വൈദ്യഭൂഷണം രാഘവൻ തിരുമുല്പാട്

ഇന്ന് Nov 21 ഈ ഓർമ ദിനത്തിൽ Info Dr's Ayurvedaയുടെ സ്മരണാഞ്ജലി വൈദ്യഭൂഷണം പദ്മവിഭൂഷൺ ശ്രീ രാഘവൻ തിരുമുല്പാട് മാഷിന്
🙏
Nabeel Haris ✍

ബഹുശ്രുതനായിരുന്നു തിരുമുൽപാട്‌ എന്ന പണ്ഡിതൻ .
നിരന്തരമായ ശാസ്ത്രസംവാദങ്ങൾ കൊണ്ടും അധ്യാപനം കൊണ്ടും ചികിത്സ കൊണ്ടും  പ്രജ്ഞയെ സദാ ജാഗ്രത്താക്കി ക്കൊണ്ടിരുന്നു  ജീവിതസായാഹ്നത്തിലും അദ്ദേഹം.
സ്വാനുഭവം കൊണ്ട്‌ ആയുർവേദത്തിന്റെ പ്രയോജനക്ഷമത ഉൾക്കൊണ്ട്‌, ക്ലേശത്തിലും ദാരിദ്ര്യത്തിലും ചഞ്ചലമാകാത്ത മനസ്സുമായി, ചികിത്സ പഠിച്ച്‌ ദശാബ്ദങ്ങളോളം അത്‌ നിലനിർത്തിയത്‌  വൈദ്യവിദ്യാർത്ഥികൾക്ക്‌  എന്നും മാതൃകയാണ്‌.
      ആയുർവേദം  അദ്ദേഹത്തിന്റെ ഒരേയൊരു വൈജ്ഞാനിക മണ്ഡലമായിരുന്നില്ല.
സംസ്കൃതവും തമിഴും ജ്യോതിഷവും വേദാന്തവും  തത്വചിന്തയും-എല്ലാത്തിലും അദ്ദേഹം ആധികാരിക പണ്ഡിതശബ്ദമായിരുന്നു.
'അമൃത'ഹോസ്പിറ്റലിൽ നിന്ന് വിദഗ്ധഡോക്ടർമാർ അദ്ദേഹത്തിന്‌ പലപ്പോഴും രോഗികളെ റഫർ ചെയ്യുമായിരുന്നു.
ആയുർവേദത്തിന്റെ  ചികിത്സാപ്രകരണങ്ങളിൽ പറയുന്ന ഗഹനതത്വങ്ങളെക്കാൾ ലളിതമായ മൗലികതത്വങ്ങൾക്കായിരുന്നു അദ്ദേഹം ഊന്നൽ നൽകിയത്‌.
   ബുദ്ധമാർഗ്ഗവും ഗാന്ധിമാർഗ്ഗവും ഉൾച്ചേർന്ന ഒരു വൈദ്യന്റെ ദാർശനികമാനം ഒന്ന് വിലയിരുത്തപ്പെടേണ്ടതു തന്നെ.
ഗാന്ധിജിയെ സ്വാധീനിച്ച ജോൺ റസ്‌കിന്റെ 'അൺ റ്റു ദിസ്‌ ലാസ്റ്റിൽ' വിശദീകരിക്കും പൊലെ തന്റെ ചികിത്സ, സമൂഹത്തിലെ പാവങ്ങളിൽ പാവപ്പെട്ടവനും പാർശ്വവൽകരിക്കപ്പെട്ടവനും ഉപയുക്തമാകണമെന്ന ചിന്ത അദ്ദേഹത്തിൽ നിറഞ്ഞിരുന്നത്‌ കാണാം.രോഗപീഢയുടെ ക്ലേശം കൊണ്ട്‌ വലഞ്ഞ്‌ ചികിത്സക്കെത്തുന്നവരെ  ചികിത്സിച്ച്‌ തിരിച്ചയക്കു മ്പോൾ കരുണാർദ്രമായ ഒരു നോട്ടമുണ്ട്‌ ആ വൈദ്യ ശ്രേഷ്ഠന്.
ഏത്‌ ദാർശനിക സമസ്യയിലും അദ്ദേഹത്തിന്‌ നിലപാടുണ്ടായിരുന്നു.പൊന്നാനിയിലെ സുഹൃത്ത് ഡോക്ടർ സിജിൻ ആണ്‌ ചാലക്കുടിപ്പുഴസംരക്ഷണത്തിനായി  അദ്ദേഹമെടുത്ത നിലപാടിനെക്കുറിച്ച്‌ ഈയിടെ പറഞ്ഞത്‌.       
        രസകരമായ ഒരു സംഭവമുണ്ടായത്
സഖാവ് EMS ഗാന്ധിയൻ സിദ്ധാന്തങ്ങളെ വിമർശിച്ചു കൊണ്ട്‌ ഒരു പുസ്തകം എഴുതുകയുണ്ടായി.എഴുതിയത്‌ EMS ആയതു കൊണ്ടാകാം കാര്യമായ ഒരു പ്രതികരണം ആർക്കും നടത്താനായില്ല.ധൈര്യപ്പെട്ടില്ല എന്ന് പറയുന്നതാകും ശരി.അതിന്‌ ഗാന്ധിയൻ പരിപ്രേക്ഷ്യത്തിൽ തിരുമുൽപാട്‌ എഴുതിയ പ്രതികരണമാണ്‌ 'ഇസവും  മഹാത്മാവും`.
അഞ്ചാറ്‌ വർഷമെടുത്താണ്‌ അഷ്ടാംഗസംഗ്രഹമെന്ന ബൃഹത്‌ സംഹിതയുടെ 'പ്രകാശികാവ്യാഖ്യാ' എന്ന മലയാളവ്യാഖ്യാനം അദ്ദേഹം എഴുതിത്തയ്യാറാക്കിയത്.അതിന്റെ സമഗ്രത അവകാശപ്പെടാവുന്ന  മറ്റുള്ള ഭാഷകളിലെ വ്യാഖ്യാനഗ്രന്ഥങ്ങളുണ്ടാകുമോ എന്ന് സംശയമാണ്.
ആധുനികവൈദ്യത്തിൽ പരാമർശിക്കുന്ന
സിംപ്‌റ്റമാറ്റോളജിയുടെ സമഗ്രതയോട്‌ ആയുർവ്വേദവും കിടപിടിക്കുമെന്ന് അദ്ദേഹം യുക്തിയുക്തം വിശദീകരിച്ചതായി ഓർക്കുന്നു...'അനുഭവം കൊണ്ട്‌ സാധൂകരിക്കപ്പെടുന്നു' എന്ന വാക്ക്‌ അദ്ദേഹം പല ചോദ്യങ്ങൾക്കും ഉത്തരമായി കൊടുക്കാറുണ്ട്‌-തത്വവും പ്രയോഗവും തമ്മിലുള്ള മനോഹരമായ സമന്വയം...ഡോ.കെ.രാജഗോപാലൻ, ഡോ.എം.എസ്‌.വല്യത്താൻ തുടങ്ങി ഒട്ടനവധി പണ്ഡിതപ്രമുഖർ ആശയവിനിമയത്തിനും ചർച്ചകൾക്കുമായി ചാലക്കുടിയിൽ വരുമായിരുന്നു.
ഡോ.വല്യത്താന്റെ ബൃഹത്രയീപഠനങ്ങൾ ഈ ചർച്ചകളുടെ കൂടി ഉൽപന്നമാണെന്ന് പറയാം.ശ്രീനാരായണദർശനങ്ങളും അദ്ദേഹം എടുത്തുപറയുമായിരുന്നു.
ഒല്ലൂർ ആയുർവേദ   കോളേജ്‌ പഠനം കഴിയാറയപ്പോളാണ്‌ ഡോ.രാമകൃഷ്ണൻ ദൊരസ്വാമിയുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി ഞാൻ ചാലക്കുടി 'രാജവിഹാർ' എന്ന അദ്ദേഹത്തിന്റെ വൈദ്യഭവനത്തിൽ പോയിത്തുടങ്ങിയത്‌.
നിരന്തരമായ ചോദ്യങ്ങളെയും  സംശയങ്ങളെയും സംവാദങ്ങളെയും അത്ര മേൽ ഇഷ്ടപ്പെട്ടിരുന്ന, വൈദ്യഗുരുക്കന്മാർക്കും ഗുരുവായിരുന്ന, അ മഹാവൈദ്യന്‌ പക്ഷേ മരണാനന്തരമായിരുന്നു പദ്മപുരസ്കാരം കൊണ്ട്‌ സമ്മാനിതനാകാൻ കഴിഞ്ഞത്.
എന്റെ ഗുരുനാഥനിൽ വള്ളത്തോൾ ഗാന്ധിജിയെ വിശേഷിപ്പിച്ചതു പൊലെ,

"താരകമണിമാല ചാർത്തിയാലതും കൊള്ളാം
കാറണിച്ചെളിനീളെപ്പുരണ്ടാലതും കൊള്ളാം...."

വൈദ്യവൃത്തിയെ യുക്തിബോധം കൊണ്ട്‌ പ്രകാശിപ്പിച്ച ഗുരുനാഥനെ  ഈ ദിനത്തിൽ വൈദ്യസമൂഹം കൃതജ്ഞതയോടെ ഓർക്കുന്നു.
Dr Nabeel Haris Haris
@ Info Drs Ayurveda FB Page

Comments

Popular posts from this blog

ചേന .. Heath thy kitchen e Sunday

മത്ത നില .. Dr .Shahid ഇലയും കറിയും