ചേന .. Heath thy kitchen e Sunday

Healthy kitchen @ Sunday

Info Drs Ayurveda FBPage

കാർഷിക വിളകളെ വിളവെടുപ്പിന്റെ കാലമനുസരിച്ച് ഉപയോഗിച്ചിരുന്ന ഒരു നല്ല ഭക്ഷണ സംസ്ക്കാരമുണ്ടായിരുന്നു കേരളത്തിന് ...

താളും തകരേം മുമ്മാസം ന്നുള്ള ചൊല്ലുകളൊക്കെ അതിനെ സൂചിപ്പിക്കുന്നതാണ്.

    പുതുതലമുറക്ക് അന്യമായ ആ നാടൻ രുചി കളിലേക്കും ആരോഗ്യ പാചകത്തിലേക്കുമുള്ള  ഒരു വഴിതിരിയലാണ്  Healthy kitchen @ Sunday എന്ന വാരാന്ത ലേഖനങ്ങളിലൂടെ Info Drs Ayurveda FBPage ലക്ഷ്യമിടുന്നത്.....

1.ചേന
............
കർക്കിടകത്തിൽ ചേന കട്ടിട്ടെങ്കിലും തിന്നണമെന്നൊരു പഴമൊഴിയുണ്ട്
അത്രയ്ക്ക് സ്വാദാവുമത്രെ അക്കാലത്ത്.

     നമ്മുടെ പറമ്പുകളിൽ സുലഭമാണ് ചേനയെന്ന കിഴങ്ങുവർഗം ...
തടിച്ച് വൃത്താകൃതിയിൽ പാറപോലെയിരിക്കുന്ന ഈ വിഭവം കൂട്ടുപച്ചക്കറിയിൽ അരിഞ്ഞിട്ട കഷണമായാണ് മോഡുലാർ കിച്ചനിലെത്തുന്നത്.ചൊറിയുമെന്നുള്ള പേടിയാൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യും.
അവിയലിലെ കഷണം എന്നതിൽ കവിഞ്ഞ ഉപയോഗമെന്നും പലർക്കും അറിവില്ല താനും ..

ചേന എന്ന ഔഷധം

ചേനയിൽ നാരുകള്‍ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെ സഹായിക്കാനും  മലബന്ധം കുറയ്ക്കാനും ചേനയ്ക്കു കഴിയും.
കാട്ടുചേന അർശസ്സിന്റെ ഔഷധവുമാണ്. കിഴങ്ങുവർഗ്ഗങ്ങൾ നിഷേധിക്കപ്പെടുന്ന അർശോരോഗികൾ ചേന കഴിക്കാൻ നിർദേശിക്കപ്പെടുകയാണ് .സൂരണാദി ലേഹ്യത്തിലെ സൂരണം കാട്ടുചേനയാണ്.

കഴിച്ച് മെലിയാൻ ചേന

 ശരിയായ രീതിയിൽ പാകം ചെയ്ത ചേന മിതമായ അളവിൽ മെലിയാനുള്ള ഭക്ഷണമായും ഉപയോഗിക്കാവുന്നതാണ്.

ഹൃദ്യമായ ചേന

 കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ ചേനഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്.

കഴിക്കാം പ്രമേഹത്തിലും.

ഗ്ലൈസീമിക് ഇൻഡക്സു കുറഞ്ഞ കിഴങ്ങായതിനാൽ ചേന പ്രമേഹ രോഗികളുടെ ഭക്ഷണത്തിലും ഉൾപ്പെടുത്താം.

ഒരു സമീകൃതാഹാരം

 ചേന പല പോഷകങ്ങളുടെയും ഉറവിടമാണ്. ഇതിൽ അന്നജം, നാരുകള്‍ കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പർ പോലുള്ള മിനറലുകളുടെയും വിറ്റമിനുകളുടെയും ശേഖരമാണ്. ഇതു കൂടാതെ നല്ല ഫാറ്റി ആസിഡും പ്രോട്ടീനും മിതമായ തോതിൽ അടങ്ങിയിട്ടുണ്ട്.

ചേന പാചകം ചെയ്യുമ്പോൾ തേങ്ങ, തേങ്ങാപാൽ ഇവ അമിതമായി ഉപയോഗിക്കുന്നതും വറുക്കുന്നതും എണ്ണയുടെ കൂടുതലായ ഉപയോഗവും ചേനയുടെ ഗുണങ്ങളെ ദോഷമായി ബാധിക്കുന്നു.
ഇവയുടെ ഉപയോഗം കൂടുതൽ ഊർജ്ജം ഉള്ളിൽ ചെല്ലാനും അതുവഴി ഇവയുടെ ഗുണങ്ങളെ വിപരീത ദിശയിലാക്കാനും കാരണമാകുന്നു.

ചൊറിയാതിരിക്കാൻ

   ചേന തൈരിലോ, പുളി വെള്ളത്തിലോ കുറച്ച് നേരം മുക്കി വച്ച് കഴുകി ഉപയോഗിച്ചാൽ ചൊറിച്ചിൽ ഒഴിവാക്കാം.
ചേനയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സലേറ്റിന്റെ അളവു കൂടുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നു.

 ഇനി ചില ചേന വിഭവങ്ങൾ
.....................
ചേന എരിശ്ശേരി
..........................
 പച്ചക്കായ ചേന  എരിശ്ശേരി
കായ കഷണങ്ങളാക്കിയത്.    ഒരു കപ്പ്
ചേന കഷണങ്ങളാക്കിയത്. ..ഒരു കപ്പ്
തേങ്ങ ചിരവിയത്. ..ഒന്നര കപ്പ്
മഞള്‍ പൊടി….അര ടീസ്പൂണ്‍
മുളകുപൊടി. ..ഒരു സ്പൂണ്‍
ഉപ്പ് .. പാകത്തിന്
നല്ല ജീരകം. ..അര ടീസ്പൂണ്‍
കുരുമുളക്. ..ഒരു സ്പൂണ്‍
വെളിച്ചെണ്ണ …3 ടീസ്പൂണ്‍
കടുക് ..അര ടീസ്പൂണ്‍
വറ്റല്‍ മുളക്…രണ്ട്
കറിവേപ്പില രണ്ട് തണ്ട്

കായ ചേന കഷണങ്ങളില്‍ മഞ്ഞൾള്‍പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്തതിനു ശേഷം സ്പൂണ് കൊണ്ട് ഉടക്കുക..ഒരു കപ്പ് തേങ്ങ ചിരകിയതും ജീരകവും കുരുമുളകും തരുതരുപ്പായി അരച്ചത് കഷണങ്ങളില്‍ ചേര്‍ത്ത് തിളപ്പിക്കുക. എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറ്റല്‍ മുളക് മൂപ്പിക്കുക..അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ഇട്ടു ഗോള്‍ഡന്‍ ബ്രൊണ്‍ നിറം ആകുന്ന വരെ ഇളക്കി വെന്ത് കുറുകിയ കറിയില്‍ ചേര്‍ത്ത് ഇളക്കുക. . എരിശ്ശേരി റെഡി. ..

ഇതു തന്നെ ചേനയും ,ചെറുപയറും ചേർത്തും തയ്യാറാക്കാം ..

ചേന പുഴുങ്ങിയത്

ചേന – തൊലി കളഞ്ഞു കഷണങ്ങൾ ആക്കിയത്

തേങ്ങ ചിരകിയത് – ആവശ്യത്തിന്

ചേന ഒരു പാത്രത്തിൽ എടുത്ത് കഷണം മൂടുന്നതിന് അവശ്യമുള്ളത്ര വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. വേവ് അധികം ആകാതിരിക്കാൻ ശ്രദ്ധിക്കുക. വേവിച്ചയുടൻ അധിക വെള്ളം കളഞ്ഞതിനു ശേഷം ചിരകി വച്ചിരിക്കുന്ന തേങ്ങ മുകളിൽ വിതറി ഉപയോഗിക്കുക.
ചട്നി കൂട്ടി കഴിക്കാൻ ഉത്തമം .

ചട്നി

ചെറിയ ഉള്ളി – 6 എണ്ണം
പച്ചമുളക് – 4 എണ്ണം
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടീസ്പൂൺ

 ചെറിയ ഉള്ളിയും പച്ചമുളകും ചതച്ച് എടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക.ചട്നി റെഡി ..
തേങ്ങയും ചുവന്ന മുളകും പുളിയും ഉപ്പും ചേർത്തരയ്ക്കുന്ന ചമ്മന്തിയും ഇതിന് രുചികരമാണ്

 ചേന കുരുമുളക് ഫ്രൈ
(ലക്ഷ്മി പ്രശാന്ത് )

ചേന - 400gm
ചെറിയുള്ളി -20 ( സവാള -1 വലുത്)
വെളുത്തുള്ളി -5 അല്ലി
കുരുമുളക് -2 ടീസ്പൂൺ( കുരുമുളക് ഇല്ലെങ്കിൽ മാത്രം കുരുമുളക് പൊടി എടുക്കാം,എരിവിനനുസരിച്ച് അളവു ക്രമീകരിക്കാം)
തേങ്ങാകൊത്ത് -1/4 കപ്പ്
കറിവേപ്പില -1 തണ്ട്
മഞ്ഞൾപൊടി -1/4 ടീ സ്പൂൺ
ഗരം മസാല -1/4 ടീസ്പൂൺ
വറ്റൽമുളക് -2
ഉപ്പ് ,എണ്ണ,കടുക് -പാകത്തിന്

പാചകം ചെയ്യുന്ന വിധം

ചേന കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞ് ലേശം ഉപ്പ്,മഞ്ഞൾപൊടി ഇവ ചേർത്ത്ഉടഞ്ഞു പോകാതെ വേവിച്ച് എടുക്കുക.

ചെറിയുള്ളി(സവാള),വെളുത്തുള്ളി,കുരുമുളക് ഇവ ചെറുതായി ചതച്ച് എടുക്കുക.( അരഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക)

പാനിൽ എണ്ണ ചൂടാക്കി ( ലേശം എണ്ണ കൂടുതൽ എടുക്കാം)കടുക്, വറ്റൽമുളക് , കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.

ശേഷം ചതച്ച് വച്ച കൂട്ട് ചേർത്ത് ഇളക്കി മൂപ്പിക്കുക.പച്ചമണം കുറച്ച് മാറി കഴിയുമ്പോൾ മഞ്ഞൾപൊടി, തേങ്ങാ കൊത്ത് ഇവ കൂടെ ചേർത്ത് ഇളക്കി മൂപ്പിക്കുക.

ശേഷം വേവിച്ച് വച്ച ചേന, പാകത്തിനു ഉപ്പ്, ഗരം മസാല ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

3-4 മിനുറ്റ് മൂടി വച്ച് ,ശേഷം മൂടി തുറന്ന് നന്നായി ഇളക്കി ,നല്ല ഡ്രൈ ആക്കി എടുക്കുക.നല്ല ഡ്രൈ ആകാൻ ലേശം സമയം എടുക്കും...
ചേന കുരുമുളക് ഫ്രൈ റെഡി.

 ചേന വറുത്തുപ്പേരി ..

  തേങ്ങാക്കൊത്തു പോലെ ചെറിയ കഷണങ്ങളാക്കിയ ചേന ഉപ്പും ,മുളകുപൊടിയും ചേർത്ത് പുരട്ടി എണ്ണയിൽ വറുത്തു കോരിയാൽ നല്ല Cris py വറുത്തുപ്പേരി കിട്ടും .. ചേനയുടെ രുചി ഭേദങ്ങളിൽ കേമനാണിത്.
 ചേനയും ഉള്ളിയും തോരൻ ,മെഴക്കുപുരട്ടി , തീയൽ എന്നിവയും ഉണ്ടാക്കാവുന്നതാണ്. .
100 ഗ്രാം ചേനയിൽ

ഘടകം    അളവ്
ജലം          79%
മാംസ്യം     1.2 ഗ്രാം
കൊഴു്പ്പ് 0.1 ഗ്രാം
അന്നജം  18.4 ഗ്രാം
ധാതുക്കൾ 0.8 ഗ്രാം
നാരുകൾ   0.8 ഗ്രാം
കാൽസ്യം  50 മില്ലീ ഗ്രാം
ഫോസ്ഫറസ്‌  34 മില്ലീ ഗ്രാം
ഇരുമ്പ്‌     0.6 മില്ലീ ഗ്രാം
തയമൈൻ  0.006 മില്ലീ ഗ്രാം
നിയാസിൻ  0.7 ഗ്രാം
റൈബോഫ്ലേവിൻ  0.7 മില്ലീ ഗ്രാം
ജീവകം എ.     260 ഐ യൂ

ഇനി -
കുട വിരിച്ച പോലുള്ള ചേനത്തണ്ടുകൾ
വീട്ടുവളപ്പുകളെ സുന്ദരമാക്കട്ടെ

ആരോഗ്യ നിധികളെ മണ്ണിൽ നിന്നെടുത്ത്
തീൻമേശകളിലെ വിഭവങ്ങളാക്കി മാറ്റട്ടെ

കുംഭത്തിൽ നട്ടാൽ കുടത്തോളം ,
മീനത്തിൽ നട്ടാൽ മീൻ കണ്ണോളം എന്നതാണ്
ചേന നടാനുള്ള നല്ല കാലം ഓർമ്മപ്പെടുത്തുന്ന കൃഷിചൊല്ല്

Sijin Soorya M, Jacquilin Dileep
@ Info Drs Ayurveda FBPage

( എരിശ്ശേരി കുറിപ്പടി ഫബീന റഷീദ്  )
ചേന കുരുമുളക് ഫ്രൈ..ലക്ഷ്മി പ്രശാന്ത് )

Comments

Popular posts from this blog

വൈദ്യഭൂഷണം രാഘവൻ തിരുമുല്പാട്

മത്ത നില .. Dr .Shahid ഇലയും കറിയും