ആർത്തവവേദന കുറയ്ക്കാം ആയുർവേദത്തിലൂടെ

*വേദനാരഹിതമീ ആർത്തവകാലം* 💃

"വല്ല്യ കുട്ടിയായില്ലേ അവള് ''👩

ആദ്യമായി ആർത്തവം വന്നാൽ പെൺകുട്ടി വലുതായെന്നാണ് നാട്ടു സംസാരം.
     
   പെൺകുട്ടികൾക്ക് ആരോഗ്യത്തിൽ ഒരല്പം കൂടുതൽ കരുതൽ കൊടുക്കേണ്ട സമയമായി എന്നറിയിച്ചു കൊണ്ട് എത്തുന്നതാണ് ഓരോ ആർത്തവകാലവും.
മുൻ കാലങ്ങളിൽ 13 വയസിനും 16 വയസിനും ഇടയിൽ സംഭവിക്കുന്ന പ്രായമാകൽ ,അഥവാ ആദ്യ ആർത്തവം ഇപ്പോൾ 10 വയസിനും 13 വയസിനും ഇടയിൽ സാധാരണമായി സംഭവിക്കുന്നു.
ആ ദിവസങ്ങളെ ശാരീരികമായും ,
മാനസികമായും ,സാമൂഹികമായും എങ്ങനെ നേരിടണം എന്ന തിരിച്ചറിവാകുന്നതിന് മുൻപ് തന്നെ ആർത്തവം ആരംഭിക്കുന്നു.
ശുചിത്വം ,
സുരക്ഷിതത്വം ഇവയെക്കുറിച്ചൊക്കെ ക്ലാസുകൾ നല്കി ബോധവല്ക്കരിക്കാൻ സാധിക്കുന്നുണ്ടെങ്കിലും ,ഈ സമയത്തെ വേദനയ്ക്ക് പരിഹാരം കണ്ടെത്താൻ പലപ്പോഴും സാധിക്കാതെ വരുന്നു.
തലചുറ്റലും,
ക്ഷീണവും ,ഛർദ്ദിയും ഒക്കെ കുട്ടികളെ ആശുപത്രിയിലേക്കും വേദനാസംഹാരികളുടെ ഉപയോഗത്തിലേക്കും കൊണ്ടെത്തിക്കുന്നു.
ഓരോ ആർത്തവകാലവും ചിട്ടയായ ജീവിത രീതിയിലൂടെയും ,ഭക്ഷണത്തിലൂടെയും എങ്ങനെ ആയാസരഹിതമാക്കാം / വേദനാ രഹിതമാക്കാം എന്നാണ് ഇത്തവണ Info Drs Ayurveda FB പേജിലൂടെ Dr. Asmabi Mangalath നിങ്ങളോട് പറയുന്നത്. ..

ആർത്തവം ഒരു പേടി  സ്വപ്നമോ⁉ ഒരു അനുഭവം 👧

പത്താം ക്ലാസിൽ പഠിക്കുന്ന മിടുക്കിക്കുട്ടിയാണ് ഗൗരി. അവളുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നതു പോലെയായിരുന്നു ആ പ്രശ്നം അവളെ അലട്ടിക്കൊണ്ടിരുന്നത്. അതിനേക്കാൾ ആശങ്കാകുലരായിരുന്നു അച്ഛനമ്മമാർ "പരീക്ഷക്കിടയിലെങ്ങാൻ ആർത്തവം വന്നു പോയാൽ ഞങ്ങളുടെ മോൾക്ക്  പരീക്ഷ എഴുതാൻ പോലും കഴിയില്ലല്ലോ ഡോക്ടർ....!!! " അസഹ്യമായ വേദന കൊണ്ട് തല ചുറ്റി വീഴാറാണ് പതിവ്, വേദനയോടൊപ്പം ഛർദ്ദിയും കൂടി ആവുമ്പോൾ കൂടെയിരുന്ന് കരയുകയല്ലാതെ ഒന്നും ചെയ്യാനാവുന്നില്ല." അവരുടെ നിസ്സഹായാവസ്ഥ കൂടി കാണുമ്പോൾ ഗൗരിയുടെ കണ്ണുകളിലെ ചുറുചുറുക്കും  ആത്മവിശ്വാസവും ചോർന്നു പോകുന്ന പോലെ ❗
         
        വളരെയധികം സമ്മർദ്ദത്തോടു കൂടിയ പഠന ഭാരം, ട്യൂഷൻ, കോച്ചിങ്ങ് ക്ലാസുകൾ ഇവയുടെ ഓട്ടത്തിനിടയിൽ ടോയ്ലറ്റിൽ പോകാൻ പോലും മറന്നു പോകുന്നു ഗൗരി.... മലബന്ധം, നെഞ്ചെരിച്ചിൽ തുടങ്ങിയവ കൂട്ടുകാരായി മാറിയിരിക്കുന്നു. രാവിലെ സ്കൂളിൽ പോയാൽ തിരിച്ചു വീട്ടിലെത്തിയാൽ മാത്രമേ മൂത്രം പോലും ഒഴിക്കുകയുള്ളൂ എന്ന ശീലം അടിക്കടിയുള്ള മൂത്രക്കടച്ചിലും മൂത്രപ്പഴുപ്പും തലവേദനയായി മാറിക്കൊണ്ടിരിക്കുന്നു അവൾക്ക്. യാതൊരു വിധ വ്യായാമമോ കളികളോ ഇല്ലാതെ ഒതുങ്ങിക്കൂടുന്ന ദിനചര്യകൾ..... ഇവയ്ക്കിടയിൽ വേദനയോടെ അവതരിക്കുന്ന ഓരോ ആർത്തവവും പേടി സ്വപ്നം പോലെയായിക്കഴിഞ്ഞു അവൾക്ക്......❗
            മരുന്നിനേക്കാൾ പ്രധാനമാണ് ജീവിത രീതികളിൽ, ദിനചര്യ കളിൽ അല്പം മാറ്റം വരുത്തേണ്ടത് എന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുത്ത് ,മലബന്ധത്തിനും മറ്റ് ശാരീരിക പ്രയാസങ്ങൾക്കുമുള്ള  ഔഷധങ്ങളും  ഭക്ഷണക്രമങ്ങളും വ്യായാമവും കൃത്യമായി  പാലിക്കാൻ നിർദേശിച്ചു. വളരെ ആത്മവിശ്വാസത്തോടെ ,പ്രതീക്ഷയോടെ അവർ തിരിച്ചുപോയി.
ഗൗരി പഠനത്തോടൊപ്പം അരമണിക്കൂറെങ്കിലും സൈക്ലിംഗ്, യോഗ, സ്കിപ്പിംഗ്,
ബാറ്റ്മിന്റൺ തുടങ്ങിയവയിൽ ഏതിലെങ്കിലുമായി ഏർപ്പെട്ടു . കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കാനും മടികൂടാതെ വെള്ളം കുടിക്കാനും മൂത്രം ഒഴിക്കാനും   ശീലിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ ഗൗരിയുടെ വേദന കുറഞ്ഞു വന്നു. അച്ഛനമ്മമാരുടെ മുഖത്തും ആ സന്തോഷം പ്രതിഫലിച്ചു.
         
          *ആർത്തവം എന്നാൽ*🙇‍♀

       ഓരോ മാസവും ഹോർമോണുകളുടെ പ്രവർത്തന ഫലമായി  അണ്ഡാശയത്തിൽ നിന്ന്  അണ്ഡം (ovum ) ഉണ്ടാവുകയും .. 14-ാം ദിവസം അണ്ഡവിസർജനം നടക്കുകയും ഹോർമോണുകളുടെ പ്രവർത്തനഫലമായി ഗർഭാശത്തിനുള്ളിലെ കോശസ്തരത്തിൽ രക്തം നിറഞ്ഞ വലപോലെ ഒരു സ്തരം   രൂപപ്പെടുകയും ചെയ്യുന്നു.

 ഗർഭധാരണം സംഭവിച്ചില്ലായെങ്കിൽ
(കണ്ണ് നട്ട് കാത്തിരുന്നിട്ടും അണ്ഡത്തിനടുത്തേക്ക് ഒരു ബീജം -Sperm- എത്താതിരുന്നാൽ )

ഗർഭാശയത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തത്തോടു കൂടി ഈ സ്തരം പുറത്ത് പോവുകയും ചെയ്യുന്നു. ഇതാണ് ആർത്തവ രക്തം.ആർത്തവ രക്തത്തിൽ ചെറിയ കട്ടി ഭാഗങ്ങളായി കാണുന്നത് ഈ സ്തരമാണ്.....
ഗർഭാശയ സങ്കോചത്തിന്റെ ഏറ്റക്കുറച്ചിലുകളും ,
ഗർഭാശയത്തിന്റേയും വ്യക്തിയുടെയും ആരോഗ്യവുമാണ് പലപ്പോഴും വേദനയുടേയും അനുബന്ധ വികാരങ്ങളുടേയും ഏറ്റക്കുറച്ചിലിന് കാരണം. ആർത്തവ വേദനയ്ക്ക് ഒരു പരിധി വരെ കാരണം  prostaglandins ന്റെയും ,Leukotriens ന്റെയും ആധിക്യമോ ,അസന്തുലിതാവസ്ഥയോ ആണ്.
 ഗർഭാശയത്തിലെ രക്തക്കുഴലുകളുടെ സങ്കോചത്തിന് കാരണമാകുന്ന ഇവ ഗർഭാശയ ഭിത്തിയുടെ അമിത സങ്കോച ത്തിനും തദ്വാരാ വേദനയ്ക്കും കാരണമാകുന്നു. പ്രോസ്റ്റാഗ്ലാൻഡിൻ സിന്റെ സാന്നിദ്ധ്യമാണ് ആർത്തവത്തിനോടനുബന്ധിച്ചുള്ള ഓക്കാനം ,തലകറക്കം, തലക്കനം ഇവക്ക് കാരണമാകുന്നതും .
           
       ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതി വേദന ഉണ്ടാകുന്ന  അവസ്ഥയാണ് Dysmenorrhoea.
ആർത്തവ വേദനകളെ പ്രൈമറി / സെക്കൻഡറി എന്നിങ്ങനെ രണ്ടായി തിരിക്കാം ....

  1) ഗൗരിയെപ്പോലെ
ആർത്തവ ദിനത്തിൽ ഉണ്ടാകുന്ന ശക്തമായ വയറുവേദന, കാലു വേദന,  ഓക്കാനം, ഛർദി, തലചുറ്റൽ തുടങ്ങിയവ അനുബന്ധമായുള്ളത്. അത് ആർത്തവം ആരംഭിക്കുമ്പോൾ തുടങ്ങുകയും കുറച്ചു മണിക്കൂറുകൾ കഴിയുമ്പോൾ കുറഞ്ഞു വരികയും ചെയ്യുന്നു. മിക്കവാറും കൗമാരപ്രായക്കാരായ പെൺകുട്ടികളിലും ചുരുക്കം ചില മുതിർന്നവരിലും കാണപ്പെടുന്നത് ഇത്തരത്തിലുള്ള *Spasmodic (Primary) dysmenorrhoea*  എന്ന വിഭാഗമാണ്.

 പ്രത്യേകിച്ച് വ്യക്തമായ മറ്റു രോഗങ്ങളുടെ അകമ്പടി ഒന്നുമില്ലാതെ
Prostaglandin ന്റെ അസന്തുലിതാവസ്ഥയും നമ്മുടെ ജീവിതചര്യയിലെ ക്രമക്കേടുകൾ കാരണമായും ഉണ്ടാകുന്നതാണ് പ്രഥമ ആർത്തവ വേദന .പ്രായമേറുമ്പോഴും ,പ്രസവത്തോടെ യും ഈ വേദന കുറഞ്ഞു വരികയും ,തീരെ ഇല്ലാതാവുകയും ചെയ്യാറുണ്ട്.
വേദനാസംഹാരികൾക്ക് പുറകെ പോകാതെ ജീവിതം ക്രമപ്പെടുത്തുകയാണ് വേണ്ടത്.
മുൻ കാലങ്ങളിൽ ആദ്യ ആർത്തവ സമയത്ത് നല്കി വന്നിരുന്ന മുട്ട / നല്ലെണ്ണ ,മഞ്ഞളും എള്ളെണ്ണയും ചേർത്ത ചോർ ,ഇവയൊക്കെ ആർത്തവ വേദന കുറയ്ക്കാൻ ഹിതകരമാണ്.
തീണ്ടാനാഴി എന്നറിയപ്പെടുന്ന മുക്കുറ്റി സമൂലം കുറുക്കി നല്കുന്നത് പണ്ട് പതിവായിരുന്നു.
ആർത്തവ രക്തം കൂടിയാലും കുറഞ്ഞാലും ചെമ്പരത്തിപ്പൂവ് ഔഷധമായി തൊടിയിലുണ്ടായിരുന്നു. മലതാങ്ങിയും, ബലിപ്പൂവും( ചെറൂള ),കുറുക്കി നല്കിയിരുന്ന തലമുറ വിസ്മൃതിയിലായി.
പാവയ്ക്ക നീര് തേൻ ചേർത്ത്  കഴിച്ചാൽ കുറയുന്ന ആർത്തവ വേദനക്ക് എന്തിനാണ് വേദനാസംഹാരി ഗുളികകൾ?.

  2) സെക്കൻഡറി ഡിസ്മെനോറിയ. അഥവാ വില്ലനാകുന്ന വേദന.

ആർത്തവമാകുന്നതിന്റെ 5 - 6 ദിവസങ്ങൾക്കു മുമ്പേ തുടങ്ങുകയും വേദന വർദ്ധിച്ചു വരികയും ചെയ്യുന്ന അവസ്ഥയാണ്  *congestive (secondary) dysmenorrhoea*. ഇത്തരം വേദനകൾ ഉണ്ടാകുമ്പോൾ അതിനോടനുബന്ധിച്ച് ഗർഭാശയ രോഗങ്ങൾക്കുള്ള സാധ്യത കൂടുതൽ ആയതിനാൽ വൈദ്യ പരിശോധനയിലൂടെ രോഗാവസ്ഥ ഉണ്ടോ ഇല്ലയോ എന്ന്  ഉറപ്പു വരുത്തി  ഉചിതമായ ഔഷധങ്ങൾ കഴിക്കേണ്ടതാണ്. *ഗർഭാശയ മുഴകൾ ( Uterine Fibroids) അണ്ഡാശയ മുഴകൾ ( Ovarian cyst, tumours) അഡിനോമയോസിസ്, എന്റോമെട്രിയോസിസ്, അണുബാധ (Pelvic inflammatory diseases)തുടങ്ങിയവ ഇത്തരത്തിലുള്ള വേദനയ്ക്ക് കാരണമാവാറുണ്ട്.*
                  വളരെ ദു:ഖകരമായ  അവസ്ഥ മാസത്തിൽ പകുതിയിലധികം ദിവസങ്ങളോളം വേദന അനുഭവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട് എന്നുള്ളതാണ് . 15 മുതൽ 20 എണ്ണം വരെ  വേദനസംഹാരികൾ മാസം തോറും കഴിക്കേണ്ട സാഹചര്യവും അനുഭവപ്പെടുന്നവരുണ്ട്. മിക്കവാറും വന്ധ്യത പോലെയുള്ള പ്രശ്നങ്ങൾക്കും ഇവ കാരണമായി മാറുന്നു.
     *നമ്മുടെ സൗകര്യ ങ്ങൾക്കനുസരിച്ച് ഹോർമോൺ ഗുളികകൾ കഴിച്ച് മാറ്റി വയ്ക്കുന്ന ആർത്തവങ്ങൾ വീണ്ടും വരുമ്പോൾ ശക്തമായ വേദനയോട് കൂടിയും രക്ത സ്രാവം അധികമായും കണ്ടു വരുന്നുണ്ട്*.

ആർത്തവമെത്തും മുമ്പേ ......💀

*ആർത്തവത്തിന് മുൻപേ തുടങ്ങുന്ന പ്രശ്നങ്ങൾ*
or
Premenstrual Syndrome (PMS)

     പതിവില്ലാത്ത രീതിയിൽ പെട്ടെന്ന് ദേഷ്യപ്പെടുകയോ ,ചെറിയ രീതിയിൽ വഴക്കുപറയുമ്പോൾ തന്നെ വിങ്ങിക്കരയുകയോ ചെയ്യുമ്പോൾ ഈ കൊച്ചിനിത് എന്ത് പറ്റി എന്ന് നമ്മൾ അന്ധാളിക്കുമ്പോൾ
 ഒരാൾ പറഞ്ഞു തരുമായിരുന്നു "അതീ പ്രായത്തിൽ ഉള്ളതാ, ഈ സങ്കടവും ദേഷ്യവുമൊക്കെ." അന്ന് നിരീക്ഷണബുദ്ധിയോടെ നമുക്ക് ചുറ്റും ഉണ്ടായിരുന്ന സ്നേഹാർദ്രനയനങ്ങ
ൾ ഇപ്പോൾ വൃദ്ധസദനങ്ങളിൽ ആയത് കാലത്തിന്റെ തെറ്റ്.

മാസമുറയ്ക്ക് മുമ്പ് അനുഭവപ്പെടുന്ന ദേഷ്യം, വാശി, ചെറിയ കാര്യങ്ങൾക്ക് സങ്കടം, പിണക്കം, കരച്ചിൽ, തലവേദന തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന Pre menstrual syndrome പലരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിന്റെ വൈകാരികത കുടുംബ സാമൂഹിക ബന്ധങ്ങളിൽ വരെ ചില്ലറ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നവയാണ്.
     മാനസിക വൈകല്യം നേരിടുന്ന ചില സ്ത്രീകളിൽ PMS  ഭയപ്പെടുത്തുന്നതും ഒപ്പം കരളലയിക്കുന്നതുമായ അനുഭവമാണ്. സ്വന്തം ശരീര ഭാഗങ്ങൾ വരെ കടിച്ചു മുറിച്ച് കൂടെയുള്ളവരെ ഉപദ്രവിച്ചു പോകുന്ന ദയനീയാവസ്ഥ. ആർത്തവാരംഭത്തോടെ ഏറെക്കുറെ ശാന്തരാകുന്നു ഇവർ......❗
ഈ ദേഷ്യവും ,
സങ്കടവും ,വാശിയും ആർത്തവ മുന്നോടിയായി വരുന്നതാണെന്ന് വീട്ടിലുള്ളവരും ,ചുറ്റുമുള്ളവരും മനസ്സിലാക്കിയാൽ  പല വഴക്കുകളും വീട്ടിൽ ഒഴിവാക്കാൻ സാധിക്കും.

*ആർത്തവ വേദനയിലെ ആയുർവേദം*📚
ഉദരഭാഗത്ത് മാത്രമല്ലാതെ
ശ്രോണീഫലകത്തിലും ത്രികാസ്ഥിയിലും ഊരുക്കളിലും കൂടിആർത്തവ വേദന വ്യാപിക്കുന്നതാണ്. കട്ടിയായ ഒരു കഷണം രക്തം കൊണ്ടു ഗർഭാശയഗളം (Cervix) രോധിക്കപ്പെടുകയോ, ഗർഭാശയഭിത്തികൾക്ക് പേശീ സങ്കോചം (contractioന of Muscular wall) ഉണ്ടാകുകയാണ് സാധാരണമായി ഈ വേദനയ്ക്കു കാരണം.
അപാന വൈഗുണ്യത്താലാണ് വേദനയുണ്ടാകുന്നത്.അതിനാകട്ടെ ആർത്തവ സമയത്തല്ല ചികിത്സ നൽകേണ്ടത്.ഈ പ്രയാസം അനുഭവിക്കുന്നവർ
ഒരു ആർത്തവം കഴിയുന്നതു മുതൽ അടുത്ത ആർത്തവം കഴിയുന്നതുവരേയ്ക്കും ഔഷധങ്ങൾ സേവിക്കണം.ഏതാനും ദിവസം നടുവിനും അടിവയറ്റിലും ഉപ്പും പുളിയിലയും ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി കൊടുക്കുന്നത് നല്ലതാണ്.
പാണ്ഡുത്വത്തിലാകട്ടെ (Anaemia ) രക്തത്തിന്റെ ഘടനാ പരമായ വൈകൃതം കൊണ്ട് രക്തസ്രുതി സുഗമമാകുകയില്ല'.ഇവിടെ രക്ത പരിശോധന അനിവാര്യമാണ്. രക്തക്കുറവ് പരിഹരിക്കാൻ ഔഷധം കഴിക്കുകയാണ്  വേണ്ടത്.ഒരേ ഇരുപ്പിൽ ഇരുന്നു ജോലി ചെയ്യുന്നവർക്കും വായു രോധവും മലബന്ധവും സാധാരണമായിരിക്കും.ഇവിടെയും ആർത്തവ ശൂലയ്ക്കു കാരണം അപാനരോധമാണ്.
 *ഇതിലൊക്കെ ഉപരി  പ്രഭാതത്തിലും സായാഹ്നത്തിലും പവനമുക്താസനം ചെയ്യുന്നത്  നല്ലതാണ്.*
  തൊടിയിലെ കുഞ്ഞു ചെടിയായ മുക്കുറ്റി മുതൽ സ്ത്രീ ശോകം അകറ്റുന്ന അശോകം വരെ ആയുർവേദത്തിന്റെ പരിലാളന നമുക്ക് ദർശിക്കാനാകും.
ആർത്തവ വേദനയും ,
ക്രമം തെറ്റിയ ആർത്തവവും ,PCOD യും ,ആർത്തവരക്തത്തിന്റെ ഏറ്റക്കുറച്ചിലുകളും ഒക്കെ കൃത്യമായ ആയുർവേദ ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്നതാണ്.

*ആർത്തവ സമയത്തെ പ്രശ്നങ്ങളെ ലഘൂകരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം*❓

ആർത്തവത്തോടനുബന്ധിച്ച് ലഘുവായും ദഹിക്കാൻ എളുപ്പമുള്ളതുമായ ഭക്ഷണം ശീലമാക്കുക.

♦ ആർത്തവ സമയങ്ങളിൽ പാൽക്കഞ്ഞി, യവം കൊണ്ടുള്ള കഞ്ഞി, റാഗിക്കുറുക്ക് (കൂവരക്) തുടങ്ങിയവ ഉപയോഗിക്കുക.

♦  എണ്ണയിൽ വറുത്തു കോരിയതും മസാലകൾ ധാരാളമായി ചേർത്തതും ആയ ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയവ മലബന്ധം ഉണ്ടാക്കുന്നവ ആകയാൽ ഒഴിവാക്കുക.

♦നാരുകൾ അടങ്ങിയ പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

♦ഓരോ തവണത്തെ മാസമുറയിലും സംഭവിക്കുന്ന രക്തസ്രാവം മൂലം കൂടുതൽ ക്ഷീണം, വിളർച്ച എന്നിവ സംഭവിക്കാതിരിക്കാൻ മാതളപ്പഴം, ഉണക്കമുന്തിരി, പേരയ്ക്ക, പപ്പായ, ചീരയില, റാഗി, എള്ള്, ശർക്കര തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

♦ എരിവ്, പുളി, ചവർപ്പ്, ഉപ്പ് അമിതമായി ഉപയോഗിക്കാതിരിക്കുക.

♦ മലമൂത്ര വേഗങ്ങളെ തടഞ്ഞു വയ്ക്കാതെ യഥാവിധി പ്രവർത്തിപ്പിക്കുക.

♦ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക.

♦ ആർത്തവ സമയത്ത് കഠിനവും ആയാസമുള്ളതുമായ ജോലികൾ, കൂടുതൽ സമയം ഇരുന്നുള്ള യാത്ര, ലൈംഗിക ബന്ധം തുടങ്ങിയവ ഒഴിവാക്കുക.

♦Menstrual cup, Tampoon അധികം ഉപയോഗിക്കാതിരിക്കുക. കൂടുതൽ സമയം രക്തം ഉള്ളിൽ കെട്ടി നിർത്തുമ്പോൾ retrograde menstruation നും അതുവഴി endometriosis പോലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കാം.

♦ കൃത്യമായ
ഇടവേളകളിൽ  ( 3-4 മണിക്കൂർ) പാഡ്, തുണി മാറ്റുന്നതിന് ശ്രദ്ധിക്കുക.
 
        ശുചിത്വ ശീലങ്ങൾക്ക് വളരെ പ്രാധാന്യം നൽകേണ്ടതാണ് ആർത്തവ  സമയത്ത്.  വെള്ളം കുടിക്കാനും മൂത്രം ഒഴിക്കാനും മടി കാണിക്കുന്നവരിൽ ആർത്തവ രക്തത്തിൽ സ്വാഭാവികമായും അടങ്ങിയിരിക്കുന്ന bacteria , പുറമേ നിന്നുള്ള അണുബാധ തുടങ്ങിയവ മൂത്രസഞ്ചിയിലെത്തി കൂടെ കൂടെ അടിവയറു വേദന, മൂത്രപ്പഴുപ്പ്, വെള്ള പോക്ക് തുടങ്ങിയവയ്ക്ക് കാരണമായിത്തീരുന്നു. കാലക്രമേണ മറ്റ് പ്രത്യുത്പാദന അവയവങ്ങളെ ബാധിച്ച് (PID) വേദനയോട് കൂടിയ ആർത്തവം സംഭവ്യമാകുന്നു. അണ്ഡവാഹിനിക്കുഴലുകളുടെ സ്വാഭാവിക അവസ്ഥകൾക്ക് മാറ്റം വരികയും വന്ധ്യതയ്ക്ക് വരെ കാരണമായേക്കാവുന്നതുമാണ്. സമയാസമയങ്ങളിൽ പാഡ് മാറ്റാനും വൃത്തിയാക്കാനുമുള്ള  സൗകര്യം ഉറപ്പു വരുത്തുന്നതിലൂടെ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ ശ്രമിക്കാം.
         ഇത്തരം പ്രശ്നങ്ങൾ മൂലം ആർത്തവ ദിനങ്ങൾ അസഹനീയമായിത്തീരുമ്പോഴും വേദന സംഹാരികൾക്ക് അടിമപ്പെടാനുള്ളതല്ല കൗമാരവും യൗവനവും. വിദ്യാർത്ഥിനികൾക്കിടയിൽ ഭക്ഷണം പങ്കുവയ്ക്കുന്ന  ലാഘവത്തോടെ  ഇത്തരം വേദനാസംഹാരി ഗുളികകൾ പങ്കു വെയ്ക്കുന്ന പ്രവണതയുണ്ട്. ഡോക്ടർമാരുടെ യോ,ആരോഗ്യ പ്രവർത്തകരുടെയോ
ഉപദേശത്തിലല്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കരുത്.

സ്കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി പലയിടത്തും ഇപ്പോൾ നഴ്സുമാരുടെ സേവനം ലഭ്യമാണ്.

പ്രധാന വില്ലൻ വേദനയാണെങ്കിലും കാരണങ്ങൾ വ്യത്യസ്തമായിരിക്കും. അതിനുള്ള ശാസ്ത്രീയമായ ചികിത്സ താമസം വിനാ സ്വീകരിക്കുക എന്നതോടൊപ്പം ജീവിത ഭക്ഷണശൈലികളിൽ കാര്യക്ഷമമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക എന്നതും ആർത്തവാനുബന്ധമായ  ശാരീരിക മാനസിക പ്രയാസങ്ങളെ തരണം ചെയ്യാൻ അനിവാര്യമാണ്.

*സർക്കാർ / വകുപ്പുതല പ്രവർത്തനങ്ങൾ*🏥

കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുക എന്നതോടൊപ്പം തന്നെ ആരോഗ്യമുള്ള തലമുറയ്ക്ക് ജൻമം നൽകുവാൻ ഋതുമതിയായ പെൺകുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഭാരതീയ ചികിത്സാ വകുപ്പ് ആവിഷ്കരിച്ച പ്രത്യേക ചികിത്സാ പദ്ധതിയാണ് ഋതു .

💡കഴിഞ്ഞ 5 വർഷമായി വിവിധ ജില്ലകളിൽ ഈ പ്രോജക്റ്റ് നടപ്പിലാക്കി വരുന്നു .

 
🏣കൊല്ലം, മലപ്പുറം , തൃശൂർ , കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഋതു പ്രോജക്റ്റ് നടത്തി വരുന്നു .

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക

📲ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറേറ്റ് 0471 2334790

📲ജില്ലാ മെഡിക്കൽ ഓഫീസർ (ism) കൊല്ലം . 04742763044

📲ജില്ലാ മെഡിക്കൽ ഓഫീസർ (ism) തൃശ്ശൂർ 04872334313

📲 ജില്ലാ മെഡിക്കൽ ഓഫീസർ (ism) മലപ്പുറം
0483 2734852

📲 ജില്ലാ മെഡിക്കൽ ഓഫീസർ (ism) കണ്ണൂർ 04972700911

*ചില സംശയങ്ങൾ*🤔
1. ആർത്തവ ദിനങ്ങളിൽ കുളിക്കാമോ❓

    ഇളം ചൂടുവെള്ളത്തിൽ രണ്ടു നേരം കുളിക്കുകയോ ,മേലു കഴുകുകയോ നിർബന്ധമായും ചെയ്തിരിക്കണം .

2. സാനിറ്ററി പാഡുകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ ❓
  കോട്ടൺ / പരുത്തിയിൽ കലരുന്ന പ്ലാസ്റ്റിക്കിന്റെ അംശം /
പരുത്തിയിൽ തളിക്കുന്ന കീടനാശിനി മുതലായവ യോനീ രോഗങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നെങ്കിലും വ്യക്തമായ പഠനങ്ങൾ ലഭ്യമല്ല.
ആദ്യ ദിനങ്ങളിലും രാത്രിയും പാഡുകൾ സൗകര്യപ്രദമാണ്. ദീർഘനേരം ഒരേ പാഡ് ഉപയോഗിക്കാതിരിക്കുക .
സ്കൂളിലും ,ഓഫീസിലും പോകുമ്പോൾ പാഡ് മാറ്റി നിക്ഷേ പിക്കാൻ സ്ഥലമില്ല എന്ന് പറഞ്ഞ് ഒഴിയാതെ ,ഉപയോഗിച്ച നാപ്കിൻ ഒരു പേപ്പറിൽ പൊതിഞ്ഞ്  ചെറിയ കവറിലാക്കി വീട്ടിൽ കൊണ്ട് വന്ന് നശിപ്പിക്കുക.
വീട്ടിലായിരിക്കുമ്പോൾ തുണികൊണ്ടുള്ള നാപ്കിൻ കഴിയുന്നതും ഉപയോഗിക്കുന്നത് ചർമ്മത്തിനും ,
പ്രകൃതിക്കും നന്ന്.

മാസക്കുളി ആകുന്നതിന് തൊട്ട് മുൻപ് വയറിളക്കുന്നത് /മലം നന്നായി അയഞ്ഞ് പോകുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുന്നത്
വേദന കുറയാൻ സഹായകരമാകും .
ചെറുചൂടുവെള്ളം കുടിക്കുക .ചെറുചൂടുള്ള ഭക്ഷണം കഴിക്കുക.

*കുടുംബാംഗങ്ങളോട്*👨‍👩‍👧‍👧

കല്യാണം കഴിഞ്ഞ് ആദ്യമാസങ്ങളിൽ

പ്രിയതമയുടെ ആർത്തവ വേദന പ്രശ്നങ്ങളിൽ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ചില ഭർത്താക്കൻമാരുണ്ട്.

ഭർത്താവ് ഒപ്പമുണ്ട്, എന്ന രീതിയിലുള്ള പെരുമാറ്റമാണ് അന്നേരങ്ങളിൽ ആർത്തവക്കാരി പ്രതീക്ഷിക്കുന്നത് എന്ന് മനസിലാക്കണം.

ഇത്രയൊക്കെ പുരോഗതി പ്രാപിച്ചിട്ടും ഈ സമയങ്ങളിൽ കുട്ടികളെ തനിച്ച് ഒരു മുറിയിൽ കിടത്തുന്ന നാഗരികരും ,പുറത്ത് കുടിൽ കെട്ടി താമസിപ്പിക്കുന്ന ഊരുകളും ഇന്നും നിലവിലുണ്ട്. രോഗമോ ,പകർച്ചവ്യാധിയോ ,ഒന്നുമല്ലാത്തതും ,മലമൂത്ര വിസർജ്യങ്ങളെപ്പോലെ മലിനമല്ലാത്തതുമായ ഈ ആർത്തവ രക്തത്തെ ഇത്ര അറപ്പോടെ മാറ്റി നിർത്തേണ്ട കാര്യമില്ല .
നമുക്കൊപ്പം സുരക്ഷിതരായി അവർ ഇരിക്കട്ടെ .ഒട്ടും പറ്റാത്തവർ കിടപ്പുമുറിയിൽ മറ്റൊരു കിടക്ക അവർക്കായി കരുതുക . *മാറ്റി നിർത്തുകയല്ല,ചേർത്തു നിർത്തുകയാണ് ഈ സമയത്ത് വേണ്ടത്* .

           ഒരു സ്ത്രീയുടെ ശാരീരിക മാനസിക സംഘർഷങ്ങളെ ഉൾക്കൊള്ളാൻ മക്കൾക്കും, അസ്വാഭാവികമായ മാറ്റങ്ങളിൽ താങ്ങാവാൻ ഭർത്താവിനും കൂടെയുള്ളവരുടെ പ്രയാസങ്ങൾക്കു നേരെ കണ്ണടക്കാതിരിക്കാൻ സഹപ്രവർത്തകർക്കും കഴിയുന്നതിലൂടെ  ആർത്തവ ദിനങ്ങൾ അവധി ദിനങ്ങളാവാതെ ആത്മവിശ്വാസത്തോടെ സ്വീകരിക്കാൻ ഓരോരുത്തരേയും പര്യാപ്തമാക്കട്ടെ.
    *അച്ഛനമ്മമാരെയും അധ്യാപകരെയും പരിഭ്രാന്തരാക്കാതെ ഓരോ കൗമാരവും പുഞ്ചിരി തൂകട്ടെ*‼
Dr MA  Asmabi.... @ Info Drs Ayurveda  FB Page

Comments

Popular posts from this blog

വൈദ്യഭൂഷണം രാഘവൻ തിരുമുല്പാട്

ചേന .. Heath thy kitchen e Sunday

മത്ത നില .. Dr .Shahid ഇലയും കറിയും