്രം തേടി വരുന്ന ദിനങ്ങൾ ... എന്നെ തഴുകി പോകുന്ന കാറ്റിനെ ആരും തടഞ്ഞു കണ്ടതുമില്ല.❗

സ്ത്രീക്ക് ശാരീരികവും മാനസികവുമായി കുറച്ച് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്ന കാലമാണ് ഓരോ ആർത്തവ കാലവും .. വ്യക്തികളനുസരിച്ച് ഇതിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം ..
പണ്ട് കാലത്തുണ്ടായിരുന്ന അതികഠിനമായ ജോലികളിൽ നിന്നും സ്ത്രീകൾക്ക് വിശ്രമം നല്കുന്നതിനും സാനിട്ടറി നാപ്കിനും മറ്റുമൊന്നും അത്ര സുലഭമല്ലാതിരുന്ന കാലത്ത് വൃത്തിയുടെയും മറ്റും ഭാഗമായും ,പൊതു കുളങ്ങളിലെ സ്റ്റാനവും ,അലക്കും ഒഴിവാക്കേണ്ടതിന്റെ ഭാഗമായും ഒക്കെ ഒരു കാലത്ത് ഈ ഒറ്റപ്പെടുത്തൽ ,പുറത്താക്കൽ അനിവാര്യമായിരുന്നു...

 ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ, ജോലിക്കും വിദ്യാഭ്യാസത്തിനും മറ്റുമായി സ്ത്രീകൾ എല്ലാം വീടിന് പുറത്ത് സഞ്ചരിക്കുമ്പോൾ മാസക്കുളി ആയവളുടെ സാമീപ്യത്തിൽ നിന്ന് എത്ര അകലും❓
അതൊന്നും സാധ്യമല്ലാതിരിക്കെ വീട്ടിലെ പാചകത്തിനായി മാത്രം ഈ മാറ്റിവയ്ക്കൽ പീഢനത്തിന്റെ ആവശ്യകതയുണ്ടോ?
ഒരു നാല് മുതൽ ഏഴ് ദിവസത്തേക്ക് വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ,സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയില്ലാത്തവരല്ലല്ലോ പുരുഷന്മാർ.❗

മാറ്റി വയ്ക്കുക  എന്ന ഒരു സാധ്യത ഇല്ലായെങ്കിൽ ഈ സാഹചര്യങ്ങളെ നമ്മൾ നേരിടുമായിരുന്നല്ലോ?  തീർച്ചയായും നേരിടും❗

28 ദിവസമുള്ള ആർത്തവചക്രത്തെ 2 ആഴ്ച വീതമുള്ള രണ്ട് പകുതിയാക്കാം

*ആദ്യ പകുതി [1-14 ദിവസം]*

ഈ സമയത്ത് പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്നുള്ള ഹോർമോണിന്റെ പ്രവർത്തന ഫലമായി അണ്ഡാശയത്തിൽ 10-15 വരെ ചെറിയ ഫോളിക്കിളുകൾ ഉണ്ടാകുന്നു. ആറാം ദിവസം ഇതിൽ ഒരു ഫോളിക്കിൾ കൂടുതൽ വളർച്ച പ്രാപിക്കുകയും ബാക്കിയുള്ളവ ചുരുങ്ങുകയും ചെയ്യും. ഈ ഫോളിക്കിളിൽ നിന്നാണ് ഗർഭധാരണത്തിന് ഗർഭാശയത്തെ ഒരുക്കുന്ന ഈസ് ട്രോജൻ ഹോർമോൺ ഉണ്ടാകുന്നത്. ഫോളിക്കിളിന്റെ വളർച്ചയ്ക്കനുസരിച്ച് രക്തത്തിലെ ഈസ്ട്രജന്റെ അളവ് കൂടി വരുന്നു.14 ാം ദിവസം ലൂട്ടി നൈസിംഗ് ( LH) ഹോർമോണിന്റെ പ്രവർത്തനം മൂലം ഈ ഫോളിക്കിൾ പൊട്ടി Ovum എത്തു വരുന്നു. ഇതിനെ Ovulation എന്ന് പറയുന്നു.

രണ്ടാം പകുതി (15-28 ദിവസം)

ഓവം പുറത്ത് വന്നതിന് ശേഷം ഈ ഫോളിക്കിൾ ആദ്യംരക്തത്താലും പിന്നെ കോശത്താലും നിറഞ്ഞ് Corpous luteum ഉണ്ടാകുന്നു. ഇതാണ് പ്രോജസ് ട്രോൺ ഹോർമോൺ ഉണ്ടാക്കുന്നത്.
ഗർഭാശയ ഭിത്തിക്ക് endometrium ,Myometrium ,Perimetrium എന്നിങ്ങനെ 3 ഭാഗങ്ങളുണ്ട്. ഏറ്റവും അകത്തെസ്തരമാണ് എൻഡോമെട്രിയം ... ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകളുടെ സഹായത്താൽ  ധാരാളം രക്തം നിറഞ്ഞ വലപോലെ പതുപതുത്ത ഒരു ആവരണം എൻഡോമെട്രിയത്തിൽ ഉണ്ടാകുന്നു. ഭ്രൂണത്തെ ഗർഭാശയ ഭിത്തിയിൽ പറ്റിപ്പിടിച്ചു വളരാൻ സഹായിക്കുന്നത് ഇതാണ്. ബീജസങ്കലനം നടന്നില്ലായെങ്കിൽ കോർപസ് ലൂട്യം നശിക്കുകയും ഈസ്ട്രജൻ ,പ്രൊജസ് ട്രോൺ അളവ് കുറയുകയും, എൻഡോമെട്രിയത്തിലെ ആവരണങ്ങൾ നശിക്കുകയും 28-ാം ദിവസം   രക്തത്തോടു കൂടിആവരണം പുറത്ത് പോവുകയും ചെയ്യുന്നു. .... എത്ര രസകരമാണ് കാര്യങ്ങൾ .......
  (പിറ്റ്യൂട്ടറിയിൽ നിന്നും ഒരാൾ വന്ന് ഓവറിയോട് എന്തോ പറയുന്നു. അത് കേട്ട് ഓവറി 14 ദിവസം കൊണ്ട് ഒരു ഓവത്തെ പുറത്ത് വിടുന്നു ' .. അണ്ഡം വളരുന്നതിനൊപ്പം ഗർഭായശയം സ്വീകരണത്തിനായി ഒരുങ്ങുന്നു ' .. ഓവം (അണ്ഡം) പുറത്ത് പോയ ഫോളിക്കിളും അതിഥിയെ സ്ഥീകരിക്കാൻ തയ്യാറെടുത്തു നില്ക്കുന്നു. അടുത്ത 5-7 ദിവസങ്ങളിൽ അതിഥിയുടെ വരവില്ലെങ്കിൽ പിന്നെ സങ്കടമായി ,കാത്ത് വച്ച ഹോർമോണൊക്കെ താഴുന്നു. ....പകർന്ന് വച്ച പാനീയമെല്ലാം കരഞ്ഞ് കൊണ്ട് പുറത്തേക്ക് കളയുന്നു. മറ്റൊന്നിനുമല്ല ... വീണ്ടും പ്രതീക്ഷയോടെ ,പുതുമയോടെ കാത്തിരിക്കാൻ )

ഇത് ചാക്രികമായി നടക്കുന്ന സംഭവമാണ്. ഈ പുറത്താകൽ അകത്താരുമില്ല എന്നതിന്റെ അടയാളവുമാണ്. ....
ഔഷധങ്ങൾ കഴിച്ച് ഇവയുടെ ഒക്കെ താളം തെറ്റിക്കണോ ? ......
ആയുർവേദം ഒരിക്കലും ഇത്തരം കാര്യങ്ങളെ അനുകൂലിക്കുന്നില്ല ....
  വിശ്രമം ആവശ്യമുള്ളവർക്ക് അത് നല്കുക. വിശ്വാസങ്ങളെ നിലനിർത്തുക അതോടൊപ്പം ആരോഗ്യവും. .. നമ്മൾ എല്ലാവരും ജീവിതത്തിൽ ഒരിക്കൽ 9 മാസം സുരക്ഷിതമായി കിടന്ന ഒരു സ്ഥലമല്ലേ ഈ ഗർഭപാത്രം, ആദ്യത്തേത് എന്തും നമുക്ക് പ്രിയമല്ലേ ?ആദ്യ പിറന്നാൾ ,ആദ്യ സൈക്കിൾ ,ആദ്യ വാഹനം ,ആദ്യ പ്രണയം ,അതുപോലെ ആദ്യ വീടിന്റെ സുരക്ഷിതത്വത്തിന്റെ ഓർമ്മയ്ക്കായി  നാലു ദിവസം  നമുക്ക് ഒന്ന് സഹിക്കാം ,കഷ്ടപ്പെടാം ,,
മരുന്നുകൾ നല്കി പീഡിപ്പിക്കാതിരിക്കാം .ഒരാളുടെ അല്ലെങ്കിൽ മറ്റൊരാളുടെ പൊക്കിൾക്കൊടി ബന്ധമല്ലേ ഓരോഗർഭാശയവും ...
മറ്റൊരു കഥ കൂടി പറഞ്ഞാലേ ഇത് പൂർണമാകൂ മണ്ഡലകാലത്ത് സ്ത്രീകൾ ആർത്തവത്തെ മാറ്റി വെക്കാൻ തയ്യാറാകുന്നത് മറ്റുള്ളവർക്ക് വേണ്ടിയാണ്  അഥവാ  നീ ഗുളിക കഴിച്ച് എനിക്ക് വേണ്ടി സഹിക്കേണ്ട എന്ന് ശക്തമായി പറയാൻ ഒരു സ്നേഹവായ്പ് വീട്ടിൽ ഇല്ലാത്തതുകൊണ്ടാണ് എങ്കിൽ സ്വയം പീഢിപ്പിച്ച് ദൈവത്തെ സ്നേഹിക്കുന്നവരാണ് അടുത്തത് ..
ഉംറക്ക് പോകുന്ന ഒരു സ്ത്രീ " ഡോക്ടറേ..... വിമാനം കേറുന്നതിന് മുമ്പ് എന്റെ മെൻസസ് മാറ്റിത്തരണം. മൂന്ന് നാല് ദിവസം മുമ്പിലേക്ക് ആക്കി തന്നാൽ മതി. നമ്മുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച് മാറ്റി വെക്കാൻ കഴിയില്ല എന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല.   തീക്ഷ്ണ ഔഷധങ്ങൾ നല്കി 3 ദിവസം നേരത്തേ വന്നു. അതു പോലെ നോമ്പെടുക്കുന്ന സമയത്ത് 30 നോമ്പും കിട്ടാൻ വേണ്ടി ഹോർമോൺ ഗുളികകൾ കഴിക്കുന്ന ആളുകളും ഉണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്ന  synthetic ഹോർമോൺ ഗുളികകൾ endometrial shedding അനുവദിക്കാതെ പിടിച്ചു നിർത്തുകയും പിന്നീടുണ്ടാകുന്ന withdrawal bleeding അധിക രക്തസ്രാവമായോ  ക്രമരഹിതമായോ വന്നുകൊണ്ടിരിക്കുകയും ചെയ്യും അതുപോലെ ചികിത്സാർത്ഥമോ അല്ലാതെയോ ദീർഘകാലം ഉപയോഗിക്കുന്ന combined estrogen progesterone ഗുളികകൾ വന്ധ്യത, ബ്രസ്റ്റ് ക്യാൻസർ തുടങ്ങിയവയ്ക്ക് കാരണമായേക്കാം എന്നതു കൊണ്ട്  ഡോക്ടർമാർ പോലും മൂന്ന് മാസത്തിൽ കുടുതൽ prescribe ചെയ്യാൻ താത്പര്യപ്പെടാറില്ലെങ്കിലും പലരും സ്വന്തം ഇഷ്ടപ്രകാരം വാങ്ങി കഴിക്കുകയാണ് പതിവ് .
ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കുമ്പോൾ 1000 തവണ side effect നെ കുറിച്ച് ചിന്തിക്കുന്നവർക്ക് മെഡിക്കൽ സ്റ്റോറിൽ നിന്നും ഈ ഗുളികകൾ നേരിട്ട് വാങ്ങിക്കഴിക്കുമ്പോൾ പാർശ്വഫലച്ചിന്തയേയില്ല എന്നത് വിരോധാഭാസം ആണ്.
ചികിത്സാർത്ഥം ഉപയോഗിക്കുന്ന ഔഷധങ്ങളുടെ പാർശ്വഫലത്തെ തടയാൻ  അറിയാവുന്നവരാണ് ഡോക്ടർമാർ .അവർ അതിനുള്ള നിർദ്ദേശങ്ങളും മറ്റ് ഔഷധങ്ങളും കൂടെ നല്കുന്നുണ്ട് എന്നറിയുക. അടുത്ത വീട്ടിലെ ചേച്ചിയോ ,കൂട്ടുകാരിയോ പറഞ്ഞറിഞ്ഞ് കഴിക്കേണ്ടവയല്ല ഈ ഔഷധങ്ങൾ ഒന്നും തന്നെ . നമ്മൾ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ഈ ഭക്തിയുമായി മുൻപോട്ട് പോകുവാൻ സാധിക്കുകയുള്ളൂ എന്നോർക്കുക..
ഈ കാര്യത്തിൽ ഊർജ്ജസ്വലതയോടെ മുൻപോട്ടു വരേണ്ടത് പുരുഷന്മാരാണ്...
ആർത്തവം മാറ്റിവെക്കാൻ മരുന്ന് കഴിച്ചുള്ള ത്യാഗം വേണ്ട .ഈ നാല് ദിവസം എന്റെ കാര്യം നോക്കാൻ ഞാൻ പ്രാപ്തനാണ് എന്ന ഒറ്റ വാക്കുമതി വ്രതാനുഷ്ഠാനം അതിന്റെ പൂർണ്ണതയിലെത്താൻ.
  ഏത് മതത്തിന്റേതായാലും ആരോഗ്യ പൂർണ്ണമാകട്ടെ ഓരോ വ്രതകാലവും.....🙏🙏

 Dr JacquilinDileep

@ Info Drs Ayurveda FB Page

Comments

Popular posts from this blog

വൈദ്യഭൂഷണം രാഘവൻ തിരുമുല്പാട്

ചേന .. Heath thy kitchen e Sunday

മത്ത നില .. Dr .Shahid ഇലയും കറിയും