രതി .... ലൈംഗിക പ്രശ്നങ്ങളിലെ ആയുർവേദ പരിഹാരം

*രതി*
*പ്രണയത്തിനാൽ   മാത്രമെരിയുന്ന ജീവന്റെ തിരി*
Info Drs Ayurveda FBPage
AN # 85
................................

*പരസ്യ ചികിത്സ* 📜

           ശേഷിക്കുറവ് ,
ശീഘ്രസ്ഖലനം ,
വലിപ്പക്കുറവ്, വന്ധ്യത ,താല്പര്യക്കുറവ് തുടങ്ങിയ എല്ലാ രഹസ്യരോഗങ്ങൾക്കും XYZ ക്ലിനിക്ക്  ......

 ഇത്തരം പരസ്യം
ബസ് സ്റ്റാൻഡിലോ ,
ചുമരുകളിലോ കാണാത്തവർ ചുരുക്കം....

ഹെർബൽ വയാഗ്രയുടേയും ,
സഫേദ് മുസലിയുടേയും സാമ്പത്തിക വിജയത്തിന്റെ കഥ കേട്ടാൽ ശേഷിയില്ലാത്ത ഒരാളുപോലും നാട്ടിൽ ശേഷിക്കില്ല എന്ന് തോന്നും. ....😱

ലൈംഗിക പ്രശ്നങ്ങളിലേക്ക് ഒളിഞ്ഞു നോക്കാതെ, അടക്കം പറയാതെ,  ഒരല്പനേരം  നമുക്ക് നേരെ നോക്കി ഉറക്കെപ്പറയാം .....🤝

പ്രശ്നംപുരുഷനു മാത്രമോ?🙇🏿‍♂

ലൈംഗിക പ്രശ്നങ്ങൾ പുരുഷനുമാത്രമാണ് എന്നാണ് ഭൂരിഭാഗം മനുഷ്യരും ചിന്തിക്കുന്നത്.

ഉടനടി ഫലം തരുന്ന പല മരുന്നുകളും  പുരുഷന്മാർ
കടകളിൽ നിന്ന് നേരിട്ട് വാങ്ങുകയാണ് ചെയ്യുന്നത്.
അവയിൽ പലതും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയുമാണ്.
അതിൽ കൂടുതലും ആയുർവേദത്തിന്റെ പേരിലിറങ്ങുന്നതും ,
പാർശ്വഫലമില്ല എന്ന തോന്നൽ ജനിപ്പിക്കുന്നതുമാണ്.
പാർശ്വഫലമെന്നല്ല ഒരു ഫലവും ഇല്ലെന്നറിയുമ്പോൾ പോക്കറ്റ് പകുതിയായിട്ടുണ്ടാകും.

പുരുഷന്റെ കഴിവ് / കഴിവ് കേട് ഇതിൽ അധിഷ്ഠിതമായിരിക്കുന്നു ലൈംഗികത എന്നാണ് പൊതുധാരണ . എന്നാൽ അത് തീർത്തും തെറ്റാണ്. 90% ലൈംഗികതയെ നിയന്ത്രിക്കുന്നത് മാനസിക ഭാവങ്ങളാണ്.
 പങ്കാളികൾ തമ്മിലുള്ള പൊരുത്തം ,
മാനസിക അടുപ്പം , പരസ്പരമുള്ള
സ്നേഹം ,
പരസ്പരധാരണ ,
ഇഷ്ടങ്ങളിലെ സമാനത ഇവയൊക്കെ ഇതിനെ ബാധിക്കുന്ന ഘടകങ്ങളാണ്. ..

🐎കിടപ്പറയിലെ കുതിരശക്തിക്ക് എന്നതാണ്
ഒരു മരുന്നിന്റെ പരസ്യവാചകം.

ശരിക്കും മനസ്സെന്ന മാന്ത്രിക കുതിരയാണ് ഈ ശക്തിയുടെ യഥാർത്ഥ ഉറവിടമെന്ന് നമ്മളറിയണം.
( ഇവിടെയാണ് തട്ടിപ്പു മരുന്നുകൾ ഏതെങ്കിലും രീതിയിൽ വിജയക്കൊടി നാട്ടുന്നത്. മരുന്ന് കഴിച്ചത് കൊണ്ടുണ്ടാകുന്ന ആത്മവിശ്വാസമാണ് ഇതിൽ പ്രവർത്തിക്കുന്നത് ).

മുൻ വിധികളും ധാരണകളും കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്.

  *പുരുഷലൈംഗിക പ്രശ്നങ്ങൾ* 🙇🏼‍♂

♦ ഉദ്ധാരണശേഷി ഇല്ലായ്മ ..Erectile Dysfunction

  ഏതാണ്ട് 12% ലേറെ പുരുഷന്മാർ അനുഭവിക്കുന്ന കാര്യമാണ് ED ..

ദാമ്പത്യത്തിന്റെ തുടക്കം മുതലോ ( ശരിയാകാത്തതിനാൽ  ഒരാഴ്ചക്കകം പരസ്പരം വിവാഹമോചനം തീരുമാനിച്ചെന്ന് പറഞ്ഞ ദമ്പതികൾക്ക് ഇപ്പോൾ കുട്ടികൾ മൂന്ന്) ഇടയ്ക്ക് വച്ചോ  വില്ലനായി കടന്നു വരാം ...

 ED ക്കും 90% കാരണം മാനസിക പ്രശ്നങ്ങൾ തന്നെ ...

1. തെറ്റായധാരണ
2. കുറ്റബോധം [ഭാര്യയുടെ അടുത്ത് പ്രശ്നമില്ലാത്തവരും മറ്റു സാഹചര്യങ്ങളിൽ ഉദ്ധാരണ ശേഷിക്കുറവ് വരുന്നതും ഉദാഹരണം)

3. വിവാഹത്തിന് മുൻപുള്ള സാഹസിക പ്രവർത്തനങ്ങളിലൂടെ ഉടലെടുക്കുന്ന മാനസിക പ്രശ്നങ്ങൾ

4. സൗന്ദര്യം ,
സാമ്പത്തികം, മുതലായ സങ്കീർണതകളാൽ
പങ്കാളിയോടു തോന്നുന്ന ഇഷ്ടക്കുറവ് / താല്പര്യക്കുറവ്.

5. ജോലിയിലെ സമ്മർദ്ദം.

6.സാമ്പത്തിക പ്രതിസന്ധി.

7. പങ്കാളിയുടെ ശുചിത്വമില്ലായ്മ .

8. പങ്കാളിയുടെ വിധേയത്വമില്ലായ്മ അഥവാ സ്ത്രീയുടെ മേധാവിത്വം

( പരാജയപ്പെട്ടപ്പോൾ ഭാര്യ കളിയാക്കി ചിരിച്ചുവെന്ന് പറഞ്ഞ് കരഞ്ഞ ഭർത്താവ് രോഗിയെ ഓർമ്മ വരുന്നു)

8.അമിത ഉത്കണ്ഠ / വിഷാദം.

ഇങ്ങനെ നിരവധി കാര്യങ്ങൾ ഉദ്ധാരണ ശേഷി ഇല്ലായ്മക്കും ,ശീഘ്രസ്ഖലനത്തിനും , വന്ധ്യതയ്ക്കും, ഒക്കെ കാരണമാകാം ... [ഇവക്കെല്ലാം പരിഹാരം പരസ്യത്തിൽ കാണുന്ന എക്സ്ട്രാ പവർ ഉള്ള സുൽത്താനല്ല എന്ന് പറയാതെ തന്നെ മനസ്സിലാകുമല്ലോ?]

 മാനസിക കാരണങ്ങളാലുണ്ടാകുന്ന ഉദ്ധാരണക്കുറവ് കൂടുതലായും കണ്ട് വരുന്നത് ചെറുപ്പക്കാരിലാണ് .

*ഉദ്ധാരണക്കുറവ് ശാരീരിക രോഗങ്ങളാലാണോ മാനസിക പ്രശ്നങ്ങളാലാണോ എന്നു തിരിച്ചറിയാൻ*

 1. പുലർച്ചെ സ്വാഭാവികമായ ഉദ്ധാരണം ഉണ്ടെങ്കിൽ ശാര‍ീരികമായ പ്രശ്നം ഇല്ല എന്നു മനസ്സിലാക്കാം.(ടെ സ്റ്റോസ്റ്റീറോൺ എന്ന പുരുഷ ഹോർമോൺ കൂടുതലായും ഉള്ള സമയമാണത് )

അതുപോലെ ദാമ്പത്യജീവിതത്തിൽ ഉദ്ധാരണക്കുറവ് അനുഭവിക്കുന്നവർ സ്വയം ഭോഗം ചെയ്യുമ്പോൾ  ഉദ്ധാരണം ഉണ്ടെങ്കിൽ ഉദ്ധാരണത്തകരാറ് മാനസികമാണെന്നുറപ്പിക്കാം.

*പരിഹാരങ്ങൾ*

രോഗിയെ അറിഞ്ഞ് ,പ്രശ്നങ്ങൾ മനസ്സിലാക്കി സഹായിക്കാൻ യോഗ്യതയും, മികവുമുള്ള സെക്സോളജ‍ിസ്റ്റുകൾ നാട്ടിൽ കുറവാണ്. ഡോക്ടർമാരോട് ഇക്കാര്യം തുറന്ന് പറയാൻ രോഗികളും മടിക്കുന്നു.

✅80 ശതമാനം ലൈംഗിക പ്രശ്നങ്ങളും ആ വ്യക്തി മനസ്സുവച്ചാൽ സ്വയം പരിഹരിക്കാവുന്നതേയുള്ളൂവെന്ന് ഈ രംഗത്തെ വിദഗ്ധർ തന്നെ പറയുന്നു.

ഡോക്ടറോടു പറയാൻ മടിക്കരുത് 👩‍⚕👨‍⚕

❌പലപ്പോഴും പുരുഷന്റെ പ്രശ്നങ്ങൾ സ്ത്രീകളാണ് ഡോക്ടറോട് പറയുന്നത്.

✅ പങ്കാളികൾ ഇരുവരും ,തനിയെയും ഡോക്ടറെ കണ്ട് സംസാരിക്കുന്നതാണ് ഉചിതം.

✅പ്രായത്തെ സ്വയം അംഗീകരിക്കുക

👴🏻പ്രായമേറുമ്പോൾ  ഉദ്ധാരണരീതിയിൽ വരുന്ന മാറ്റങ്ങൾ സ്വയം ഉൾക്കൊള്ളണം.

✅ആരോഗ്യമുള്ള ശരീരം നിലനിർത്തുക

a.അമിതവണ്ണം കുറയ്ക്കുക ,

b.പ്രമേഹം നിയന്ത്രിച്ചുനിർത്തുക C.കൊളസ്ട്രോൾ കുറയ്ക്കുക.

*ദുശ്ശീലങ്ങൾ ശരീരത്തിന് പുറത്ത്*

❌🚬പുകവലി

❌🥂 അമിതമദ്യപാനം

❌അമിതഭക്ഷണം, കൊഴുപ്പും മധുരവുമേറിയ ഭക്ഷണം.
രക്തത്തിലെ അമിത പഞ്ചസാര ,അമിത കൊഴുപ്പ് എന്നിവ ഉദ്ധാരണ ശേഷിയെ ബാധിക്കും .അതിന് ആ രോഗങ്ങളെ ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കുകയാണ് വേണ്ടത് ,അല്ലാതെ പരസ്യത്തിൽ കാണുന്ന തൈലം വാങ്ങി പുരട്ടുയല്ല ചെയ്യേണ്ടത് .

2 . *സ്വയം ഭോഗം*

ലൈംഗികവളർച്ചയിലേക്ക് അടുക്കുന്ന കൗമാരക്കാർ, താൽക്കാലികമായോ സ്ഥിരമായോ ലൈംഗികപങ്കാളിയില്ലാത്തവർ, അവിവാഹിതർ തുടങ്ങിയവർക്ക്
ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം.

സ്വയം ഭോഗം ചെയ്തിരുന്നുവെന്ന പാപബോധം പിൽക്കാല ലൈംഗിക ജീവിതത്തെ ബാധിക്കുന്ന ചിലരുണ്ട്. അത്തരം ചിന്തകൾക്ക് പ്രസക്തിയില്ല.
സ്വയംഭോഗം ചെയ്തു പോയാൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല .മതപരമായ മനോനിയന്ത്രണങ്ങൾ അടിച്ചേല്പിക്കപ്പെടുന്നവരിൽ ഇത് പില്ക്കാലത്ത് ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

*ആയുർവേദ വിശദീകരണം*

ശുക്ലം ശരീരത്തിന്റെ സൂക്ഷ്മമായ തേജസ്സാകുന്നു. ആഹാര സാരത്തേക്കാൾ വലിയ സാരമാകുന്നു.ഇന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രിച്ച വ്യക്തിയാൽ അതു സംരക്ഷിക്കപ്പെടേണ്ട വസ്തുവാണ്. അങ്ങനെയുള്ളവർക്കു രോഗങ്ങൾ ബാധിക്കാത്ത ശരീരമുണ്ടാകുന്നു. ശ്രേഷ്ഠ ഗുണമുള്ള സന്തതികൾ അവർക്ക് ഉണ്ടാകുന്നു.

-വെറുതെ ഇരിക്കുന്ന ഒരാളിന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണെന്നു കേട്ടിട്ടില്ലേ?

കല്ല്യാണം കഴിക്കാതിരിക്കുന്നതു കൊണ്ടു മാത്രം ബ്രഹ്മചാരിയാകുകയില്ല.

 അയാൾ എപ്പോഴും അദ്ധ്യയനത്തിന്റെ പാതയിലായിരിക്കും. അതായത് വിദ്യാർത്ഥി.

*അഷ്ട വിധമൈഥുനം*

1.സ്മരണം - (സ്ത്രീകളെപ്പറ്റി ചിന്തിക്കുക)
2. കീർത്തനം - (സ്ത്രീകളെക്കുറിച്ചു സംസാരിക്കുക.)
3.കേളി - (സ്ത്രീകളോടൊത്തുകളിക്കുക)
 4.പ്രേഷണം - (സ്ത്രീകളെ ആസക്തിയോടെ നോക്കുക.)
5.ഗുഹ്യഭാഷണം - (സ്ത്രീകളുമായി രഹസ്യത്തിൽ സംസാരിക്കുക)
6.സങ്കല്പം- (സ്ത്രീയുമായി സംഭോഗം ചെയ്യുന്നതു സങ്കല്പിക്കുക.)
7.അധ്യവസായം _ (സ്ത്രീകളുമായി ലൈംഗികവേഴ്ച നടത്തുക.)
8.ക്രിയാ നിർവൃതി - (സ്ത്രീകളെക്കൊണ്ട് കാമ പൂർത്തിനടത്തുക.)

വിദ്യാർത്ഥികൾ - യു വാക്കൾ (ഇക്കാലത്തും) രതി ഇങ്ങെനയൊക്കെ ആസ്വദിക്കുന്നുണ്ടെന്നതു യാഥാർത്ഥ്യമാണ്- പഠനം- പ്രവൃത്തി എന്നിവയിൽ നിന്നും ശ്രദ്ധ പാളിപ്പോവുകയും ജീവിതം നിത്യപ രാജയത്തിലാകുകയും ചെയ്യുന്നു.

❌തെറ്റായ ശീലങ്ങൾ

അശ്ലീല വീഡിയോകൾ കണ്ട് ഉദ്ധാരണത്തിനും ,
ഉത്തേജനത്തിനും ശ്രമിക്കുന്ന ദമ്പതികൾ ഉണ്ട്.
ഒരു പരിധിവരെ  ഇതൊക്കെ മൂഡ് ക്രിയേറ്റർ ആകുമെങ്കിലും കുറച്ച് നാൾ കഴിഞ്ഞാൽ പങ്കാളികൾക്കിടയിൽ അസ്വാരസ്യത്തിന് സാധ്യതയുണ്ട്. മാത്രമല്ല ലൈംഗിക വൈകൃതമല്ല ദാമ്പത്യം .

*ശീഘ്രസ്ഖലനം*
*ഒരു തെറ്റായ ധാരണ*

ഏതാനും മിനിട്ടുകളാണ് സ്വഭാവിക സ്ഖലനത്തിനുള്ള സമയം. (ദീർഘസമയം എന്നത് ഒരു മാനദണ്ഡമല്ല ,പങ്കാളിയുടെ സംതൃപ്തിയാണ് പ്രധാനം )

 ശീഘ്രസ്ഖലനത്തിന്
കാരണം ഉത്കണ്ഠ ആകാം,
ശാരീരികമായ പ്രശ്നങ്ങളും ആകാം.
വൈദ്യ നിർദ്ദേശം തേടുക.
കാരണം കണ്ടെത്താനും
രോഗമകറ്റാനും .
സ്വാഭാവികമായ കാര്യങ്ങൾ അസ്വാഭാവികമെന്ന് നിനച്ച് പരസ്യങ്ങളിൽ കാണുന്ന ഔഷധങ്ങൾ ശരീരത്തിൽ പ്രയോഗിക്കണ്ട.
പൊടിപ്പും ,തൊങ്ങലും നിറഞ്ഞ കഥകളിൽ മനസ്സിടറുകയും വേണ്ട..

❌ *ചിത്രം വിചിത്രം*

  ചിത്രമല്ലിത്  ജീവിതം .

അശ്ലീലചിത്രങ്ങൾ, ഓഡിയോ ,അശ്ലീല കഥകൾ  ,വീഡിയോ മുതലായവയോട് അടിമത്തമനോഭാവം ഈ സ്മ‍ാർട് ഫോൺ യുഗത്തിൽ വളരെയധികം കൂടിയിട്ടുണ്ട്. കൗമാരക്കാരിലാണ് ഈ പ്രശ്നം കൂട‍ുതലെങ്കിലും മധ്യവയസ്സുള്ളവരിലും കൂടിവരുന്നതായി വിദഗ്ധർ പറയുന്നു.

ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത കൗമാരക്കാരിൽ ഏറെയുണ്ട്. മരുന്നുകൾ കഴിച്ച് Porn stars കാട്ടി കൂട്ടുന്ന വൈകൃതങ്ങളല്ല യഥാർത്ഥ ജീവിതം .

ഇത്തരം രതിവൈകൃതങ്ങൾക്ക് തയ്യാറാകാതിരുന്ന ഭാര്യയെ വിവാഹമോചനം ചെയ്ത കഥയും ഉണ്ട്.

പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് പെരുമാറാൻ രണ്ടു പേരും തയ്യാറാകണം ...

കിടക്കുന്നതിന്   മുൻപ് പിണക്കങ്ങൾ പറഞ്ഞു തീർത്ത്,  പരസ്പരം ആശ്വസിപ്പിച്ച്..വേണമെന്ന് അഷ്ടാംഗഹൃദയത്തിൽ നിർദ്ദേശിക്കുന്നു..

പേടിച്ച് കരഞ്ഞ് ഭാര്യ ബഹളം വച്ചതിൽ അപമാനിതനായി ആത്മഹത്യ ചെയ്ത നവ വരന്റെ കഥയും അടുത്തിടെ അറിയുകയുണ്ടായി.

പരസ്പരം മനസ്സിലാക്കുന്നതിനും അംഗീകരിക്കുന്നതിനും സമയം നല്കുക .ജീവിതം ഒരു ദിവസം കൊണ്ട് തീരുന്നതല്ലല്ലോ?

  *വലിപ്പക്കുറവ്* ( മറ്റൊരു തെറ്റായ ധാരണ )

ഉദ്ധരിച്ച അവസ്ഥയിൽ 7 സെ.മീ. മുതൽ 10 സെ.മീ. മാത്രമുള്ള ലിംഗത്തിനും ലൈംഗികസുഖം നൽകാനാകും.

സ്ത്രീയിൽ ആദ്യ മൂന്നു നാലു സെന്റീമീറ്റർ ആഴത്തിൽ മാത്രമേ സ്പർശനവും സമ്മർദ്ദവും അറിയാനുള്ള ശേഷിയുള്ളൂ.

അമിതവണ്ണമുള്ളവരിൽ വണ്ണം കുറച്ചാൽ    ലിംഗത്തിന്റെ ചുവടുഭാഗത്ത് അടിഞ്ഞിരുന്ന കൊഴുപ്പു കുറയുമ്പോൾ ലിംഗം പൂർണരൂപത്തിൽ ദൃശ്യമാകുന്നതിനാൽ വലിപ്പം കൂടുതൽ തോന്നിക്കും.

 ലൈംഗികജീവിതത്തിൽ പ്രശ്നമായി മാറുന്ന മൈക്രോപെനിസ് ( ചെറിയ ലിംഗം)അവസ്ഥയിലുള്ളവർ അത്യപൂർവമാണ്.

 ലിംഗവലുപ്പം കൂട്ടാനായുള്ള ശസ്ത്രക്രിയ ഒഴികെയുള്ള മാർഗങ്ങളെല്ലാം പ്രയോജനരഹിതമാണ്

*അറിഞ്ഞതിൽ പാതി പതിരായി പോകുന്നത്*.

പലർക്കും ശരിയായ ലൈംഗിക വിദ്യാഭ്യാസം ഇല്ല എന്നതിന് അപ്പുറം തെറ്റായ അറിവുകൾ ധാരാളം ലഭിക്കുന്നുണ്ട്. ഇതെല്ലാം ലൈംഗിക പ്രശ്നങ്ങളിലേക്കും
തദ്വാര വന്ധ്യതയിലേക്കും നയിക്കും ....

ചില അനുഭവങ്ങൾ ..

1.അദ്ധ്യാപക ദമ്പതികൾ വന്ധ്യതാ ചികിത്സാർത്ഥം എത്തിയപ്പോൾ ചോദ്യം ചെയ്യലിൽ വെളിപ്പെട്ടത് ശാരീരിക ബന്ധത്തിലേർപ്പെടുന്നത് എങ്ങനെ എന്ന് അറിയില്ല എന്നതായിരുന്നു.

2.. സാമാന്യ വിദ്യാഭ്യാസമുള്ള ദമ്പതികൾ ,വന്ധ്യത തന്നെ പ്രശ്നം .. കാരണം ശാരീരിക ബന്ധത്തിന്റെ അറിവിൽ വന്ന തെറ്റ്. Anal (ഗുദ )മാർഗ്ഗം മാത്രം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന അവർ കരുതിയത് എങ്കിലേ വേഗത്തിൽ ഗർഭധാരണം സംഭവിക്കൂ എന്നാണ്.

ഇവിടെയൊക്കെ ശരിയായ ലൈംഗിക വിദ്യാഭ്യാസം മാത്രം മതിയാകും വന്ധ്യത അകറ്റാൻ .....

*ലൈംഗിക വിരക്തിയും താൽപര്യക്കുറവും*👳‍♂🧕🏼

സെക്സിനോടുള്ള താൽപര്യക്കുറവ് ഒരു സാധാരണ പ്രശ്നമായി വളരുകയാണ്. ജോലിത്തിരക്ക്, ജീവിത പ്രാരാബ്ധങ്ങൾ മുതൽ ആരോഗ്യ പ്രശ്നങ്ങൾ വരെ അതിനു കാരണമാകുന്നു. പങ്കാളികൾക്കിടയിലുള്ള മാനസിക ഐക്യമില്ലായ്മയും പ്രധാന കാരണമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഒരു പോലെ ബാധകമാണ്.

*രതി സുഖ സാരമായി*  .....

സെക്സ് ഒരു പ്രശ്നം (Problem) അല്ല. അതൊരു പരിഹാരമാണ്(Solution) എന്ന ചിന്തയാണ് താൽപര്യക്കുറവുള്ളവർ ആദ്യം മനസ്സിലാക്കേണ്ടത്. നിങ്ങളു‌ടെ തിരക്ക്, ടെൻഷൻ, ഉത്കണ്ഠ, വേദന, സമാധാനക്കുറവ് തുടങ്ങിയവയ്ക്കെല്ലാമുള്ള ഒറ്റമൂലിയാണ് പങ്കാളിയുമായുള്ള ലൈംഗികബന്ധം.

തലച്ചോറിൽ
ഡോപമിൻ, ഒക്സിടോസിൻ, എന്നിവ
ഓരോ ശാരീരിക ബന്ധത്തിന്റെ ഭാഗമായും വർദ്ധിക്കുന്നതിലൂടെ വിരസമായ പതിവു ജീവിതത്തിന്റെ ഉഷ്ണമേഖലയിൽ പെയ്യുന്ന കുളിർമഴ പോലെയാണ് രതിയനുഭവപ്പെടേണ്ടത്.

*സ്ത്രീ ലൈംഗിക പ്രശ്നങ്ങൾ* 🙇‍♀

യോനി വരൾച്ചയും വേദനയും😣

 ആവശ്യത്തിന് ലൂബ്രിക്കേഷൻ ഇല്ലായിരിക്കുന്നത് വരൾച്ചയും ,വേദനയും ഉണ്ടാക്കുന്നു.

ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലും ഗർഭപാത്രത്തിനൊപ്പം ,അണ്ഡാശയങ്ങളും നീക്കം ചെയ്തവരിലുമാണ്  ഈ പ്രശ്നം ക‍ൂടുതൽ. ഹോർമോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അതിനു കാരണം.

 ലൈംഗിക ബന്ധത്തിന് മുൻപുള്ള ഫോർപ്ലേയുടെ ആവശ്യം ഇവിടെയാണ്.

മൃദുസമീപനങ്ങളിലൂടെയും സ്നേഹപൂർണമായ പെരുമാറ്റത്തിലൂടെയും ഉത്തേജനമുണ്ടാകുന്ന
സ്ത്രീക്ക് തീർച്ചയായും ലൂബ്രിക്കേഷൻ ഉണ്ടാകും .

 നീണ്ടുനിൽകുന്ന ഫോർപ്ലേ പ്രയോജനം ചെയ്യുന്നില്ലെങ്കിൽ പുറമേ നിന്നുള്ള ലൂബ്രിക്കന്റുകൾ ഉപയോഗിക്കാം.

ശൗതധൗത ഘൃതം ഇത്തരത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണ്.

വെള‍‍ിച്ചെണ്ണയും ലൂബ്രിക്കേഷന് ഉപയോഗിക്കാം.
 പക്ഷേ, ശുദ്ധമായ വെള‍ിച്ചെണ്ണയല്ലെങ്കിൽ ഫംഗൽബാധയ്ക്ക് സാധ്യതയുണ്ട്.

ശ്രദ്ധിക്കുക

 ❌ഗർഭധാരണത്തിനു ശ്രമിക്കുന്നവർ വെളിച്ചെണ്ണയോ മറ്റു ക്രീമുകളോ ലൂബ്രിക്കേഷന് ഉപയോഗിക്കരുത്.

*ആർത്തവം*
*വിരമിച്ചാലും*
*രതി വിരമിക്കുന്നില്ല*

   ആർത്തവ വിരാമം ആയാലും ലൈംഗികതയുടെ വിരാമമായി കരുതേണ്ട കാര്യമില്ല .യോനി വരൾച്ച ശരിയായ ഫോർപ്ലേയിലൂടെയും ,
ലൂബ്രിക്കേറ്ററുകളുടെ സഹായത്താലും മറികടക്കാവുന്നതാണ്.

✅ഈ സമയത്തെ ശരിയായ ലൈംഗിക ജീവിതം ആർത്തവവിരാമവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന് മനസ്സിലാക്കുക. പങ്കാളിക്ക് തന്നോട് താല്പര്യക്കുറവൊന്നുമില്ല എന്ന തോന്നൽ തന്നെ ആർത്തവ വിരാമ പ്രശ്നങ്ങൾ അകറ്റും .

*വജൈനിസ്മസ്  അഥവാ യോനിയുടെ മുറുക്കം*

പൂർണമായും മാനസികമായ പ്രശ്നമാണ്. യോനിയിലെ പേശികൾ അമിതമായി മുറുകി ലിംഗപ്രവേശനം സാധ്യമാകാത്ത അവസ്ഥയാണിത്. ആദ്യകാല ലൈംഗികബന്ധങ്ങളിലാണ് ഇതു കൂട‍ുതൽ കാണുക.

 സ്ത്രീയുടെ മനസ്സിൽ കടന്നുകൂടിയിട്ടുള്ള സെക്സിനോടുള്ള ഭയം, പങ്കാളിയോടുള്ള ഇഷ്ടമില്ലായ്മ, കൂട്ടുകാരിൽ നിന്നും പകർന്നു കിട്ടിയ പേടിപ്പിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ ,കന്യാചർമ്മം മുറിയുക ,രക്തം വരിക പോലുള്ള പേടിപ്പിക്കുന്ന ചിന്തകൾ ,ആർത്തവമടുത്തിരിക്കുന്നവരിൽ കന്യാചർമം മുറിയുന്നതിനൊപ്പം ആർത്തവം ആരംഭിക്കാറുണ്ട്. ഇത് ബന്ധപ്പെടുത്തി അനുഭവസ്ഥരായി പറയുന്നത് മറ്റുള്ളവരിൽ ഭീതി ഉണർത്തുന്നു, തുടങ്ങിയ വിവിധ കാരണങ്ങൾ ഇതിനു പിന്നിലുണ്ടാകാം.

 വിവാഹം കഴിഞ്ഞാൽ ഉടൻ സെക്സിനായി തയാറെടുക്കുന്നവരിലാണ് ഇതു കൂടുതൽ കാണുക. നവവധ‍ു മനസ്സുകൊണ്ടും ശരീരം കൊണ്ടും സെക‍്സിനു തയാറാകാൻ വേണ്ടത്ര സമയം നൽകുക.

ഒരിക്കൽ പൂർണ തോതിൽ ലൈംഗികബന്ധം നടന്നുകഴിഞ്ഞാൽ ആ പങ്കാളിയുമായി പിന്നീട് വജൈനിസ്മിസിനു സാധ്യത കുറവുമാണ്.

സ്വയം വിലയിരുത്തുകയും തെറ്റിദ്ധാരണകളും ഭയവും മാറ്റുകയും ചെയ്യുന്നതിലൂടെ ഇതു സ്വയം മാറും.

*രതിമൂർച്ഛക്കുറവ്*

ലൈംഗികബന്ധങ്ങളിൽ 50 ശതമാനത്തിലും സ്ത്രീക്ക് രതിമൂർച്ഛയിലേക്ക് എത്താൻ കഴിയുന്നില്ലങ്കിൽ രതിമൂർച്ഛക്കുറവ് (അനോർഗാസ്മിയ) ഉണ്ട് എന്നു കരുതണം.

പങ്കാളിയുമായുള്ള മാനസികബന്ധം ശക്തിപ്പെടുത്തുന്നത് രതിമൂർച്ഛക്കുറവ് പരിഹരിക്കാൻ സഹായിക്കും.

പുറത്തു ശബ്ദം കേൾക്കുമോ, കുട്ടി ഉണരുമോ, അടുത്ത മുറിയിൽ ആളുണ്ട് തുടങ്ങിയ ചിന്തകളും സാഹചര്യങ്ങളും രതിമൂർച്ഛ ഇല്ലാതാക്കും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.

ലൈംഗിക ബന്ധത്തിന് സ്ത്രീ ശാരീരികവും മാനസികവുമായി തയാറെടുത്തുകഴിഞ്ഞശേഷമുള്ള ബന്ധത്തിൽ രതിമൂർച്ഛ‍ാസാധ്യത കൂട‍ും.

നിശ്ചിത സമയത്ത് സെക്സ് എന്നതിനു പകരം ഉറക്ക–ഉണർവുകൾക്കിടയിൽ പരസ്പരം ഉത്തേജിക്കപ്പെടുമ്പോൾ വജൈനിസ്മിസിനെയും, ഉദ്ധാരണ പ്രശ്നങ്ങളെയും മറികടന്ന് ലൈംഗികബന്ധത്തിലേർപ്പെടാം.

*ഗർഭപാത്രം നീക്കം ചെയ്യൽ*

 ഗർഭപാത്രം നീക്കം ചെയ്താൽ ജീവിതമേ നഷ്ടപ്പെട്ടു എന്ന നിലയിലാണ് പല സ്ത്രീകളും .ലൈംഗിക ബന്ധത്തിനെ ബാധിക്കുന്ന രീതിയിൽ ഒന്നും തന്നെ സംഭവിക്കുന്നില്ല എന്നറിയുക. ഇതിനോടൊപ്പം അണ്ഡാശയങ്ങളും നീക്കം ചെയ്യുന്നവരിൽ ഹോർമോൺ പ്രശ്നങ്ങൾ കാണാറുണ്ട്. അത് ചികിത്സയിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും ശരിയാക്കി എടുക്കാവുന്നതാണ്.

പ്രധാന പ്രശ്നമായ യോനി വരൾച്ചയെ എങ്ങനെ നേരിടണമെന്ന് പറഞ്ഞു കഴിഞ്ഞല്ലോ! .

*അണുബാധാ പ്രശ്നങ്ങൾ*🧟‍♀🧟‍♂

വിവിധ തരത്തിലുള്ള അണുബാധാ പ്രശ്നങ്ങൾ ലൈംഗികതയെ ബാധിക്കാറുണ്ട്. ശുചിത്വക്കുറവു മുതൽ പ്രമേഹം വരെയുള്ള കാര്യങ്ങൾ ലൈംഗികാവയവങ്ങളിലെ പൂപ്പൽബാധ തുടങ്ങിയവ അണുബാധകൾക്കു കാരണമാകും.

Condom പോലുള്ളവ ഈ അവസരങ്ങളിൽ അണുബാധയെ ചെറുക്കാൻ ഉചിതമാണ്.

ലൈംഗികബന്ധത്തിനു മുമ്പും പിമ്പും ലൈംഗികാവയവങ്ങൾ കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. ത്രിഫല ഇട്ട് തിളപ്പിച്ച് തണുപ്പിച്ച് അരിച്ച വെളളം കൊണ്ട് കഴുകുന്നത് അണുബാധയകറ്റാൻ നല്ലതാണ്.

വെള്ളപോക്ക് ഉള്ള സ്ത്രീകൾ അത് ചികിത്സിച്ചു മാറ്റേണ്ടതാണ്. അധികസ്രാവം ,
നിറവ്യത്യാസം, ദുർഗന്ധം ഇവയൊക്കെ അണുബാധ ലക്ഷണമാണ്.

ശരിയായ രീതിയിൽ ലൈംഗികബന്ധമുള്ള പങ്കാളികളികൾ ഒരാൾക്ക് അണുബാധയുണ്ടെങ്കിൽ രണ്ടു പേർക്കും മരുന്നു വേണ്ടി വരാം. അല്ലെങ്കിൽ അണുബാധ ഒരാളിൽ നിന്നു പങ്കാളിയിലേക്കും പിന്നീ‌ട് തിരിച്ചും മാറി മാറ‍ി വന്നുകൊണ്ടിരിക്കും.

*ആ ദിവസങ്ങളിൽ വേണ്ടാട്ടോ*🤗

*ആർത്തവ സമയത്തെ ശാരീരിക ബന്ധം*

  രക്തസ്രാവമുള്ള ദിനങ്ങളിൽ ഇതിൽ നിന്നും വിട്ടു നില്ക്കുക തന്നെയാണ് ഉചിതം .സ്ത്രീ ഒട്ടും ശാരീരികമായി തയ്യാറല്ലാത്ത സമയമാണെന്നും ,അണുബാധക്ക് സാദ്ധ്യത ഉണ്ട് എന്നും അറിയുക .

IUCD യുടെ ഉപയോഗം
ലൈംഗികതയിൽ പ്രശ്നമല്ല എന്നറിയുക.

കിടപ്പറയിൽ പങ്കാളികൾക്ക് ഇരുവർക്കും ഒരുപോലെ ഇഷ്ടമായതൊന്നും വൈകൃതമല്ല എന്നു തിരിച്ചറിയുക. എന്നാൽ ഒരാൾക്ക് ഇഷ്ടമല്ലാത്ത കാര്യത്തിന് നിർബന്ധമായി ശ്രമിക്കുന്നത് വൈകൃതമാണുതാനും

sex ഒരു തെറ്റല്ല, അത് ഒരു ശാരീരിക ധർമ്മമാണ്. പുരുഷനും സ്ത്രീയും ഏക മനസ്സിൽ ഒന്നിക്കുന്ന സ്ഥലം .ശരീരം മറനീക്കുമ്പോഴും മനസ്സ് മറനീക്കാതെ പിടിച്ചുവയ്ക്കും പങ്കാളിക്കു മുൻപിൽ ..

അത് വേണ്ട. തുറന്ന് പറയേണ്ടത് അവിടെയാണ് ,അവിടെത്തന്നെയാണ് ,അവിടെ മാത്രമാണ്.

ലൈംഗിക കാര്യങ്ങൾ തുറന്നു സംസാരിച്ചാൽ മോശം സ്ത്രീയായി കരുതുമോ എന്ന് ചിന്തിക്കുന്ന സ്ത്രീകളും ,
അവൾ എന്നെപ്പറ്റി എന്തു കരുതും ?എന്ന് ചിന്തിക്കുന്ന പുരുഷന്മാരും കുറവല്ല.
പാലിക്കപ്പെടേണ്ട മര്യാദകൾ പാലിക്കുക അത്ര മാത്രം മതി.

ആയുർവേദത്തിൽ വാജീകരണം എന്നൊരു വിഭാഗം തന്നെയുണ്ട്
എന്നാലത് ഒരു product/Lehyam പോലുള്ള ഒരു സാധനം മാത്രമാണെന്ന തെറ്റിദ്ധാരണയുമുണ്ട്.
കുറേ മുറിയറിവും
മുറി മരുന്നും
മുറി വൈദ്യന്മാരും അരങ്ങ് തകർക്കുന്ന മേഖലയാണ് വാജീകരണം.

  *വാജീകരണം*

 ലൈംഗിക പ്രശ്നങ്ങളെ അകറ്റുന്നതിനുള്ള ചിട്ടയായ ചികിത്സ വിവരിക്കുന്ന ഭാഗമാണ്.സന്താനോല്പാദനത്തെ മുൻനിർത്തി ശുക്ല വൃദ്ധികരങ്ങളും ,ഗുണ വർദ്ധകങ്ങളുമായ ധാരാളം ഔഷധങ്ങൾ പറഞ്ഞിരിക്കുന്നു.

ശരീരത്തിന് അനുഭവപ്പെടുന്ന ദുർബലത, ധാതുക്കൾക്കു സംഭവിച്ചിരിക്കുന്ന ക്ഷീണം എന്നിവയാണ് ക്ഷീണബലീയം കൊണ്ട് അർത്ഥമാക്കുന്നത്.

രസായനൗഷധങ്ങൾ ധാതു വൃദ്ധികരമായതിനാൽ അവയും വൃഷ്യം ആയി പ്രവർത്തിക്കുന്നുണ്ട്. ഒപ്പം യുക്ത്യനുസരണമുള്ള ഉപയോഗം കൊണ്ട് രോഗശമനകരവുമാണ്.വാജീകരണൗഷധങ്ങളാകട്ടെ രസായനവും ഓജസ് കരവുമാണ്.

മാനസിക പ്രശ്നങ്ങൾക്ക് കല്യാണം (കല്യാണകം ലോപിച്ചത്)കഴിക്കണം എന്ന് പറഞ്ഞത് ഔഷധമാണ് എന്ന് മനസ്സിലാക്കാതെ മനോരോഗിയെ ചികിത്സിക്കാതെ വിവാഹം കഴിപ്പിച്ച്   മനോരോഗം അകറ്റാൻ ശ്രമിക്കുന്നതു പോലെയാണ്
പരസ്യങ്ങളുടെ പുറകെയുളള ജനങ്ങളുടെ പോക്ക് .
എന്താണ് പ്രശ്നം?'
എന്താണ് അതിനുള്ള പരിഹാരം? എന്നറിഞ്ഞുതന്നെ പരിഹരിക്കുക .

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഒന്നല്ല എന്നും അറിയുക.

പഞ്ചകർമ്മ ശുദ്ധി മുതൽ രസായനവാജീകരണങ്ങൾ വരെ  യുവത്വവും ,ശേഷിയും വീണ്ടെടുക്കാനും വന്ധ്യതയകറ്റാനും ആയുർവേദ ഔഷധങ്ങൾ ഉണ്ട് എന്നറിയുക.

*പരസ്യ ചികിത്സയിലെ രഹസ്യങ്ങൾ* ..🤫

  കൈനോട്ടക്കാരന്റെ കൗശലമാണ്  ഇതിലെ മരുന്നുകളുടെ പരസ്യത്തിന് .

ഏതെങ്കിലും ഒരു പ്രശ്നം അനുഭവിക്കുന്നവരാകും 30% ലേറെയും ആളുകൾ .

അജ്ഞതയെയും ,
ഭയത്തേയും ,
അപമാനത്തേയും മുതലെടുക്കുന്നവർ ..

 ശാരീരികമായ ഏത് അവസ്ഥക്കും ദയവായി നിങ്ങൾ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞുതന്നെ മരുന്നു വാങ്ങുക ..

ഉത്തേജന മരുന്നുകൾ ദോഷഫലങ്ങളും ഉള്ളവയാണ്.

ഔഷധമൊന്നും  കൂടാതെ തന്നെ ചികിത്സിക്കുവാൻ സാധിക്കുന്ന അവസ്ഥ മുതൽ  ഹോർമോൺ തെറാപ്പി വരെ  വേണ്ടുന്ന അവസ്ഥകൾ ഉണ്ട് . അത് എത്ര കാലം എങ്ങനെ കഴിക്കണം ,അതിന്റെ പാർശ്വഫലങ്ങൾ ,പരിഹാരങ്ങൾ ഇവ ഡോക്ടറിനേ അറിയൂ / പരസ്യത്തിലെ ' ഗുളികക്ക് അറിയില്ല എന്നും മനസ്സിലാക്കുക...


🍾അടുത്ത ഒരു ഐറ്റമുണ്ട്😱

*ശക്തിവർദ്ധിപ്പിക്കാൻ
പുറമെ പുരട്ടുന്ന* *എണ്ണകൾ*

ശരീരത്തിലെ ഏത് ഭാഗത്തേയും രക്തസഞ്ചാരം വർദ്ധിപ്പിക്കാൻ (അഭ്യംഗം) തടവുക: എന്ന പ്രക്രിയക്ക് സാധിക്കും.
ആയതിനാൽ തന്നെ ' തൈലം പുരട്ടുമ്പോൾ ആ രീതിയിലുള്ള ഫലം ഉണ്ടാകും എന്ന് മാത്രം .. അല്ലാതെ അത് ഒരു ചികിത്സാരീതിയോ ശാശ്വത പരിഹാരമോ അല്ല.

*മാനസികമായ ധൈര്യപ്പെടുത്തലും ഇവ നല്കുന്നു എന്നറിയുക* ,അതിനാൽ തന്നെ ആദ്യ  തവണകളിൽ ലഭിക്കുന്ന ഫലം തുടർന്നങ്ങോട്ട് ലഭിക്കണമെന്നില്ല.

     ലൈംഗീകത ജൈവീകമായി ഓരോ ജീവിയിലും പ്രത്യുല്പാദനപരമായും അല്ലാതെയും അടങ്ങിയിരിക്കുന്നു. ഹോർമോണുകളുടെയും, ജനിതകപരമായ കാരണങ്ങളാലും ,ഈ ചോദനകളിൽ ഏറ്റക്കുറച്ചിലുകൾ വരാം .

ലൈംഗിക പരാജയങ്ങളാണ് ,
Exhibitionism പോലുള്ള വൈകൃതങ്ങളിലേക്ക് മനുഷ്യനെ കൊണ്ട് എത്തിക്കുന്നത് .

വൈകൃതങ്ങൾ രോഗാവസ്ഥയാണ് അത് തിരിച്ചറിയാൻ രോഗിയെ സഹായിക്കുക.
ചികിത്സ തേടുക.

*കൂടുമ്പോൾ ഇമ്പമുള്ളതത്രേ കുടുംബം*💑

സ്ത്രീ പുരുഷ ബന്ധത്തിൽ  നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് മാനസിക തലം തന്നെയാണ്. ദാമ്പത്യ ജീവിത വിജയത്തിന് കിടപ്പറയിലെ വിജയം മാത്രം പോര ,
വെറുതെ ഒരു തലോടലാകാൻ ,സാന്ത്വനമാകാൻ ,കളി ചിരി നേരങ്ങൾ പങ്കു വയ്ക്കാൻ ,

ലോകകാര്യം പങ്കുവയ്ക്കാൻ ,
അഭിരുചികളിൽ പരസ്പരം പങ്കുചേരാൻ കൂടി സാധിക്കണം .

രാഷ്ട്രീയവും സ്പോർട്സും ഭർത്താവിന് താല്പര്യമെങ്കിൽ അതിനെ അല്പമെങ്കിലും ഉൾക്കൊള്ളാൻ ഭാര്യ തയ്യാറാകണം.

ഭാര്യയുടെ ഒരിക്കലും തീരാത്ത കാര്യം പറച്ചിൽ ശ്രദ്ധിച്ചില്ലായെങ്കിലും ഒരു മൂളലായെങ്കിലും കൂടെച്ചേരുക ..

ഒരു കുഞ്ഞു മഞ്ഞു കണമായി സ്നേഹം പൊഴിയുമ്പോൾ അതിന്റെ കുളിരറിയണം .

ഒരു കുഞ്ഞു ചാറ്റൽ മഴയായി പ്രണയം പെയ്യുമ്പോൾ ഒന്ന് നനഞ്ഞേക്കണം .

ഒരു ഇളം വെയിലായി എത്തുന്ന സ്നേഹത്തിന്റെ ചൂടറിയണം.

ഒരിളം കാറ്റായി പ്രണയം നിങ്ങളെ തഴുകുമ്പോൾ അതിലേക്കിറങ്ങിച്ചെല്ലണം .

ഇവ കാണാതെ നമ്മൾ തലച്ചോറിൽ നിറയ്ക്കുന്ന ജോലി, സമ്പത്ത് ,ഇലക്ട്രിസിറ്റി ബിൽ, ചിട്ടി, ഷെയർ മാർക്കറ്റ് തുടങ്ങിയ നിസ്സംഗതകൾ തല്ലിക്കെടുത്തുന്നത് മനോഹരമായ ചില വികാരങ്ങളാണ്...

സെക്സിനപ്പുറത്തെ മാനസിക ഭാവങ്ങളിൽ ഓരോ ദാമ്പത്യവും കൂടുതൽ പൂവണിയട്ടെ.....

  *ദാമ്പത്യത്തിലെ സമ്പാദ്യമെന്താണ്?*

നല്ല വീട്,
വില കൂടിയ കാർ,
ബാങ്ക് ബാലൻസ്,

ഇവയൊക്കെ മൽസരിച്ചാൽ തോറ്റു പോകുന്ന മറ്റൊരു സമ്പാദ്യമാണ് യഥാർത്ഥത്തിൽ, ഇണകൾക്കിടയിൽ .
ഉണ്ടാകേണ്ടത്,
ഇഴയടുപ്പം.
ഫേസ് ബുക്കിലെ പ്രൊഫൈൽ ഫോട്ടോകൾക്കു വേണ്ടിയുള്ള കെട്ടിപ്പിടുത്തങ്ങളിലൊതുക്കാതെയുള്ള
സ്വകാര്യ നിമിഷങ്ങളുടെ സമ്പാദ്യങ്ങളുണ്ടോ
നിങ്ങൾക്ക്.?

മനസു തുറക്കുന്ന സംസാരങ്ങൾ,
ഞാൻ കൂടെയുണ്ട് എന്ന് ഇണയ്ക്ക് മനസ്സിലാക്കാനാവുന്ന
നോട്ടങ്ങൾ, ഒപ്പം ചേർക്കലുകൾ.

പങ്കാളിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകൾ മറക്കുന്നതിലല്ല കാര്യം,
പൊറുക്കുന്നതിലാണെന്ന് കാലം കൊണ്ട് തിരിച്ചറിയുന്ന പക്വത .

ഇവ നിങ്ങൾ ക്കൊപ്പമുണ്ടോ ?
ഇനി രതി വിജയങ്ങൾ, നിങ്ങൾക്കൊപ്പമല്ലാതെ മറ്റെവിടെപ്പോകാൻ.

ആശംസകളോടെ
Team Info Drs Ayurveda @
Info Drs Ayurveda FB Page ..

Cover Design.. Dr Nisar Muhammed

Creative Contributors
Dr Jyothilal ,Dr .G. Syamakrishnan,Dr Sreekumar Ps.Dr PKV Anad.Dr. Jerome Ignatius kurian ,Dr Nisha Rajesh ,Dr Meera Dr Beena Anilkumar,Dr Jiju,Dr Asmabi mangalath,Dr Gopan kumar,Dr Shibu Shahid ,Dr Sanalkumar MP,Dr Manoj Kv ,Dr Nabeel Haris, Dr Sreejin, Dr Jithesh ,Dr Navaneetha ,Dr Safeer ,Dr Shijin KB , .. Dr Sijin Soorya M Dr Jacquilin Dileep

Comments

Post a Comment

Popular posts from this blog

വൈദ്യഭൂഷണം രാഘവൻ തിരുമുല്പാട്

ചേന .. Heath thy kitchen e Sunday

മത്ത നില .. Dr .Shahid ഇലയും കറിയും