ശബരിമല കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*ആരോഗ്യം മലകയറുമ്പോൾ*
................................⛰
വീണ്ടും ചില വ്രതകാലആരോഗ്യ ചിന്തകൾ!!!!!
Info Drs Ayurveda
...................................

വൃശ്ചിക മാസം പിറന്നു..! ഇന്ന് വൃശ്ചികം ഒന്ന്.

ഇനി മണ്ഡലവ്രതത്തിന്‍റെ കാലമാണ് ...
ദുഃശ്ശീലങ്ങളും ,തെറ്റായ ഭക്ഷണശീലങ്ങളും മാറ്റിവച്ച് അറിഞ്ഞോ അറിയാതെയോ ജനങ്ങള്‍ ആരോഗ്യശീലങ്ങളെ നെഞ്ചിലേറ്റുന്ന കാലം..

വൃശ്ചിക, ധനുമാസ വ്രതങ്ങളെ ഒന്ന് വിശകലനം ചെയ്താൽ, മകര കുംഭമാസങ്ങളിലെ ഉത്സവകാലത്തിന് മുന്നോടിയായി  ആഹാരവിഹാരങ്ങളെ നിയന്ത്രണ വിധേയമാക്കുന്ന ആചാരാനുഷ്ഠാനങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് കാണാം.

ഇതിലെ ആരോഗ്യപരമായ കാര്യങ്ങളെ വിശകലനം ചെയ്യുന്നതിനൊപ്പം ഈ കാലത്തെ പ്രധാന അനുഷ്ഠാനമായ ശബരിമലയാത്രയിൽ രോഗികളും ,മറ്റുള്ളവരും ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളാണ് ഇത്തവണ Team Info Drs Ayurveda നിങ്ങളോട് ലേഖനത്തിലൂടെ സംവദിക്കുന്നത്.

*പാദബലം തരണം ,അടിയന് ദേഹബലം തരണം ..*

'''മുട്ടിനു വേദനയാണ് ഡോക്ടര്‍ ,
എന്തെങ്കിലും ഉടനെ ചെയ്യണം,
ഈ ശനിയാഴ്ച മല കേറാനാണ്..'' കയറി വന്നപാടെ അമ്മിണിയമ്മ ആവശ്യം ഉന്നയിച്ചു..ആളൊരു സീനിയര്‍ സിറ്റിസണ്‍ ആണ്,അല്‍പം തടിച്ച പ്രകൃതം,ഒരു ചോദ്യത്തിനു നാല് ഉത്തരം പറയും,എങ്കിലും സഹൃദയ തന്നെ...

''തേയ്മാനമാണെന്നു തോന്നുന്നു ...വേദനയ്ക്കുള്ള  മരുന്നുകള്‍ ഒന്നും എനിക്ക് പിടിക്കില്ല ഡോക്ടറേ,വയര്‍ വേദന വരും,എനിക്ക് കഷായം വേണം .തൈലങ്ങളൊക്കെ ഞാന്‍ പുരട്ടി ,കുറവില്ല...'' 

തൈലം പുരട്ടുകയും ധാര ചെയ്യുകയും ചെയ്യുന്ന പരിപാടിയ്ക്കാണല്ലോ ഈ ആയുര്‍വേദമെന്നു പറയുന്നത് !! പക്ഷേ, ഇത്തവണ പണി കിട്ടി.അതാണ് കഷായം അന്വേഷിച്ചിറങ്ങിയത്..

'' വേറെ അസുഖങ്ങള്‍ വല്ലതും..?''

എല്ലാം ഉണ്ട്.കുറച്ചു ഷുഗറുണ്ട്, പ്രഷറുണ്ട്,കൊളസ്റ്റ്റോളുമുണ്ട്.ഇതിനൊക്കെ ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കുന്നുണ്ട്.ഇടയ്ക്ക് ടെസ്റ്റ് ചെയ്യാറുമുണ്ട്...''

''അതു ശരി , അപ്പോള്‍ ഭക്ഷണനിയന്ത്രണവും വ്യായാമവുമൊക്കെ കാണുമല്ലോ അല്ലേ..നടക്കാറുണ്ടോ.?
'' നടപ്പൊന്നും ഇല്ല സാറേ..രണ്ടടി നടന്നാല്‍ കിതയ്ക്കും!കാറോ ഓട്ടോയോ തന്നെയാണ് സ്ഥിരം..ഭക്ഷണം കുറയ്ക്കണമെന്നൊക്കെയുണ്ട്..പക്ഷേ ,
അതൊക്കെ നോക്കാനിരുന്നാല്‍ വലിയ പാടാ..''
മലക്ക് പോകുന്നതിനു മുമ്പ് മുട്ടു വേദന ഒന്ന് മാറ്റിത്തരണം."

'' അമ്മേ,ആയുര്‍വേദം എന്നത്..ഒരു ചികിത്സ മാത്രമല്ല ..ഒരു ജീവിത ശൈലി തന്നെയാണ്..കുറുക്കു വഴി ചികിത്സയല്ല.അത് വിശദമായി പിന്നീട് ...

ഇപ്പോള്‍ *മല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം*...

വ്രതങ്ങളെല്ലാം തന്നെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും സഹനശേഷി വര്‍ദ്ധിപ്പിക്കാനുദ്ദേശിച്ചുള്ളവയാണ്...

41 ദിവസം നീളുന്ന മണ്ഡലകാലം മുഴുവന്‍ വ്രതമനുഷ്ഠിച്ച് , മനസ്സും ശരീരവും സജ്ജമാക്കി ,കാനനത്തിലെ ദുര്‍ഘടപാതയിലൂടെ നഗ്നപാദരായി സഹ്യപര്‍വതത്തിലെ ചെങ്കുത്തായ മലകള്‍ താണ്ടി വേണം സന്നിധാനത്തിലെത്താന്‍ എന്നാണ് നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്നത്.അല്ലാത്തവരെ പുലി പിടിയ്ക്കുമത്രേ...❗ കുടുംബാംഗങ്ങളെയെല്ലാം ഒരു നോക്ക്  കണ്ട്, തിരിച്ചു വരും എന്നു പോലും പറയാതെ  , തിരിഞ്ഞുനോക്കാതെയാണ് പണ്ട് യാത്ര ആരംഭിക്കാറുള്ളത്....

 വാഹനസൗകര്യങ്ങള്‍ കൂടുതലായതിനാല്‍ എലി പോലും ഒഴിഞ്ഞു മാറി നില്‍ക്കുന്ന *ഇന്നത്തെ തീര്‍ത്ഥാടനകാലത്ത് പുലിയുടെ സ്ഥാനം ഇപ്പോള്‍ കയ്യടക്കിയിരിക്കുന്നത്  ഹൃദയാഘാതവും അപകടങ്ങളുമാണ്*

നാഴികതോറും ആരോഗ്യപ്രവര്‍ത്തകര്‍ കണ്ണിലെണ്ണയൊഴിച്ചു കാവലിരുന്നിട്ടും ജീവിതങ്ങളെത്രയാണ് ആ മലമുകളില്‍ പൊലിയുന്നത്..!!

കുറച്ചു കാര്യങ്ങള്‍ നാം ശ്രദ്ധിച്ചേ പറ്റൂ ..🔺

🔻 കടുത്ത ശാരീരികാധ്വാനമാണ്  മലകയറ്റത്തില്‍ നേരിടേണ്ടി വരിക ..

ഹൃദ്രോഗം ,
രക്തസമ്മര്‍ദ്ദം, ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധാലുക്കളാകണം..കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ നോക്കണം ..ഇടയ്ക്കിടക്ക് വിശ്രമിച്ച് മെല്ലെ കയറിയാല്‍ മതി.മറ്റുള്ളവര്‍ വേഗത്തില്‍ കയറുന്നു എന്നു കരുതി ഒപ്പം  കൂടരുത്.ചെറിയ ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ പോലും ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടാന്‍ മടിക്കരുത്.
മണ്ഡലവ്രതം കൃത്യമായി പാലിക്കുകയാണെങ്കില്‍, കൊഴുപ്പു കുറഞ്ഞ ഭക്ഷണം , ശാന്തമായ മനസ്സ് , നടപ്പ് പോലെയുള്ള അവശ്യം വേണ്ട വ്യായാമം മുതലായവ 41 ദിവസം കൊണ്ട് ശീലമാക്കാനാകും.ഇത്
മല കയറ്റത്തിലെന്നല്ല ശരീരത്തിനാകെയും ഗുണം ചെയ്യും.

🗣 *ആസ്ത്മാ തുടങ്ങിയ ശ്വാസകോശ രോഗികളുടെ ശ്രദ്ധക്ക്*

ശബരിമല യാത്ര ഒരു വിനോദയാത്ര പോലെ രസകരമായി കരുതാവുന്ന ഒന്നല്ല .
ദീര്‍ഘമായ ശരണം വിളികളോ പ്രാണായാമമോ,  ഗാനാലാപമോ, ശീലിക്കുന്നത് ശ്വാസനിയന്ത്രണത്തെ സഹായിക്കും.
ആസ്ത്മാ രോഗികൾ ,കുറച്ച് നടന്നാൽ തന്നെ കിതക്കുന്നവർ ഒക്കെ ഇത്തരത്തിൽ ശ്വാസകോശ ആരോഗ്യം [Lung capacity ] ഉറപ്പു വരുത്തേണ്ടതാണ്.
വൃശ്ചികത്തില്‍ മലമുകളില്‍ തണുപ്പിനോടൊപ്പം പൊടി ശല്യം കൂടി ആകുമ്പോള്‍ , അലര്‍ജിപ്രശ്നങ്ങള്‍ ,ശ്വാസംമുട്ടല്‍ എന്നിവ ഉള്ളവര്‍ക്കു മാത്രമല്ല , സാധാരണ ചെറിയ ജലദോഷം പകര്‍ന്നു കിട്ടിയവര്‍ പോലും കഫക്കെട്ടും പനിയും കൊണ്ട് വല്ലാതെ കഷ്ടപ്പെടും.. തണുപ്പിനെയും പൊടിയെയും പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ കയ്യിലുണ്ടാകണം..
തണുപ്പ് പ്രശ്നമാകുന്നവർ സ്വെറ്റർ കരുതാൻ മറക്കണ്ട .

🔻കല്ലും മുള്ളും കാലില്‍ തട്ടി മുറിഞ്ഞും കാലിടറി വീണും എത്രയോ പേര്‍ക്ക് പരിക്ക് പറ്റുന്നുവെന്നോ.❗മഴയെങ്ങാനും വന്നാല്‍ ബുദ്ധിമുട്ട് ഇരട്ടിക്കും.ദീര്‍ഘമായ പരമ്പരാഗത ശരണപാതയില്‍ പദയാത്ര നടത്തുന്നവരുടെ കാല്‍ വിണ്ടു കീറുക പതിവാണ്.അട്ട മുതലായവയുടെ ശല്യവും ഉണ്ടായേക്കാം.

അട്ടയുടെ കടി വിടുവിക്കാന്‍ മഞ്ഞള്‍ തന്നെയാണ് ഉചിതം .ഉപ്പ് ഉപയോഗിക്കുന്നത് ആനയെ ആകര്‍ഷിക്കാൻ ഇടയുണ്ട്.

💔ഹൃദ്രോഹം, പ്രമേഹം ,
രക്താതിമർദ്ദം ,അമിത കൊളസ്ട്രോൾ, മറ്റു രോഗങ്ങൾ എന്നിവ ഉള്ളവർ ഡോക്ടറെ കണ്ട് ഉപദേശം ആരാഞ്ഞതിന് ശേഷം മാത്രം യാത്ര പോകുക. യാത്രക്കു മുമ്പായി ECG മുതലായ പരിശോധനകൾ നല്ലതാണ്.
കൈയ്യിൽ ഒരു ചെറിയ ഡയറിയോ, കുഞ്ഞു പുസ്തകമോ കരുതുക. അതിൽ അവസാനമെഡിക്കൽ ചെക്കപ്പിന്റെ വിവരം
[Blood report etc], കഴിക്കുന്ന ഗുളികകൾ ,സമയം Dose ഇവ രേഖപ്പെടുത്തി സൂക്ഷിക്കുക .
നോക്കി എഴുതാൻ അറിയില്ലെങ്കിൽ ഡോക്ടർ നല്കിയ prescription ന്റെ ഒരു ഫോട്ടോ സ്റ്റാറ്റ് ഇതിൽ ഒട്ടിച്ചു വയ്ക്കുക...
അടുത്ത ബന്ധുക്കളുടേയും,
കൂടെ യാത്ര ചെയ്യുന്നവരുടേയും
ഫോൺ നമ്പർ കുറഞ്ഞത് 5 പേരുടേയെങ്കിലും എഴുതി സൂക്ഷിക്കുക. മുതിർന്നവർ പോകുമ്പോൾ വീട്ടിലുള്ളവർ ഇത്തരം കാര്യങ്ങൾ ഉറപ്പു വരുത്തി വിടുക .

💓 *ഹൃദ്രോഗികളുടെ പ്രത്യേകശ്രദ്ധയ്ക്ക്*

  വളരെ സാവധാനം വിശ്രമിച്ച് മാത്രം മലകയറുക .
ഇടക്ക് പൾസ് നോക്കുക. ഹൃദയമിടിപ്പ് കൂടുമ്പോൾ പൾസ്നോക്കിയാൽ മിനിട്ടിൽ 130 ന് മുകളിൽ കണ്ടാലോ,ദ്രുതഗതിയിലോ, ക്രമരഹിതമായോ ഉണ്ടാകുന്ന ഹൃദയമിടിപ്പ് ശ്രദ്ധയിൽ വന്നാലോ ,ഉടനെ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെ സമീപിക്കുക.

*പ്രമേഹരോഗികൾ* കാല് മുറിയാതിരിക്കാനുള്ള കരുതൽ അവശ്യം സ്ഥീകരിക്കേണ്ടതാണ്. അല്ലാത്തവർക്കും
നടക്കുന്ന പ്രതലം വൃത്തിയുള്ളതായിരിക്കണമെന്ന ജാഗ്രത അണുബാധ പോലുള്ളവയെ തടയും.
ജാത്യാദി ഘൃതം,
മുറിവെണ്ണ, നേർപ്പിച്ച dettol ,Anti Septic മരുന്നുകൾ ഇവ പ്രമേഹരോഗികൾ നിർബന്ധമായും കരുതിയിരിക്കണം. മുറിവുണ്ടായാൽ ഉടനെ വൃത്തിയാക്കി മരുന്ന് പുരട്ടി കെട്ടി വയ്ക്കുക .സമീപത്ത് മെഡിക്കൽ ക്യാമ്പുണ്ടെങ്കിൽ അവരെ സമീപിക്കുക. യാത്രയിൽ ചെരുപ്പ് നിഷിദ്ധമാണെങ്കിലും പാദ സംരക്ഷണത്തിനായി കോട്ടൺ സോക്സ് ഉപയോഗിക്കാവുന്നതാണ്. പ്രമേഹരോഗികൾ ഇത്തരം കാര്യങ്ങൾ കരുതുക.നന്നായി വിയർക്കുകയോ ,
ക്ഷീണം തോന്നുകയോ ,തല ചുറ്റുകയോ ഒക്കെ കണ്ടാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു എന്ന് മനസ്സിലാക്കുക.
മധുരം കഴിച്ച്, വിശ്രമിച്ച് ,പരിശോധനക്ക് ശേഷം യാത്ര തുടരുക ..
തൊട്ടടുത്തുള്ള ഡോക്ടര്‍മാരുടെ സഹായം തേടാന്‍ മടി വേണ്ട .അവരുടെ നിര്‍ദ്ദേശമനുസരിച്ച് *പ്രഥമശുശ്രൂഷയ്ക്കുള്ള ഔഷധങ്ങള്‍ യാത്ര തുടങ്ങുന്നതിനു മുമ്പ് കരുതി വയ്ക്കുന്നത് നല്ലതാണ്*.

🍱 വയറു നിറയെ ഭക്ഷണം കഴിച്ചിട്ട് മല കയറരുത്. മല കയറുന്നതിനു മുൻപും ഇടയ്ക്കുംലഘു ഭക്ഷണമേ  കഴിക്കാവൂ ..
ഭക്ഷണം , ജലം തുടങ്ങിയവ പുറത്തു നിന്ന് വാങ്ങുമ്പോള്‍ ശുചിത്വം ഉറപ്പാക്കണം.ഭക്ഷ്യ വിഷബാധ ഒഴിവാക്കണം.
വില്വാദി ഗുളിക കരുതുക .വയറിന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ കഴിക്കാവുന്നതാണ്.

'🔻തിരക്കില്‍ പെട്ട് വീഴാതിരിക്കാനും കൂട്ടം തെറ്റി പോകാതിരിക്കാനുമുള്ള ശ്രദ്ധവേണം .
🔻 അപസ്മാരം മുതലായ അസുഖങ്ങള്‍ ഉള്ളവര്‍ തങ്ങളോടൊപ്പം വരുന്നവരെ അക്കാര്യം മുന്‍കൂട്ടി അറിയിക്കുന്നത് പരിഭ്രാന്തി ഒഴിവാക്കും.മരുന്നുകള്‍ മുടങ്ങരുത്.

*5*🥗🥛യഥാസമയം ഭക്ഷണം കഴിക്കാനും ആവശ്യത്തിനു ശുദ്ധജലം കുടിക്കാനും മറക്കരുത് .

🔼മത്സ്യമാംസാദികളായ  ഭക്ഷ്യ വസ്തുക്കള്‍ , കൂടുതല്‍ എണ്ണ ചേര്‍ത്ത ആഹാരങ്ങള്‍, പഴകിയ ഭക്ഷണം തുടങ്ങിയവ ശീലിച്ചവരുടെ ശരീരം മലകയറ്റത്തിനു വഴങ്ങാന്‍ മടി കാണിച്ചേക്കാം.മദ്യം,
പുകവലി, പാൻ മസാലകൾ,മുതലായ ദുഃശീലങ്ങള്‍ സ്വതവേ ശരീരത്തിനു  ദോഷകരം.പോകുന്ന വഴിയ്ക്കാണെങ്കില്‍  കുളിയ്ക്കാനും മറ്റും തണുത്ത വെള്ളമേ കിട്ടാനിടയുള്ളൂ.വ്രതം നോക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനു പിന്നില്‍  ഇവയും കാരണമാണ്...


👨‍❤‍👨സമൂഹത്തില്‍ ,
മനുഷ്യര്‍ തമ്മിലുള്ള  സഹവര്‍ത്തിത്വവും സ്നേഹവും  സദ്സ്വഭാവവും അവശ്യം വേണ്ട കാര്യങ്ങളാണ്..വളരെ കാലം കൊണ്ടു തീരുന്ന ഒരു യാത്രയിലും അങ്ങനെ തന്നെ .ഒറ്റ ദിവസം കൊണ്ടു മലയ്ക്ക് പോയി വരുന്നവര്‍ക്കും, ജനത്തിരക്കിനിടയില്‍ മനഃസമാധാനത്തോടെ കഴിയാന്‍ ആ രീതി പഠിച്ചെടുക്കണം...

അസുഖക്കാര്‍ക്ക് വ്രതത്തില്‍ വിട്ടു വീഴ്ചകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
കുളിയുടെ കാര്യത്തില്‍ പോലും..

മനസിന്റെ ശുചിത്വം ശരീര ശുചിത്വം നല്കുന്നു എന്നു കല്‍പ്പിക്കപ്പെട്ടിരിക്കുന്നത് അവര്‍ക്ക് അനുവര്‍ത്തിക്കാം..പക്ഷേ , മനസ്സ് ശുചിയാകുന്നതിലൂടെ മാനസികാരോഗ്യം നേടുന്നതാണ് വ്രതത്തിന്‍റെ പ്രധാനോദ്ദേശ്യമെന്ന നിര്‍ദ്ദേശം , മടിയന്മാരുടെ മന്ത്രം മാത്രമായി മാറുന്നത് ഉചിതമല്ല...

🔼ഒരു പ്രവൃത്തി ഒരാളുടെ ശീലമാകാന്‍ 21 ദിവസം തുടര്‍ച്ചയായി അത് ചെയ്യണമെന്ന് മാക്സ് വെല്‍ മാള്‍ട്സ് എന്ന അമേരിക്കന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ പൊതുവേ അത് അംഗീകരിക്കപ്പെട്ടു.. എന്നാല്‍ അത് തീര്‍ച്ചയായും 40 ദിവസത്തിലധികം വേണമെന്ന് എല്ലാ മതങ്ങളും അഭിപ്രായപ്പെടുന്നു..അതില്‍ ഏതാണ് ശരി എന്നതിലും തര്‍ക്കം വേണ്ടല്ലോ.. ഒട്ടുമിക്ക വ്രതകാലവും 21 ദിവസത്തിൽ കൂടുതൽ തന്നെ. ഒരു മണ്ഡലകാലം (41 ദിവസം) അനുഷ്ഠിക്കുന്ന വ്രതമായതിലാണ് ശബരിമല വ്രതത്തിന് മണ്ഡലവ്രതം എന്ന് പറയുന്നത് .റംസാൻ വ്രതം 28 കഴിഞ്ഞാൽ ആഘോഷത്തിന് ശേഷം വീണ്ടും 10 ദിവസം തുടരാറുണ്ട്. ക്രിസ്തുമസിനോടനുബന്ധിച്ച് 25നോമ്പാണ് പതിവ് ... ഈസ്റ്ററിന് അത് അമ്പതാകുന്നു.

✅നാം സ്വയം പാലിക്കേണ്ട ചില സാമൂഹ്യ മര്യാദകൾ
...................................
1. 🤒ഏതെങ്കിലും പകർച്ചവ്യാധി പിടിപെട്ടിരിക്കുന്ന സമയത്തെ യാത്ര ഒഴിവാക്കുക .ഗുളികൾ കഴിച്ച് രോഗം അടക്കി നിർത്തിയാലും മറ്റുള്ളവർക്ക് പകരാനുള്ള സാധ്യത മറക്കാതിരിക്കുക.
പൂർണ്ണ ആരോഗ്യം വീണ്ടെടുത്തതിന് ശേഷം യാത്ര പോവുക
2.🗣 തുമ്മുമ്പോഴും ,ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും ,വായും ,അടച്ചുപിടിക്കുക.
3. നടന്നു പോകുന്ന വഴികളിൽ തുപ്പരുത്.
4. സ്നാന സ്ഥലങ്ങൾ മലമൂത്രങ്ങളാൽ വൃത്തിഹീനമാക്കരുത്.
🚽 ടോയ്ലറ്റ് സൗകര്യം തന്നെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുക.
5. മാലിന്യങ്ങൾ വഴിയിൽ വലിച്ചെറിയരുത്.
6. തിരക്കുകൂട്ടി ഉന്തി തള്ളി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്.
7. സംയമനം പാലിച്ചാൽ ശാന്തമായി സമാധാനമായി ഏവർക്കും യാത്ര
സഫലമാക്കാം.

8.കെട്ടുനിറ , തുണി ഉപയോഗിച്ച് കൃത്യമായി ചെയ്യുന്നവര്‍ക്ക് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടു പോകേണ്ടിവരാറുമില്ല.

9.പമ്പയില്‍ കറുപ്പ് വസ്ത്രം ഉപേക്ഷിക്കുന്ന നിയമവിരുദ്ധമായ ആചാരം ,പരിസ്ഥിതിക്കും ,ആരോഗ്യത്തിനും നന്നല്ല എന്നോർക്കുക.

👶കുഞ്ഞുങ്ങളുമായി പോകുന്നവർ

1. എപ്പോഴും ശ്രദ്ധ കൈവിടാതിരിക്കുക.

2. മാതാപിതാക്കളുടെ പേര് ,സ്ഥലം ,ഫോൺ നമ്പർ ഇവ കുട്ടികളെ നിർബന്ധമായും പഠിപ്പിച്ചിരിക്കണം.
3. കുട്ടികൾ ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ അത് കരുതിയിരിക്കണം .

📒 ഒരു ചെറിയ പുസ്തകത്തിൽ കുഞ്ഞിനെ ക്കുറിച്ചുള്ള വിവരങ്ങളും ,മാതാപിതാക്കളുടേയും ,ബന്ധുക്കളുടേയും ,
കൂടെ യാത്ര ചെയ്യുന്നവരുടേയും ഫോൺ നമ്പർ എഴുതി കുഞ്ഞിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുക .
യാത്രാവേളയിൽ
കുട്ടികളുടെ ദേഹത്ത് സ്വർണ്ണം ,വെള്ളി ഇവ കൊണ്ടുള്ള
ആഭരണങ്ങൾ  ഒന്നും തന്നെ ധരിപ്പിക്കരുത്.
കുട്ടികൾക്ക് കഴിക്കാനും ,കുടിക്കാനുമുള്ളത് കരുതുക .. വഴി നീളെ കാണുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങി നല്കരുത്.
ഇലയട ,കൊഴുക്കട്ട ,അരിയുണ്ട ,അവലോസുപൊടി മുതലായവ കൈയ്യിൽ കുറച്ച് കരുതിയിരിക്കുക ..

*വ്രതവും സാമൂഹ്യാരോഗ്യവും*

ആരോഗ്യമെന്നാല്‍ , പ്രത്യക്ഷത്തിലുള്ള അസുഖങ്ങള്‍ ഒഴിവായി നില്‍ക്കുന്ന അവസ്ഥയല്ല, പിന്നെയോ..?

ശാരീരികവും മാനസികവും സാമൂഹികവുമായി പൂര്‍ണ്ണമായി  സുസ്ഥിതിയില്‍ കഴിയുന്ന അവസ്ഥയാണതെന്ന് ലോകാരോഗ്യ സംഘടന നിര്‍വചിക്കുന്നു..

പുറത്തു വരാത്ത അസ്വാസ്ഥ്യങ്ങള്‍ പതിയിരിക്കുന്ന ശരീരമുള്ളവരും,മനസ്സില്‍ ദുഃഖമോ അതൃപ്തിയോ തങ്ങി നില്‍ക്കുന്നവരും സമൂഹവുമായി ഇടപെടാതെ മാറി നില്‍ക്കുന്നവരും
എല്ലാം ആരോഗ്യക്കുറവുള്ളവരാണ്..

മറ്റു കാലങ്ങളില്‍ അനുഷ്ഠിക്കുന്നവയ്ക്ക് വിപരീതമായി, വൃശ്ചികത്തില്‍ തുടങ്ങുന്ന മണ്ഡലവ്രതത്തിന് ഒരു സവിശേഷതയുണ്ട്...
ശരീരത്തിലെ ബലം കൂടി നില്‍ക്കുന്ന അവസ്ഥയില്‍ അതിന് അല്പം ഒരു ലംഘനം(ശോഷിപ്പിക്കല്‍) മനസ്സിനെ വേദനിപ്പിക്കാതെ തന്നെ ,നിയന്ത്രിതമായി നല്‍കി,  അങ്ങനെ ലഭ്യമാകുന്ന ഊര്‍ജ്ജത്തെ, വിഷയാസക്തിയിലേക്ക് പോകാതെ തിരിച്ചു വിട്ട് ,സമൂഹത്തിന്‍റെ പൊതു നന്മയിലേക്ക് എത്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് വ്രതങ്ങൾ ...
.....................................
*ശബരിമലയിലെ സർക്കാർ ആയുർവേദ ചികിത്സാ സൗകര്യങ്ങൾ* 🏥

ശബരിമലയിലെ സന്നിധാനത്തും പമ്പയിലും എരുമേലിയിലും സർക്കാർ ആയുർവേദ ഡിസ്പെൻസറികൾ സീസൺ മുഴുവനും പ്രവർത്തിക്കുന്നുണ്ട്.
കോട്ടയത്ത് കടപ്പാട്ടൂരുമുണ്ട്  താല്‍ക്കാലിക ഡിസ്പെന്‍സറി .. സൗജന്യമായി ചികിത്സയും മരുന്നും ലഭിക്കുന്ന ഇവിടങ്ങളിൽ കേരള ഗവ:ആയുഷ് വകുപ്പിലെ Indian Systems of medicine (ഭാരതീയ ചികിത്സാ വകുപ്പ്) ലെ ഡോക്ടർമാർ, ഫാർമസിസ്റ്റുമാർ ,അറ്റൻഡർമാർ തുടങ്ങിയ ജീവനക്കാരാണ് അഹോരാത്രം സേവനം ചെയ്യുന്നത്. ശബരിമല മണ്ഡലകാലത്തിൽ മാത്രമല്ല എല്ലാ മാസവും നട തുറക്കുന്ന ദിനങ്ങളിൽ ഈ സംവിധാനങ്ങളും പ്രവർത്തനക്ഷമമാണ്. അയ്യപ്പ ദർശനത്തിനെത്തിയവർക്കു പുറമേ പോലീസുകാരടക്കമുള്ള ദിവസങ്ങളോളം ഈ കാലാവസ്ഥയിൽ തുടരുന്ന ജീവനക്കാരും ഈ ഡിസ്പെൻസറികളെ ആശ്രയിക്കാറുണ്ട്.

അന്യസംസ്ഥാനങ്ങൾ വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വരുന്നവരിൽ പലരും ആയുർവേദത്തെ ക്കുറിച്ച് കൂടുതലറിയാൻ ഈ ഡിസ്പെൻസറികളെ ഉപയോഗപ്പെടുത്തുന്നുമുണ്ട്.

പ്രകൃതിയോടിണങ്ങിയ ജീവിതം ശീലമാക്കുന്ന മണ്ഡല വ്രത കാലത്ത്,

പ്രകൃതിയോട് ചേർന്ന വൈദ്യശാസ്ത്രമായ ആയുർവേദവും പിന്തുടരാം......... ..
ഏവർക്കും ആരോഗ്യ പ്രദമായ ഒരു തീർത്ഥാടന കാലം നേർന്നു കൊണ്ട് ...
Concept
Dr .Rajesh .P
Creative contributors
Team Info

@ Info Drs Ayurveda FBPage .

Comments

Popular posts from this blog

വൈദ്യഭൂഷണം രാഘവൻ തിരുമുല്പാട്

ചേന .. Heath thy kitchen e Sunday

മത്ത നില .. Dr .Shahid ഇലയും കറിയും