പ്രസവരക്ഷ ആയുർവേദത്തിൽ

പ്രസവരക്ഷ  ഒരു ശിക്ഷയാകരുത്'  🙅🏼
 ..............................
Dr Asmabi  ✍
@ Info Drs Ayurveda

[ഷാഹിന OP യിൽ വരുന്നത് ശക്തമായ വയറുവേദന, ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും ടോയ്ലറ്റിൽ പോയിക്കൊണ്ടിരിക്കുക, ശരീരം വല്ലാതെ ക്ഷീണിച്ചു വരിക തുടങ്ങിയ പരാതികളുമായാണ്. "സാറേ പ്രസവ രക്ഷയൊക്കെ നല്ലോണ്ണം ചെയ്യുന്നുണ്ട് എന്നാലും ഇവൾ നന്നാവുമില്ല ഒരോ ദിവസവും ക്ഷീണിച്ചു വരികയും ചെയ്യുന്നു ". ഉമ്മ സങ്കടക്കടലായി. രോഗകാരണമന്വേഷിച്ചുള്ള ചോദ്യങ്ങൾക്ക് ലഭിച്ച ഉത്തരം എല്ലാ അറിവുകളേയും തകിടം മറിക്കുന്നവയായിരുന്നു.

വൈദ്യ ശാലകളിൽ നിന്നും അങ്ങാടിക്കടകളിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം വാങ്ങി ഉപയോഗിച്ചു വരുന്ന പേറ്റു മരുന്നുകളും സന്ദർശകർ
സ്നേഹപൂർവ്വം സമ്മാനിക്കുന്ന അരിഷ്ടങ്ങളും നേരവും സമയവും നോക്കാതെ ശരീരപുഷ്ടിക്കായി കഴിച്ചു വരികയാണ്.പൊതുവെ മെലിഞ്ഞിരിക്കുന്നതും അല്പം ഗ്യാസ് ട്രബിളും കൂടി ഉള്ള ഷാഹിനയെ പുഷ്ടിപ്പെടുത്തി 'വണ്ണം വെപ്പിച്ച്' വിട്ടില്ലെങ്കിൽ നാണക്കേടാവും എന്നോർത്ത് വീട്ടുകാരും 'ആയയും' ചേർന്ന്‌ തയ്യാറാക്കിയ ഈന്തപ്പഴലേഹം പ്രസവിച്ച നാൾ മുതൽ  കഴിക്കുന്നു.
             ഭക്ഷണത്തിന്റെ ക്രമം അന്വേഷിച്ചപ്പോഴാണ് അത്ഭുതം തോന്നിയത്.രാവിലെ വെറും വയറ്റിൽ കോഴിമുട്ട പുഴുങ്ങിയത്, ഹോർലിക്സ് ചേർത്ത പാൽ, നേന്ത്രപ്പഴം തുടങ്ങിയവും അഞ്ചോ ആറോ നേരങ്ങളിലായി വിശപ്പില്ലാതെ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണം കൂടി ആയപ്പോൾ ശരീരപുഷ്ടിക്കു പകരം ദഹനക്കേട് സംഭവിച്ച് ഗ്രഹണി രോഗാവസ്ഥ പോലെ ആയിത്തീർന്നു.                          
              ഇപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്ന എല്ലാ പേറ്റു മരുന്നുകളും നിർത്താൻ ആവശ്യപ്പെട്ടു." ഇതെല്ലാം കൂടി പിന്നെ എപ്പോൾ കഴിച്ചു തീർക്കും" എന്ന വേവലാതിയോടെ മനസ്സില്ലാമനസ്സോടെ മരുന്നുകൾ നിർത്താൻ സമ്മതിച്ചു.വയറു വേദന മാറി ക്രമേണ വിശപ്പുണ്ടാവുകയും ചെയ്തു.പടിപടിയായി പ്രസവ രക്ഷാ മരുന്നുകൾ അവസ്ഥയ്ക്കനുസരിച്ച് നിർദേശിച്ചു.ഷാഹിന നല്ല പ്രസരിപ്പോടെ ആരോഗ്യ വതിയായിത്തീർന്നു.]
................................
പ്രസവ രക്ഷയും ചില ആനുകാലിക ചോദ്യങ്ങളും സംശയങ്ങളും
...............................
1.പ്രസവ രക്ഷ ആവശ്യമാണോ⁉

നമ്മുടെ ഇടയിൽ ഈ ചോദ്യം ഉയർന്നു വന്നത് കഴിഞ്ഞ കുറച്ച് കാലങ്ങളായാണ്.
 പ്രസവ രക്ഷ ഇവിടെ മാത്രമേ ഉള്ളൂ എന്നും ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നവർ ഇവയൊന്നും അനുഷ്ഠിക്കാറില്ലെന്നും, അവർക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ഉദാഹരണമായി പറയാറുണ്ട്. എന്നാൽ ഒൻപത് മാസം കൊണ്ട് ശരീരത്തിനുണ്ടാകുന്ന മാറ്റം എല്ലാവരും അംഗീകരിക്കുന്നതാണ്.പ്രസവത്തോടെ പേശികൾക്കുണ്ടാകുന്ന അയവും ,ഉദരഭാഗത്തെ മാറ്റങ്ങളും പൂർവ്വസ്ഥിതി കൈവരിക്കണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല .പ്രസവാനന്തരം  ശാരീരിക മാനസിക ബലം പ്രദാനം നല്കി ,ഗർഭാശയ ശുദ്ധി വരുത്തി ,മുലപ്പാൽ വർദ്ധിപ്പിച്ച് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യം പകരുക എന്ന ലക്ഷ്യം പ്രസവാനന്തര ചികിത്സയ്ക്കുണ്ട്.

പക്ഷേ ഇന്ന് പ്രസവ രക്ഷ ശാസ്ത്രീയമായ രീതിയിലല്ല  കൈകാര്യം ചെയ്തു വരുന്നത്. മിക്കവാറും എല്ലായിടത്തും തന്നെ അമ്മമാരുടേയും മുത്തശ്ശിമാരുടേയും തലമുറ കൈമാറി വന്ന അറിവുകൾക്കു പകരം 'ആയ' മാരും വൈദ്യശാലകളും നിശ്ചയിക്കുന്ന പാക്കേജ്  ആണ്. ആവശ്യത്തിന് വെള്ളം കുടിക്കാൻ അനുവദിക്കായ്ക, ദഹനക്കേടുണ്ടാക്കുന്ന വിധം അമിതമായി ഭക്ഷണം നല്കുക, വൃത്തിയില്ലാതെ കുഞ്ഞിനെ കൈകാര്യം ചെയ്യുക, അനാവശ്യമായും തെറ്റായ ഡോസിലും മരുന്ന് കുഞ്ഞിനും അമ്മയ്ക്കും നൽകുക തുടങ്ങിയവ വഴി ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കാരണം  ഗൈനക്കോളജിസ്റ്റുകളും ശിശുരോഗ വിദഗ്ദ്ധരും പ്രസവം കഴിഞ്ഞ് ആയുർവേദ മരുന്നുകളുടെ ഉപയോഗം തന്നെ നിഷേധിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.

2. പ്രസവരക്ഷാ മരുന്നുകൾക്കൊപ്പം വെള്ളം കുടിക്കാമോ⁉
......................................
"വെള്ളം കുടിക്കരുത് വയറ് ചാടും '' എന്ന നിഷ്കർഷ പലതരത്തിലുള്ള മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാവും. ശരീരത്തിന്റെ പ്രത്യേക അവസ്ഥ മൂലം ഈ സമയത്ത് 'ആവശ്യത്തിലധികം' വെള്ളം കുടിക്കുന്നതും അഭികാമ്യമല്ല. ഹോർമോൺ ലവൽ എക്കാലത്തേയും അപേക്ഷിച്ച് വളരെ കൂടി നില്ക്കുന്ന സന്ദർഭത്തിൽ അമിതമായ ജലപാനം നീർക്കെട്ട് ഉണ്ടാക്കും . മുലയൂട്ടുന്ന അമ്മമാർ എന്ന നിലയ്ക്കും 'മിതമായി ആവശ്യത്തിന് ' വെള്ളം കുടിക്കുക എന്നതാവും ഉചിതം.

3.വയർ കെട്ടിവെയ്ക്കുന്നത് കൊണ്ട് പ്രയോജനമുണ്ടോ⁉
ഈ സംശയവും ആനുകാലികമാണ്. വയറ് ചുരുങ്ങാനും പേശികൾ ബലവത്താകാനുമുള്ള വ്യായാമമുറകൾ മതിയല്ലോ ?എന്ന കാരണവും ഇത് ഒഴിവാക്കാനായി ചൂണ്ടിക്കാണിക്കാറുണ്ട് വാതകോപം ഉണ്ടാവാതിരിക്കാനും വയറുചുരുങ്ങാനും നടുവേദനയില്ലാതിരിക്കാനും ഈ കെട്ടിവയ്ക്കൽ പ്രയോജനപ്രദമാവുന്നുണ്ട്
15cm വീതിയിൽ അടിവയർ ഉൾപ്പെടത്തക്കവിധമാണ് (  വിബന്ധം bandage) വയർ കെട്ടി വയ്ക്കേണ്ടത്.5-6 മണിക്കൂർ കഴിഞ്ഞാൽ അഴിച്ചുമാറ്റുകയും വേണം. ഇത് കെട്ടുന്ന വിധം അറിവുള്ളവരിൽ നിന്നും ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.സിസേറിയൻ പ്രസവങ്ങളിലും ഉടനെ തന്നെ ചെയ്യാവുന്നതാണ്.

4.സിസേറിയൻ പ്രസവം കഴിഞ്ഞാൽ പ്രസവ രക്ഷ വേണോ⁉    

സിസേറിയൻ പ്രസവം കഴിഞ്ഞാൽ ഇതൊന്നും ഉപയോഗിക്കരുത് എന്ന ധാരണ അബദ്ധമാണ്.സാധാരണ പ്രസവത്തിൽ ആദ്യ ആഴ്ച തുടങ്ങുന്നത് സിസേറിയൻ പ്രസവങ്ങളിൽ രണ്ടാമത്തെ ആഴ്ച തുടങ്ങിയാൽ മതി എന്നു മാത്രം.

5.വേതു കുളി എങ്ങനെ⁉

  പ്രസവത്തിനേക്കാൾ വലിയ പേടി സ്വപ്നമാണ് വേതു കുളി . വളരെ ആരോഗ്യദായകമായ വേതു കുളിയെ ഭീകര സ്വപ്നമാക്കുന്നതിൽ ആയമാർക്കുള്ള പങ്ക് ചെറുതല്ല.
 വെള്ളം തിളപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ കാലാവസ്ഥയ്ക്കും ദേഹാവസ്ഥയ്ക്കും അനുസരിച്ച് നാൽപാമരപ്പട്ട, ആവണക്കില, പ്ലാവില, തെച്ചി ,പെരുവലം തുടങ്ങിയവ ഉപയോഗപ്പെടുത്താവുന്നതാണ്. തലേ ദിവസം തിളപ്പിച്ചിട്ടിരിക്കുന്ന വെള്ളം  പിറ്റേന്ന് ചൂടാക്കി സഹിക്കാവുന്ന ചൂടിൽ കുളിച്ചാൽ മതിയാകും. പുറമേ പുരട്ടുന്ന എണ്ണകളും ലേപനങ്ങളും ഇതുപോലെ സ്ത്രീയുടെ ശാരീരികാവസ്ഥയും ത്വക്കിന്റെ സ്വഭാവവും അനുസരിച്ച്  തീരുമാനിക്കുന്നതാവും ഉചിതം. അണുനാശിനിയായ മഞ്ഞൾ എണ്ണയിൽ ചാലിച്ച് പുറമെ പുരട്ടി കുറച്ച് കഴിഞ്ഞ് കുളിക്കുന്നത് ത്വക് തിളക്കമുള്ളതാക്കും.
ചില സ്ഥലങ്ങളിൽ ചൂടു കിഴി നല്കുന്ന പതിവ് ഈയിടെയായി കണ്ടുവരുന്നു.അത് ഒഴിവാക്കേണ്ടതാണ്. സഹിക്കാനാവാത്ത ചൂടുവെള്ളം കോരി ഒഴിക്കുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. ശരീരത്തിൽ പുരട്ടേണ്ട 1തായ എണ്ണ വൈദ്യ നിർദ്ദേശ പ്രകാരം തെരഞ്ഞെടുത്ത് ശരീരത്തിൽ മുറിവുകൾ ഉണ്ടായിട്ടുള്ള ഭാഗത്ത് ഒഴികെ പുരട്ടി കുളിക്കുക.
വെള്ളത്തിന്റെ ചൂട് അധികമാകുന്നത് നല്ലതല്ല എന്ന് മനസ്സിലാക്കുക.
വേത് തിളപ്പിക്കാനുള്ള ഔഷധങ്ങൾ കാലാവസ്ഥയ്ക്കും സ്ത്രീയുടെ ശരീരപ്രകൃതിക്കും അനുസരിച്ച് മാറ്റം വരുത്തി ഉപയോഗിക്കേണ്ടതാണ്.

 6.പ്രസവാനന്തരം എന്ത് കഴിക്കണം ⁉...................................

മാംസാഹാരങ്ങൾ ആദ്യ ദിവസങ്ങളിൽ  കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നതുകൊണ്ട് തന്നെ സാത്മ്യമുളളവർക്ക് 12 ദിവസത്തിന് ശേഷവും മാംസ രസം( സൂപ്പ്) 28 ന് ശേഷവും ആയിരിക്കും നല്ലത്.ബ്രോയിലർ ചിക്കൻ, മുട്ട തുടങ്ങിയവയ്ക്ക് പകരം ചെറിയ മത്സ്യങ്ങൾ,  ആട്ടിൻ മാംസരസം തുടങ്ങിയവ വിശപ്പിനനുസരിച്ച് ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ചൂര ,അയില മീനുകൾ മുലപ്പാൽ വർദ്ധനക്കായി നല്കുന്നത് കുഞ്ഞിന് വയറുവേദനക്ക് കാരണമാകുമെന്നതിനാൽ ഒഴിവാക്കുക. മലശോധന ഉറപ്പു വരുത്തുന്ന രീതിയിൽ ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പഴച്ചാറുകൾ ,കരിക്കിൻ വെള്ളം ഇവ നല്ലതാണ്. മുരിങ്ങയില മുലപ്പാൽ വർദ്ധിപ്പിക്കാൻ നല്ലതാണ്.അധികം എരിവും പുളിയും ഭക്ഷണത്തിൽ അഭികാമ്യമല്ല. തണുത്ത ഭക്ഷണവും ഒഴിവാക്കുക .
 ഹോർലിക്സ്, ബൂസ്റ്റ്, ബ്രോയിലർ ചിക്കൻ തുടങ്ങിയവയിൽ നിന്നും വ്യത്യസ്തമായി പോഷക സമ്പുഷ്ടമായ റാഗി, ഗോതമ്പ്, ചെറുപയർ, പഴങ്ങൾ, മാംസ രസം തുടങ്ങിയവ ആഹാരത്തിലും  അവസ്ഥയ്ക്കനുസരിച്ചുള്ള ഔഷധങ്ങളും ഉൾപ്പെടുത്തി ചെയ്യുന്ന പ്രസവ രക്ഷ ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന് ഉതകുന്നതാവും എന്നതിൽ സംശയമില്ല
.
6.പ്രസവ രക്ഷാ ഔഷധങ്ങൾ 🍵⁉

പഞ്ചകോലചൂർണം ,ദശമൂലാരിഷ്ടം ,
ജീരകാരിഷ്ടം ,ഇന്ദുകാന്തം കഷായം ,ധന്വന്തരം കഷായം ,കുറുഞ്ഞി കുഴമ്പ് ,തെങ്ങിൻ പൂക്കുലലേഹം  , പുളിങ്കുഴമ്പ് ,ഉള്ളിലേഹം, ഉലുവ കുറുക്ക്, മഞ്ഞൾ കുറുക്ക്, ഇലകൾ കുറുക്കിയത് [മുക്കുറ്റി, പരുത്തിയില, യശങ്കില, കറിവേപ്പില ,മലതാങ്ങി ,തുമ്പ മുതലായവ ]
ഈ ഔഷധപ്രയോഗങ്ങളെല്ലാം ദേശഭേദമനുസരിച്ചും കുലഭേദമനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈന്തപ്പഴലേഹവും, കോഴി സൂപ്പ് ,ആട്ടിൻ സൂപ്പ് ,മദ്യം ഇവ നല്കി വരുന്നതും കാണുന്നു.
 പ്രസവരക്ഷാ മരുന്നുകളെ നിസ്സാരമായി കൈകാര്യം ചെയ്യരുത് .സുഖപ്രസവത്തിനും സിസേറിയൻ പ്രസവത്തിനും പ്രസവ രക്ഷാ മരുന്നുകൾ വ്യത്യാസപ്പെടുത്തിയിരിക്കുന്നു.ഗർഭാശയത്തിൽ ശേഷിക്കുന്നവയെ കൃത്യമായി പുറം തള്ളാനും ഗർഭാശയം ചുരുങ്ങി പൂർവ്വസ്ഥിതി കൈവരിക്കാനും പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും രോഗങ്ങൾ വേഗം പിടിപെടാതിരിക്കാനും ആരോഗ്യം പ്രദാനം ചെയ്യാനുമാണ് പ്രസവ രക്ഷാ മരുന്നുകൾ . അതിനാൽ അത് തെരഞ്ഞെടുക്കുന്നതിനും ഉപയോഗിക്കേണ്ട രീതി മനസ്സിലാക്കുന്നതിനും ഡോക്ടറുടെ നിർദ്ദേശം ആരായുക
ഗർഭാശയം ചുരുങ്ങുന്ന മരുന്നുകൾ മുലപ്പാലിലൂടെ കുഞ്ഞിന് കിട്ടും എന്നതിനാൽ ഡോസ് അനുസരിച്ച് കഴിച്ചില്ലെങ്കിൽ  കുഞ്ഞിന് വയറുവേദന വരാറുണ്ട്. അതിനാൽ മാത്രയനുസരിച്ചും നേർപ്പിക്കേണ്ടവ അതനുസരിച്ചും തന്നെ ശീലിക്കേണ്ടതാണ്.
അതിനാൽ പാക്കേജുകളുടെ പുറകെ പോയി പ്രസവ രക്ഷ ശിക്ഷയാക്കി മാറ്റാതെ തൊട്ടടുത്ത ഡോക്ടറുടെ സമീപിച്ച്  ഔഷധങ്ങൾ എഴുതി വാങ്ങി ഉപയോഗിക്കുക.

7.എന്താണ് Baby blues and post partum Depression (PPD)⁉

     പ്രസവാനന്തരം ഹോർമോൺ വ്യതിയാനം മൂലം സ്ത്രീക്ക് ഉണ്ടാകുന്ന മാനസിക ആസ്വാസ്ഥ്യമാണ് Baby Blue എന്ന് അറിയപ്പെടുന്നത്. കുഞ്ഞിനെ കാണുമ്പോൾ ഉടനെ തന്നെ സിനിമയിൽ കാണുന്നതുപോലെയുള്ള സന്തോഷമൊന്നും 80 % അമ്മമാരിലും ഉണ്ടാകില്ല .പ്രസവ ക്ലേശവും ,മുറിവിന്റെ വേദനവും ഹോർമോൺ വ്യതിയാനവും ഒക്കെ സങ്കടത്തിന്റെയും നിരാശയുടേയും ഉറക്കക്കുറവിന്റേയും ലോകത്തേക്ക് എത്തിക്കും. രണ്ടാഴ്ചയോളം ഇത് നിലനില്ക്കും .. ശേഷം സാധാരണ പോലെ മാതൃത്വത്തിന്റെ ഭാവങ്ങളിലേക്ക് എത്തിച്ചേരും.
രണ്ടാഴ്ച കഴിഞ്ഞും ഇവ വിട്ടുമാറാതെ അത് പോലെ തുടരുകയും ,തീരെ ഭക്ഷണം കഴിക്കാതിരിക്കുകയോ ,അമിതമായി ഭക്ഷണം കഴിക്കുകയോ ,രാത്രിയിൽ ഉറങ്ങാതിരിക്കുക ,പകൽ ഉറക്കം നിയന്ത്രിക്കാതിരിക്കുവാൻ കഴിയുക ,അകാരണമായി കരയുക ഇവ കണ്ടാൽ PPD/PND ആണ് എന്ന് മനസ്സിലാക്കി വൈദ്യോപദേശം തേടേണ്ടതാണ്.ഔഷധം നല്കി ചികിത്സിക്കേണ്ടവ അത് തന്നെ ചെയ്യുക.ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടറെ കാണുന്നതിൽ അനാവശ്യമായ നാണക്കേട് ചിന്ത കൂടുതൽ ദോഷം ചെയ്യും. മാത്രമല്ല ഭർത്താവിന്റേയും മറ്റു കുടുംബാംഗങ്ങളുടേയും പൂർണ്ണ പിന്തുണ നല്കി സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരികയാണ് വേണ്ടത്. .മറ്റുള്ളവർ ആഗ്രഹിച്ച കുഞ്ഞിനെ (ആൺ / പെൺ ) നല്കാൻ സാധിച്ചില്ല എന്ന തോന്നൽ ഉണ്ടായാൽ PND വർദ്ധിക്കും. ആയതിനാൽത്തന്നെ ഗർഭിണിയായിരിക്കുമ്പോൾ കുട്ടി ആണോ പെണ്ണോ എന്ന ചിന്ത വിട്ട് ആരോഗ്യമുള്ള കുട്ടി എന്നത് മാത്രം അവരുടെ ചിന്തകളിൽ പകർന്നു നല്കുക. .....

പ്രസവശേഷം കിടക്കുക എന്നത് നിർബന്ധമാണോ?⁉

പ്രസവിച്ചു കിടക്കുക' എന്നതിലപ്പുറം ഭാരമുള്ള ജോലികൾ ഒഴിവാക്കുക, ആവശ്യത്തിന് വിശ്രമിക്കുക, 6 ആഴ്ച വരെ(Involution period) ലൈംഗിക ബന്ധം ഒഴിവാക്കുക  എന്നിവ കൂടി ശ്രദ്ധിക്കണം. ചെറിയ വ്യായാമമുറകൾ, പ്രത്യേക യോഗാസനങ്ങൾ,Pelvic floor exercises തുടങ്ങി ലഘുവായ കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഗർഭാശയം പുറത്തേക്ക് തള്ളിവരുന്നത് തടയാനും യോനിഭാഗം ചുരുക്കാനും സഹായകമാണ്.
ആധുനിക ജീവിത സാഹചര്യമനുസരിച്ച് മാറ്റേണ്ടത് മാറ്റുകയും പാലിക്കേണ്ടത് പാലിക്കുകയും ചെയ്യുക. യുക്തിസഹമായി ഔഷധവും വിശ്രമവും ശീലിച്ചാൽ നല്ല ഊർജ്ജസ്വലതയോടെ കർമരംഗത്തേക്ക് തിരിച്ചു കൊണ്ടു വരാൻ സൂതികാ പരിചര്യ   ഒരോ സ്ത്രീയെയും പര്യാപ്തമാക്കും .......🙏

നിങ്ങളോടൊപ്പം ഞങ്ങളുണ്ട്
Dr Asmabi  Medical Officer Govt Ayurveda Dispensary  Muriyan Kanni
Info Drട Ayurveda FB Page

Comments

Post a Comment

Popular posts from this blog

വൈദ്യഭൂഷണം രാഘവൻ തിരുമുല്പാട്

ചേന .. Heath thy kitchen e Sunday

മത്ത നില .. Dr .Shahid ഇലയും കറിയും