മധുരം ഗർഭകാലം

*മധുരം ഗർഭകാലം*

Info Drs Ayurveda Fb Page .Article No.62
......................................

FB യുടെ താളിലൂടെ വിരൽ തെന്നി മാറുമ്പോഴാണ് ആ വാചകം ശ്രദ്ധയിൽ പ്പെട്ടത്

'ഭൂരിഭാഗം സ്ത്രീകൾ  തങ്ങളുടെ സ്ട്രെച്ച് മാർക്കിനെ കുറിച്ച് വേവലാതിപ്പെടുമ്പോൾ അഞ്ചിൽ ഒരു സ്ത്രീ അതൊന്ന് തനിക്കുണ്ടായി     ക്കാണുവാൻ ആഗ്രഹിക്കുകയാണെന്ന്. ഗർഭകാലക്ലേശവും, സ്ട്രെച്ച് മാർക്കും ഒന്നും കുട്ടികളില്ലാത്ത ദു:ഖത്തോളം മാനസ്സികവ്യഥ ഉണ്ടാക്കുന്നുമില്ല .

 ഗർഭകാലത്തെ ഏറ്റവും ആരോഗ്യപ്രദവും ആയാസരഹിതവും ആക്കുവാനെങ്ങനെ കഴിയുമെന്നതിനെ കുറിച്ചാണ് Info Drs Ayurveda ഇത്തവണ നിങ്ങളോടു സംസാരിക്കുന്നത്. 9 മാസങ്ങളിലെ ഗർഭിണീ ചര്യയെ 3 മാസത്തെ വീതം മൂന്നു ലേഖനങ്ങളിലായാണ് എഴുതുന്നത്

...................................
*മധുരം ഗർഭകാലം. ഭാഗം ഒന്ന്*
..................................

 ഒരു സ്ത്രീയുടെ ജീവിതത്തിലെ വസന്തമാണ് ഗര്‍ഭകാലം. വൈകാരികമായും ശാരീരികമായും ഏറെ വ്യത്യാസങ്ങൾ സംഭവിക്കുന്നതിനാല്‍ ജീവിതചര്യകളിലും ചിന്തകളിലും ധാരാളം മാറ്റങ്ങള്‍ ആവശ്യമായി വരുന്നു. വളരെ സ്വാഭാവികമായി സംഭവിക്കുന്ന പ്രക്രിയ ആണെങ്കില്‍ കൂടിയും ഗര്‍ഭകാലത്തും പ്രസവ കാലത്തും പ്രത്യേക പരിചരണം ആവശ്യമാണ്.

*ചില മുന്നൊരുക്കങ്ങൾ*✅

വിവാഹത്തിനായി മാസങ്ങൾക്കു മുൻപേ തയ്യാറെടുപ്പുകൾ തുടങ്ങുന്ന വധുവരന്മാർ കുഞ്ഞിന് ജന്മം നല്കുന്നതിന് മുൻപ് ശാരീരികമായും മാനസികമായും നടത്തേണ്ട മുന്നൊരുക്കത്തെ പറ്റി അജ്ഞരാണ് എന്നതാണ് സത്യം.

ഓട്ടിസം പോലെയുള്ള ഇനിയും കാരണം അറിയാത്ത അനവധി രോഗങ്ങള്‍   വര്‍ധിച്ചു കൊണ്ടിരിക്കെ, ഗര്‍ഭ ധാരണത്തിനു മുമ്പ് പാലിക്കേണ്ട ആരോഗ്യ സംരക്ഷണോപാധികൾക്ക്  ഇന്നേറെ  പ്രധാധ്യമുണ്ട് .

അബദ്ധത്തില്‍ സംഭവിച്ച് പോകുന്ന ഒന്നാവരുത് ഗര്‍ഭധാരണം എന്നതാണ് സുപ്രധാനം. കൃത്യമായ പ്ലാനിംഗുള്ള  ഗർഭധാരണങ്ങളില്‍ വൈകല്യ സാധ്യതയും ഗര്‍ഭകാല ആരോഗ്യ പ്രശ്നങ്ങളും കുറവാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

Pre conceptional  preparation എന്നത് വിത്തു മുളയ്ക്കാൻ ചെയ്തു വരുന്ന മണ്ണൊരുക്കമെന്ന ഉപമയിലൂടെ  ആയുർവേദം വിഭാവന ചെയ്യുന്നുണ്ട്.

അനുകൂലമായ ഋതു (ഗർഭസമ്പാദനത്തിനു യുക്തമായ പ്രായം , അണ്ഡോത്പാദന സമയം )ഒരുക്കപ്പെട്ട ഗർഭാശയം, ആവശ്യമായ പോഷകങ്ങളുടെ ഉപയോഗം, ആരോഗ്യമുള്ള ബീജം ഇവ ആരോഗ്യമുള്ള കുഞ്ഞിനെ നല്കുന്നു.

സന്താനങ്ങളുടെ പ്രകൃത്യാ ഉള്ള രോഗ പ്രതിരോധശേഷി ദീപ്തമായിരിക്കണമെങ്കിൽ മാതൃ - പിതൃ ബീജ ശുദ്ധിയുണ്ടാവണം. ആകസ്മിക ഗർഭധാരണത്തിൽ മാതാപിതാക്കൾക്ക മുന്നൊരുക്കമില്ലാത്തതിനാൽ ഉണ്ടാകുന്ന കുഞ്ഞും പൂർണ്ണ ആരോഗ്യവാനാകണമെന്നില്ല .

 (സുശ്രുത സംഹിത വ്യാധി സമുദ്ദേശീയത്തിൽ മാതൃ - പിതൃ ബീജ അശുദ്ധിയാൽ പിൽക്കാലത്തു സന്തതികൾക്കുണ്ടാകാവുന്ന രോഗങ്ങളെ പരാമർശിച്ചിട്ടുണ്ട് )

മക്കളാണ് ഏറ്റവും വലിയ സമ്പത്തെന്ന് കരുതുന്ന ഇക്കാലത്ത്
സമയവും ,മനസ്സും ഉള്ളവർക്ക് പഞ്ചകർമ്മ ചികിത്സയിലൂടെ ശരീരത്തിനാവശ്യമായ ശുദ്ധി ഉറപ്പു വരുത്താം.

 പഞ്ചകർമ്മം ചെയ്യാൻ കഴിയാത്തവർക്ക് ശരീരശുദ്ധിക്കായി ലളിത ചികിത്സകൾ ലഭ്യമാണ്.

( നല്ല കുഞ്ഞുണ്ടാകാൻ എന്തു ചെയ്യണമെന്ന ഡോ: കെ.വി.മനോജിന്റെ ലേഖനം info Drs Ayurveda മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്)

https://m.facebook.com/story.php?story_fbid=224163411404681&id=209742992846723

ഗർഭധാരണത്തിന് മുൻപ് തന്നെ ആയുർവേദചികിത്സകന്റെ നിർദ്ദേശം സ്വീകരിച്ച്, പ്രമേഹം, രക്താതിമർദ്ദം, അപസ്മാരം, ലൈംഗികരോഗങ്ങൾ , ഹൃദയരോഗങ്ങള്‍ തുടങ്ങിയവയുണ്ടെങ്കില്‍  കുഞ്ഞിന് ഹാനികരമല്ലാത്ത മരുന്നുകള്‍ കഴിക്കേണ്ടതാണ്.

ഒരു തെറ്റിദ്ധാരണ കഥ കേൾക്കണോ⁉

[ശുദ്ധമായ ബീജവും ശുദ്ധമായ ആർത്തവവും ഒത്ത് ചേർന്ന് ഉത്തമ സന്താനമുണ്ടാകുന്നുവെന്ന ആയുർവേദ തത്വം ഏതോ ആരോഗ്യ മാസികയിൽ വായിച്ച് ആർത്തവ സമയത്ത് മാത്രം  ലൈംഗികബന്ധത്തിലേർപ്പെട്ട്   അവസാനം വന്ധ്യതാ ചികിത്സയ്ക്കായി ഡോക്ടറെ കാണേണ്ടി വന്ന അദ്ധ്യാപക ദമ്പതികളെ ഓർത്തു പോകുന്നു .അണ്ഡ നിർഗമനം ആർത്തവം തുടങ്ങി 14 ആം ദിവസമാണെന്നും ആ സമയത്താണ് ബീജസങ്കലനം നടക്കുക എന്നും ഓർമ്മിപ്പിക്കേണ്ടി വന്നു ഡോക്ടർക്ക്.ആർത്തവ സമയത്ത് ശാരീരിക ബന്ധം തന്നെ നല്ലതല്ല എന്നുമറിയുക ]

*ഗർഭിണി ആണോ എന്നറിയാൻ* ☺✅

എല്ലാ മാസവും ക്രമമായി ആർത്തവം ഉണ്ടാകുന്ന ഒരാള്‍ക്ക് മാസമുറ തെറ്റിയാൽ ഏഴുദിവസത്തിനകം
തന്നെ  ഗർഭിണി ആണോയെന്ന് മൂത്രം പരിശോധിച്ച് മനസ്സിലാക്കാവുന്നതാണ്.  യൂറിന്‍ ടെസ്റ്റ് പോസിറ്റീവ് ആകുന്നതിന് ഒരാഴ്ച മുന്‍പുതന്നെ രക്തപരിശോധനയിലൂടെയും അറിയാനാകും.

*ഇത് ആദ്യ മൂന്ന് മാസക്കാലം🌹 [ The First trimester]*

അവസാനം ആര്‍ത്തവം വന്ന ആദ്യ തീയതി [LM P]മുതല്‍ 9 മാസവും 7 ദിവസവുമാണ് (280 ദിവസം, അഥവാ 10 ചാന്ദ്രമാസം) ഗർഭകാലം പൂർത്തീകരിക്കാനെടുക്കുന്നത് .

ആദ്യത്തെ 3 മാസം, രണ്ടാമത്തെ 3 മാസം, അവസാന ഘട്ടമായ 3 മാസം എന്നിങ്ങനെ ഇതിനെ മൂന്നായി തിരിക്കാം.

 ഗര്‍ഭത്തിന്റെ അഥവാ ഗർഭിണിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ മാസമുറ തെറ്റിയ ഉടനെത്തന്നെയാണ് അനുഭവപ്പെടുക.  ക്ഷീണം ,ഓക്കാനം, മാനസിക പിരിമുറുക്കം  ഛര്‍ദി ,ചില പ്രത്യേക ആഹാരത്തോട് താല്പര്യം., ഇഷ്ടക്കുറവ്, സ്തനങ്ങള്‍ക്ക് വേദന, വിങ്ങല്‍ ,അടിവയറ്റില്‍ ചെറിയ അസ്വസ്ഥത, കൂടെക്കൂടെ മൂത്രം പോക്ക്.,ലക്ഷണങ്ങൾ പലതും ആർത്തവത്തിന് മുന്നോടിയായ (PMS) ലക്ഷണങ്ങളുമായി സാദൃശ്യം തോന്നാം.

ആദ്യമാസങ്ങളിൽ എന്ത് കഴിക്കണം.🍒

 ഭ്രൂണത്തിന്റെ ശരിയായ വളർച്ചക്കും ,ഭ്രൂണം ഗർഭാശയത്തിൽ പറ്റിച്ചേർന്ന് ശരിയായ വിധത്തിൽ വളരുന്നതിനും ആവശ്യമായ ഭക്ഷണവും ഔഷധവുമാണ് ഈ സമയത്ത് അനുയോജ്യം .. സാധാരണ കഴിക്കുന്നതിൽ കവിഞ്ഞ് 300 KCal ഭക്ഷണം അധികം കഴിച്ചാൽ മതിയാകും .

ഗർഭിണിയാണെന്നറിഞ്ഞ് പച്ച മാങ്ങ തേടിയിറങ്ങുന്ന ഭർത്താക്കന്മാരെ
സിനിമയിലൊക്കെ കാണാം.

ദഹിക്കാൻ പ്രയാസമേറിയതും എരിവും പുളിയും ഉപ്പും കൂടുതലുള്ളതുമായ ഭക്ഷണം ഒഴിവാക്കുക.

പാൽ ,മുട്ട ,ബദാം ,അണ്ടിപ്പരിപ്പ്, വിവിധയിനം പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഗര്‍ഭമലസാന്‍ സാധ്യതയുള്ള ചില എന്‍സൈമുകള്‍ അടങ്ങിയ പപ്പായ, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം.  ധാരാളം വെള്ളം  കുടിക്കുക. മിനറലുകൾ ഉള്ള കരിക്കിൻ വെള്ളം ,കഞ്ഞി വെള്ളം ,മോര്, പഴച്ചാറുകൾ എന്നിങ്ങനെയായാൽ നന്ന്. പ്രസവശേഷം ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.

*വൈദ്യപരിശോധന എപ്പോഴൊക്കെ* ⁉

സാധാരണയായി 7 മാസം ആകും വരെ മാസത്തില്‍ ഒരു തവണയും 36 ആഴ്ച വരെ രണ്ടു തവണയും പ്രസവം വരെ ആഴ്ച തോറും ഡോക്ടറെ കണ്ടു പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്‌. ആയുര്‍വേദ മരുന്ന് കഴിക്കുന്നതിന്‍റെ പേരിലോ, മറ്റു അസുഖങ്ങള്‍ ഒന്നും ഇല്ലാത്തതിന്‍റെ പേരിലോ പരിശോധനയോ സ്കാനിംങ്ങോ മുടക്കുന്നത് വിഡ്ഢിത്തമാണ്. കുട്ടിയുടെ കിടപ്പ്, ഗര്‍ഭപാത്രത്തിന്‍റെയും ചുറ്റുമുള്ള പേശികളുടെയും ബലം, കുട്ടിയുടെ തൂക്കം, ആരോഗ്യം തുടങ്ങി കുട്ടിക്കുണ്ടായേക്കാവുന്ന അനവധി രോഗങ്ങള്‍ തടയാനും പ്രസവ പ്രക്രിയയ്ക്കായി ശരീരത്തെ തയ്യാറാക്കാനും ഇത് സഹായിക്കുന്നു.

ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകളോടൊപ്പം ഗര്‍ഭകാല ആരോഗ്യം ഉറപ്പു വരുത്താന്‍ ആയുര്‍വേദം ചില നല്ല ചിന്തകള്‍ പങ്കു വെക്കുന്നുണ്ട്.

ഗര്‍ഭസ്ഥ ശിശുവിന്‍റെ ക്രമമായ വളര്‍ച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും ഓരോ മാസവും പാല്‍കഷായങ്ങള്‍ ആയുര്‍വേദം പറയുന്നുണ്ട്.

ഒന്നാം മാസം--- കുറുന്തോട്ടി വേര്
രണ്ടാം മാസം– തിരുതാളി
മൂന്നാം മാസം—പുത്തരിച്ചുണ്ടയും കണ്ടകാരിച്ചുണ്ടയും ചേര്‍ത്ത്

*പാൽക്കഷായം ഉണ്ടാക്കുന്ന വിധം*

30 ഗ്രാം മരുന്ന് കഴുകി ചതച്ച് കിഴിയാക്കി   I50 മില്ലി പാലും 600 മില്ലി വെള്ളവും ചേര്‍ത്ത് I50 മില്ലി ആക്കി വറ്റിച്ച് കിഴി പിഴിഞ്ഞ് എടുക്കുക.  മറ്റ് ഭക്ഷണങ്ങൾക്ക് ഇടയിൽ വ്യക്തമായ സമയ അകലം പാലിച്ച് കുടിക്കാം. [രാവിലെ ഭക്ഷണത്തിന് മുൻപോ 11 മണിക്കോ വൈകുന്നേരം 4 മണിക്കോ ആവാം] സ്ഥിരമായി കഴിക്കാൻ പ്രയാസമുള്ളവരിൽ ഓരോ  മാസത്തിലും ആദ്യത്തെ 10 ദിവസമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. അതുപോലെ എല്ലാ മാസവും കുറുന്തോട്ടി മാത്രമായും ഉപയോഗിക്കാവുന്നതാണ്. ഈ കാലത്ത് മരുന്നിട്ട് കാച്ചിയ
ചില നെയ്യുകൾ കഴിക്കുന്നതു കൊണ്ട് ഹിമോഗ്ലോബിന്റ(Hb) അളവു കൂടുന്നതായി കാണാറുണ്ട്.

✅ആദ്യത്തെ 3 മാസം(12 ആഴ്ച) ഗർഭം ഉറയ്ക്കുന്ന, placental formation പൂർത്തിയാവുന്ന, കുഞ്ഞിന്റെ അവയവ രൂപീകരണം നടക്കുന്ന, അബോർഷന് സാധ്യതയുള്ള സമയം ആയതു കൊണ്ട് പ്രത്യേക പരിചരണം ആവശ്യമാണ്. ഈ സമയത്ത്
പാൽക്കഷായമായി കഴിക്കാൻ നിർദേശിക്കുന്ന കുറുന്തോട്ടി, തിരുതാളി, ജീവനീയ ഗണം തുടങ്ങിയവ അബോർഷൻ തടയാനും സഹായിക്കുന്നവയാണ്. റുബെല്ല പോലെയുള്ള TORCH  infections മൂലം 3 മാസത്തിനു മുമ്പേ തുടർച്ചയായി ഗർഭം അലസുന്ന ആളുകളിൽ ഒരു പരിധി വരെ ഇത്തരം തയ്യാറെടുപ്പുകൾ പ്രയോജനപ്പെടുന്നുണ്ട്.
പാൽ, വെണ്ണ, ഞവരച്ചോറ് തുടങ്ങിയ ഭക്ഷണമാണ് ആദ്യത്തെ മാസങ്ങളിൽ നല്ലത്. മൂന്നാം മാസം ഞവരയരിച്ചോറ് നിർബന്ധമായും കഴിക്കേണ്ടതാണ്.

*സാധാരണയായി കണ്ടുവരുന്ന ചില പ്രശ്നങ്ങളും ചില പരിഹാരമാർഗ്ഗങ്ങളും*✅

ഗർഭാവസ്ഥയിൽ സ്വാഭാവികമായി ഉണ്ടാക്കുന്ന ഛർദ്ദി മുതൽ ഗർഭശോഷം പോലെയുള്ള സങ്കീർണമായ അവസ്ഥകളിൽ വരെ ശാസ്ത്രീയമായ രീതിയിൽ  ആയുവേദ ഔഷധങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഗർഭിണിക്കുണ്ടാവുന്ന പനി, ജലദോഷം, ചുമ, വയറിളക്കം തുടങ്ങിയവയിൽ വീര്യം കൂടിയ ആൻറിബയോട്ടിക്കുകൾക്കു പകരം  ഉപയോഗിക്കാവുന്നവയും ലഭ്യമാണ്.ആയുർവേദ ഡോക്ടറുടെ നിർദ്ദേശ പ്രകാരമേ കഴിക്കാവൂവെന്ന് മാത്രം

    *പ്രധാനമായി കാണുന്ന പ്രയാസങ്ങൾ*

♦ *ഛർദ്ദി*
ഗർഭിണിയുടെ സ്വാഭാവിക ലക്ഷണമായാണ് ഛർദ്ദിയെ കണക്കാക്കുന്നത്.ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞാൽ കുറഞ്ഞു വരുന്നു.

 *ഛർദ്ദി, ഓക്കാനം,ക്ഷീണം തുടങ്ങിയവയിൽ*.............

* മാതളപ്പഴത്തിന്റെ നീര്
* കരിക്കിൻ വെള്ളം

*മല്ലി വെള്ളം പഞ്ചസാര ചേർത്ത്

* മലർ ഇട്ട് തിളപ്പിച്ച വെള്ളം
* മലർകഞ്ഞി
* മലർപൊടിച്ച് പഞ്ചസാര ചേർത്ത് നക്കി തിന്നുന്നത് ഇവ ഓർക്കാനം ഛർദി  കുറക്കും

* ഗുളൂച്യാദി പാനകം തുടങ്ങിയ മറ്റ് ഔഷധങ്ങൾ  ഉപയോഗിക്കാം

കുടിക്കുന്ന വെള്ളം പോലും പുറത്തേക്ക് വരുന്ന തരത്തിലുള്ള Hyperemesis gravidarum  ഗർഭിണിയെ വല്ലാതെ ക്ഷീണിപ്പിക്കും.

♦ ചെറിയ രീതിയിലുള്ള രക്തസ്രാവം, അടിവയറു വേദന, നടുവേദന തുടങ്ങിയവ
പരിഹരിക്കപ്പെട്ടില്ലെങ്കിൽ  അബോർഷന് കാരണമായേക്കും.

🔺ഗർഭിണിയാവുന്ന ആദ്യത്തെ12 ആഴ്ച(3 മാസം) ഗർഭം ഉറക്കുന്ന, മ റുപിള്ളയുടെ രൂപീകരണം നടക്കുന്ന സമയം ആയതിനാൽ അധികം ആയാസമുള്ള കാര്യങ്ങൾ, ദൂരയാത്രകൾ, തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. പ്രത്യേകിച്ചും നേരത്തേ അബോർഷൻ നടന്നിട്ടുള്ളവരിൽ. ആദ്യത്തെ മൂന്നു മാസം ശാരീരിക ബന്ധം ഒഴിവാക്കുന്നതും നല്ലതാണ്..

*മൂത്രസംബന്ധമായ പ്രശ്നങ്ങൾ, വെള്ള പോക്ക്*

ഗർഭാശയത്തിൽ കുഞ്ഞിന്റെ വളർച്ച തുടങ്ങുമ്പോൾ മൂത്രസഞ്ചിയിൽ അമരുന്നത് മൂലം ഇടക്കിടയ്ക്ക് മൂത്രശങ്ക അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അതോടൊപ്പം യോനീ സ്രാവത്തിന്റെ PH ൽ വരുന്ന വ്യത്യാസം മൂലം വെള്ള പോക്ക്,  candidiasis പോലുള്ള അണുബാധ എന്നിവയക്ക് സാധ്യത കൂടുതലാണ്. മല്ലി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ഇടക്കിടയ്ക്ക്  കുടിക്കുകയും, മടികൂടാതെ മൂത്രമൊഴിക്കുകയും, വ്യക്തി ശുചിത്വം പൂർണമായും പാലിക്കുകയും വേണം. അണുബാധയുണ്ടെങ്കിൽ നാല്പാമരപ്പട്ട ,ത്രിഫല മുതലായവ ഇട്ട് വെള്ളം തിളപ്പിച്ച് തണുപ്പിച്ച ശേഷം കഴുകാൻ ഉപയോഗിക്കാവുന്നതാണ്.

♦ *മലബന്ധം, അർശസ്*

ഗർഭാവസ്ഥയിൽ വർദ്ധിക്കുന്ന progesterone hormone ന്റെ  സ്വാധീനം  മൂലം മലബന്ധം പ്രത്യേകിച്ചും ഹോർമോൺ ഗുളിക, injection തുടങ്ങിയവ ഉപയോഗിക്കേണ്ടി വരുന്നവരിൽ കൂടുതലായും കണ്ടു വരുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, തവിട് കളയാത്ത ധാന്യങ്ങൾ, നെല്ലിക്ക ,ചേന, ഇലക്കറികൾ, ചുവന്നുള്ളി,പഴങ്ങൾ, തുsങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ   തുടങ്ങിയവും അനുബന്ധമായി കാണപ്പെടുന്നു. മല്ലി വായിലിട്ടു ചവക്കുന്നത് ഇതിൽ  നല്ലതാണ്.

ഗർഭിണീചര്യയിൽ ആയുർവേദം
നിർദേശിക്കുന്ന  ഭക്ഷണക്രമങ്ങളും ഔഷധസേവയും പ്രസവത്തെ ആയാസരഹിതമാക്കുന്നതിനൊപ്പം സത് പ്രജകൾക്ക് ആരോഗ്യം സമ്മാനിക്കുന്നുമുണ്ട് ..ഗർഭിണിയാവുന്നതും മുലയൂട്ടുന്നതും ശരീര സൗന്ദര്യത്തെപോലും ബാധിക്കും എന്ന് ചിന്തിക്കുന്ന പുതു തലമുറയ്ക്ക് ആയുർവേദ ഗർഭിണീ ചര്യയും പ്രസവ രക്ഷയും ആശാവഹമായ  വസ്തുതയാണ്.

 ശേഷം ഭാഗം 2ൽ.............


*മധുരം ഗർഭകാലം ഭാഗം 2* 

The Second Trimester 🌹

(ഗർഭകാലപരിചരണം ആയുർവേദത്തിലൂടെ)

*Info Drs Ayurveda FB Page* ...

  ഞാനിവിടെ ഉണ്ടെന്ന് ചെറിയ ചെറിയ അനക്കങ്ങളിലൂടെ  കുഞ്ഞ് അമ്മയെ അറിയിക്കുന്ന കാലമാണിത്.

ഛർദിയും ഓക്കാനവുമൊക്കെ കുറഞ്ഞ് ഗർഭിണി ഗർഭാവസ്ഥയെ ആസ്വദിക്കുന്ന സമയം .വയർ പുറത്തേക്കുന്തി വിശേഷമുണ്ടല്ലേ എന്ന് എല്ലാവരേയും കൊണ്ട് ചോദിപ്പിക്കുന്നതുമിക്കാലത്താണ് .' അതാണ് ഈ രണ്ടാം ത്രൈമാസം .

യാത്രകളുടേയും മറ്റും നിയന്ത്രണങ്ങൾ അല്പമൊന്നു കുറക്കാം. ഗർഭാവസ്ഥക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ശാരീരികബന്ധം വേണമെങ്കിൽ ആവാം .

വിശപ്പുണ്ടാകുമെങ്കിലും മധുരം അധികം വേണ്ടെന്ന് തന്നെ വെക്കണം . [എന്തു കഴിച്ചാലും ഛർദ്ദിക്കുന്ന തീരെഭാരം കുറഞ്ഞ ഗർഭിണിയോട്  ഐസ് ക്രീം എങ്കിലും കഴിക്കൂ എന്ന് ഗൈനക്കോളജിസ്റ്റ് പറയുകയും ,സ്നേഹം മൂത്ത ഭർത്താവ് ലിറ്റർകണക്കിന് ഐസ്ക്രീം വാങ്ങി നല്കുകയും രക്തത്തിലെ പഞ്ചസാര ക്രമാതീതമായി ഉയർന്നതുമായ കഥ ഈയിടെ കേട്ടു ].മധുരം, എരിവ് ,പുളി ,ഉപ്പ് ഇവ അമിതമാകുന്നത് നല്ലതല്ല .എല്ലാ രസങ്ങളും ഭക്ഷണത്തിൽ ആവശ്യത്തിന് ഉൾപ്പെടുത്തി തന്നെ കഴിക്കാം.

രണ്ടാമത്തെ USG Scan ചെയ്യാനുണ്ട് ഈ കാലത്ത്

*13 -27 ആഴ്ച വരെയുള്ള  രണ്ടാം ത്രൈമാസത്തിൽ  സാധാരണയായി കാണാറുള്ള ശാരീ രിക പ്രയാസങ്ങൾ*

I. *നടുവേദന* (Backache)

ശരീരഭാരം കൂടുന്നതുകൊണ്ടും വയർ അല്പം വലുതാകുന്നതു കൊണ്ടും ഉണ്ടാകുന്ന മർദ്ദത്താൽ നടുവേദന ഉണ്ടാകാം .ഇരിക്കുമ്പോൾ കഴിയുന്നതും നിവർന്നു തന്നെയിരിക്കാൻ ശ്രദ്ധിക്കുക.  ചരിഞ്ഞ് കിടന്നുറങ്ങുക ,ഉറങ്ങുമ്പോൾ കാലുകൾക്കിടയിൽ കട്ടി കുറഞ്ഞ തലയണ വെക്കുന്നത് നടുവേദന കുറക്കും.ഹീല് കുറഞ്ഞ വളരെ സൗകര്യപ്രദമായ ചെരിപ്പുകൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കുക.

2.സ്തനങ്ങളിലെ വേദനയും കല്ലിപ്പും കുറയുമെങ്കിലും ഫീഡിംഗിനായുള്ള തയ്യാറെടുപ്പിൽ വളർച്ച കൂടുന്നതിനാൽ സൗകര്യപ്രദമായ വസ്ത്രങ്ങൾ ഉപയോഗിക്കുക. ഇറുകിയ അടിവസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുക .

3.ഹോർമോൺ വ്യതിയാനം മൂലം മോണകളിലേക്ക് രക്ത യോട്ടം വർദ്ധിക്കുന്നതിനാൽ പകുതിയിൽ കൂടുതൽ ഗർഭിണികളിലും മോണ മൃദു ആകാനും രക്തം വരാനും സാധ്യത ഉണ്ട്. പ്രസവത്തോടെ ഇവ പഴയ സ്ഥിതിയിൽ ആകാറുണ്ട്. ത്രിഫലത്തോട് തിളപ്പിച്ച് തണുപ്പിച്ച് കവിൾ കൊള്ളുന്നത് നല്ലതാണ്.

ഇതുപോലെ മൂക്കിലെ അകത്തെ തൊലി മൃദുവാകാനും, വീർക്കാനം തന്മൂലം മൂക്കടയുകയും ,മൂക്കിലൂടെ രക്തസ്രാവം ഉണ്ടാകുകയും ചെയ്യും .തണുപ്പിച്ച പഞ്ഞി മൂക്കിനു മുകളിൽ വക്കുന്നത് ആശ്വാസം നല്കും .

3. ഒന്നാം ത്രൈ മാസത്തിലെ  പോലെ വെള്ളപോക്ക് ,മൂത്രം അടിക്കടി പോവുക എന്നിവ ഈ മുമ്മാ സത്തിലും കാണാം

4.തലമുടിക്ക് കട്ടി കൂടുകയും അമിത രോമവളർച്ച ഉണ്ടാവുകയും ചെയ്യുന്നു.പ്രസവാനന്തരമുള്ള മഞ്ഞൾ തേച്ചുള്ള കുളിയിൽ ഈ രോമ പ്രശ്നം മാറിക്കാണുന്നുണ്ട്.

5.ഇക്കാലത്തെ മറ്റൊരു പ്രതിസന്ധി തലവേദനയാണ് . മാനസിക പിരിമുറുക്കം കുറക്കുക ആവശ്യത്തിന് ഉറങ്ങുക . യോഗാസനങ്ങൾ ,റിലാക്സേഷൻ .. ശീലിക്കാവുന്നതാണ്

6.കാലിലെ നീര്

        രാവിലെ എഴുന്നേൽക്കുമ്പോഴും വിശ്രമിക്കുമ്പോഴും അപ്രത്യക്ഷമാവുന്ന നീര് സ്വാഭാവികമാണ്. ഭക്ഷണത്തിൽ ഉപ്പ് നിയന്ത്രിക്കുക, ആവശ്യത്തിന് വിശ്രമം ഉറപ്പുവരുത്തുക, മൂത്രതടസം മാറ്റുക തുടങ്ങിയവയിലൂടെ പരിഹരിക്കാം.

 വിശ്രമം കൊണ്ട്    മാറാത്തതും ,കാലിൽ മാത്രമല്ല മുഖത്തും, മറ്റ് ശരീര ഭാഗങ്ങളിലുമുണ്ടാകുന്ന നീര്  വിളർച്ച ( അനീമിയ), Pre eclampsia , രക്താതിമർദ്ദം തുടങ്ങിയവയോടനുബന്ധിച്ചുള്ളവയാകാം.

7.വിളർച്ച(അനീമിയ)

     ഹീമോഗ്ലോബിന്റെ അളവ്  കുറഞ്ഞത്10 gm % എങ്കിലും ഗർഭിണി ആയിരിക്കുന്ന അവസ്ഥയിൽ ആവശ്യമാണ്. ഡോക്ടറുടെ  നിർദേശ പ്രകാരം ഉപയോഗിക്കാവുന്ന ആയുർവേദ മരുന്നുകൾ   വിളർച്ച മൂലം അമ്മയ്ക്കും കുഞ്ഞിനും ഉണ്ടായേക്കാവുന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ പര്യാപ്തമാണ്.

8.Pre eclampsia

       ഉയർന്ന രക്തസമ്മർദ്ദം, നീര്, മൂത്രത്തിൽ ആൽബുമിൻ സാന്നിദ്ധ്യം തുടങ്ങിയവ 5,6 മാസത്തോടെ തുടങ്ങി പ്രസവത്തോടടുത്ത് eclampsia എന്ന സങ്കീർണാവസ്ഥയിലേക്ക് നയിക്കുന്നു. പാൽ കഷായങ്ങൾ, മഹാധാന്വന്തരം ഗുളിക തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിലൂടെ കൂടുതൽ പ്രയാസങ്ങൾ ഒഴിവാക്കാൻ കഴിയും.

ഗര്‍ഭസ്ഥ ശിശുവിന്‍റെ ക്രമമായ വളര്‍ച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും ഓരോ മാസവും പാല്‍കഷായങ്ങള്‍ ആയുര്‍വേദം പറയുന്നുണ്ട്.

നാലാം മാസം- ഓരില വേര്

അഞ്ചാം മാസം: ചിറ്റമൃത്

ആറാം മാസം- കണ്ടകാരി ചുണ്ട.

പാൽക്കഷായത്തിന് നിർദേശിക്കുന്ന ഓരില വേര് കുഞ്ഞിന്റെ  ഹൃദയത്തിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നതാണ്.

[ പാൽക്കഷായം ഉണ്ടാക്കുന്ന വിധം ,കഴിക്കേണ്ട വിധം  ഇവ ഭാഗം 1 ൽ വിവരിച്ചിട്ടുണ്ട്.]

 

ഭക്ഷണ പ്രത്യേകം  

    ✅ നാലാം മാസം - ഞവരച്ചോറ് തൈര് ചേർത്തു കഴിക്കാം.ദഹനശക്തിക്കനുസരിച്ച് മാംസഭക്ഷണവുമാകാം

          ✅അഞ്ചാം മാസം -ഞവരച്ചോറ്, മാംസ ഭക്ഷണം, പാൽ, നെയ്യ്  ✅ആറാം മാസത്തിൽ ഞെരിഞ്ഞിൽ ഇട്ട് കാച്ചിയ നെയ്യ് കഞ്ഞിയിൽ ചേർത്ത് കഴിക്കാം

സർവ്വം നെയ്യ് മയം

അഞ്ചാം മാസത്തിൽ നെയ്യ് കുടിക്കാൻ സ്വഗൃഹത്തിലേക്ക് ഗർഭിണി പോയിരുന്ന ചടങ്ങുണ്ട് ചില പ്രദേശങ്ങളിൽ.

ഞെരിഞ്ഞിലിട്ട് കാച്ചിയ നെയ്യ്  നീര്, Pre eclampsia പോലെയുള്ള പ്രയാസങ്ങളിലേക്ക് നയിക്കുന്നതിനെ തടയും.

*സുഖപ്രസവമാഗ്രഹിക്കുന്നവർ* .......'.

ഈ പഠന വിവരം. അറിയുക

  ഗർഭിണികൾക്ക് സുഖപ്രസവത്തിന് അഭ്യംഗം -യോഗ കോമ്പിനേഷൻ ഫലപ്രദമാണോ എന്ന Hypothesis ൽ തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് സ്വസ്ഥവൃത്തം ഡിപ്പാർട്ട്മെൻറിൽ ഡോ. ജ്യോതിലാലിന്റെ ഗൈഡൻസിൽ ഡോ. കെ.എം രേഷ്മിത ഒരു പഠനം
നട ത്തിയിരുന്നു.

ആയുർവേദത്തിന്റെയും യോഗയുടെയും ഗർഭിണിയിൽ ഉള്ള ഗുണവശങ്ങൾ കണ്ടെത്തുന്നതിനായി ഒരു സ്വകാര്യ മോഡേൺ മെഡിസിൻ ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു പoനം.

അതിൽ 120  ഗർഭിണികളെ നാലു ഗ്രൂപ്പുകളായി (30 വീതം ഓരോന്നിലും  ഉൾപ്പെടുത്തി ) ആദ്യ ഗ്രൂപ്പിന് യോഗ മാത്രവും  രണ്ടാം ഗ്രൂപ്പിന് ആയുർവേദ എണ്ണകൾ ഉപയോഗിച്ചുള്ള അഭ്യംഗവും (എണ്ണ തേപ്പ്) മാത്രവും , മൂന്നാം ഗ്രൂപ്പിന് യോഗയും അഭ്യംഗവും ചേർന്നും നാലാമത്തെ ഗ്രൂപ്പിന് പരമ്പരാഗതരീതിയിലുള്ള മോഡേൺ മെഡിസിൻ മരുന്നുകളും ആയിരുന്നു നിശ്ചയിച്ചത് . അതിൽ അഭ്യംഗവും യോഗയും 5 മാസം തൊട്ട് ശീലിച്ച ഗർഭിണികളിൽ എല്ലാവർക്കും തന്നെ സുഖപ്രസവമായിരുന്നു ഉണ്ടായത് . അവരിൽ തന്നെ ഗർഭകാലവും , പ്രസവശേഷ കാലവും വളരെ ആരോഗ്യകരമായി രുന്നു .യോഗ മാത്രമായോ അഭ്യംഗം മാത്രമായോ ശീലിച്ചവരിൽ രണ്ടുപേർക്കൊഴിച്ച് എല്ലാവർക്കും സുഖപ്രസവമായിരുന്നു. ഈ രണ്ടുപേരിൽ ഒരാളുടെ കുഞ്ഞിന്റെ വലിപ്പകൂടുതൽ കാരണം സിസേറിയൻ ആയി. മറ്റേയാൾക്ക് ഹൃദയസംബന്ധമായ അസുഖം കാരണം വാക്വം ഡെലിവറി ആയിരുന്നു നാലാമത്തെ ഗ്രൂപ്പ് അതായത് മോഡേൺ മെഡിസിൻ മരുന്നുകൾ മാത്രം ശീലിച്ചവരിൽ പത്തുപേർക്ക് സുഖപ്രസവം ഉണ്ടായി .അഞ്ചുപേർക്ക് അസിസ്റ്റഡ് ഡെലിവറിയും( vacuum delivery or forceps delivery) ബാക്കി 15 പേർക്ക്  സിസേറിയനും ആയിരുന്നു .

 താലാസനം, സുഖാസനം, വജ്രാസനം, അനന്തശയനാസനം 'നമസ്ക്കാരാസനം, ഹസ്ത ഉത്താനാസനം എന്നിവ ഭേദഗതികളോടെ പരിശീലിപ്പിക്കുകയായിരുന്നു.[ ഡോ. രേഷ്മിത ഇപ്പോൾ കണ്ണൂർ കണ്ണാടിപറമ്പ് ഗവ .ആയുർവേദ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറാണ് ]

*രണ്ടാം ത്രൈമാസത്തിൽ
ഒഴിവാക്കേണ്ടവ*

  ❌കഠിനമായ ജോലികൾ, ഭാരം ചുമക്കുക.

❌ മലമൂത്ര വേഗങ്ങളെ പിടിച്ചു നിർത്തുക.

❌മലർന്നു കിടക്കുക( കഴിയുന്നതും ഇടത് വശം ചെരിഞ്ഞാണ് കിടക്കേണ്ടത്)

❌ കോപം, ഭയം, വിഷാദം

❌കൂടുതൽ സമയം ഇരുന്നുള്ള ദൂരയാത്രകൾ.

❌ഉപവാസം.

❌ ഭക്ഷണത്തിൽ കൂടുതൽ ചൂട്, എരിവ്, ഉപ്പ്‌, പുളി തുടങ്ങിയവ

❌ കൂടുതൽ മധുരം(  കുഞ്ഞിന് പ്രമേഹം, അമിതവണ്ണം തുടങ്ങിയവയ്ക്ക് കാരണമാകും)

❌പുളി അധികം( ത്വക് രോഗങ്ങൾ, നേത്രരോഗങ്ങൾ)

❌ ഉപ്പ് അധികം (അമ്മയ്ക്ക് രക്താതിമർദ്ദത്തോടൊപ്പം കുഞ്ഞിന്റെ തലമുടിയുടെ ആരോഗ്യക്കുറവ്, അകാലനര തുടങ്ങിയവയ്ക്ക് കാരണമാവുന്നു)..


തുടക്കത്തിലുണ്ടാകുന്ന മാറ്റങ്ങളോട്
താദാത്മ്യപ്പെട്ട് ഗർഭിണി ഗർഭകാലത്തിന്റെ പകുതിയും പിന്നിടുന്ന കാലമാണ് രണ്ടാം ത്രൈമാസം.

ഭർത്താവിന്റെയും അടുത്ത ബന്ധുക്കളുടെയും കരുതൽ ആസ്വദിക്കുന്ന സുന്ദര കാലം.

വയറ്റിൽ തുടിക്കുന്ന ജീവനെന്തു പേരിടും ,.ആരെപ്പോലെയിരിക്കുമെന്നൊക്കെ
ആലോചിച്ചാനന്ദിക്കുന്ന സംസാര നേരങ്ങൾ'

ലോകത്തിന്റെ തുടർച്ചകളായി പിറന്നു വീഴുന്ന തലമുറകൾക്കായി ആയുർവേദമെന്ന  പ്രകൃതിയുടെ വൈദ്യശാസ്ത്രം കാത്തു വെയ്ക്കുന്നൊരു ജീവിതചര്യയുടെ മൂന്നാം ത്രൈമാസം  അടുത്ത ഭാഗത്തിൽ .

മധുരം ഗർഭകാലം   ഭാഗം 3

*The Third Trimester*🌻
Info Drs Ayurveda FB Page

 കാത്തിരിക്കുന്ന കൺമണി വരാൻ ഇനി അധികം സമയമില്ല.നേരത്തെ ആകുമോ? സുഖപ്രസവമായിരിക്കുമോ എന്നുള്ള ചിന്തകൾ ഗർഭിണിയേയും ബന്ധുക്കളേയും ഭരിക്കുന്ന കാലം. കൂടുതൽ ശ്രദ്ധ നല്കേണ്ട വേള.കൂടെ ഒരാൾ എപ്പോഴും ഉണ്ടായിരിക്കേണ്ട സമയം.

വയറിന്റെ വലിപ്പം കൂടുന്നതനുസരിച്ച് നടക്കുമ്പോൾ കിതപ്പും ,നടുവേദനയും കൂടി വരുന്നു. കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും ഒരല്പം കൂടുതൽ കരുതൽ ..  കുഞ്ഞുകുഞ്ഞു ചവിട്ടും അനക്കങ്ങളുമായി മാതൃത്വത്തെ ഉണർത്തി ഒരാൾ വളർച്ച പൂർത്തീകരിച്ച് വരാൻ തയ്യാറെടുക്കുന്ന കാലം ........🌻

27 ആഴ്ച
മുതല്‍ പ്രസവം വരെയുള്ള (38ാം ആഴ്ച) അവസാന ഘട്ടമാണിത്. ഏഴുമാസം (30 ആഴ്ച
മുതല്‍) കഴിയുന്നതോടെ കുഞ്ഞിന്റെ ചലനങ്ങള്‍ പുറത്തു പ്രകടമായി തുടങ്ങും. പ്രസവത്തിനു തൊട്ടു മുമ്പുള്ള ആഴ്ചകളില്‍ ഇതു നന്നായി തിരിച്ചറിയാം. ഗര്‍ഭത്തിന്റെ അവസാനത്തേയും മൂന്നാമത്തേതുമായ ഈ ഘട്ടത്തിലും ഗര്‍ഭിണികള്‍ക്കു ചെറിയ രീതിയിലുള്ള വ്യായാമം ,യോഗ ഇവ ശീലിക്കാം .

38 ആഴ്ച പൂർത്തിയാകുമ്പോൾ കുഞ്ഞു പുറത്തുവരാന്‍ വേണ്ട പൂര്‍ണ വളര്‍ച്ച എത്തിയിരിക്കും. 🌹
[ലേഖനങ്ങളുടെ ലിങ്കുകൾ
1.മധുരം ഗർഭകാലം ഭാഗം രണ്ട്
https://m.facebook.com/story.php?story_fbid=281852362302452&id=209742992846723
മധുരം ഗർഭകാലം ഭാഗം ഒന്ന്
https://m.facebook.com/story.php?story_fbid=281138812373807&id=209742992846723
3.പ്രസവ രക്ഷയെ കുറിച്ച്
https://m.facebook.com/story.php?story_fbid=253113548509667&id=209742992846723
4. മുലപ്പാൽ .. അറിയേണ്ടവ
https://m.facebook.com/story.php?story_fbid=267615297059492&id=209742992846723 ]

*മൂന്നാം ത്രൈമാസം*

*ആരോഗ്യ പ്രശ്നങ്ങളും പരിഹാരങ്ങളും*

1. *നടുവേദന* .. രണ്ടാം ഭാഗത്തിൽ പറഞ്ഞതുപോലെ യുള്ള നിയന്ത്രണങ്ങൾ തുടരുക. യുക്തമായ യോഗാസനം ശീലിക്കാവുന്നതാണ്.

2. *രക്തസ്രാവം*

ചെറിയ രക്തസ്രാവം ആയാലും ഡോക്ടറെ കാണേണ്ടതാണ്.ഔഷധങ്ങളും വിശ്രമവും ആവശ്യമായി വരും.

3.സ്തന വളർച്ച  കൂടുകയും സ്തനത്തിലൂടെ പാല് വരാൻ തുടങ്ങുകയും ചെയ്യും.

4. *ക്ഷീണം* ...
രണ്ടാം ത്രൈ മാസത്തിലുള്ള ഉത്സാഹവും ഉണർവും പതുക്കെ കുറയും .പ്രസവത്തെക്കുറിച്ചുള്ള ആകുലതയും, ഉത്കണ്ഠയും കൂടും. ആവശ്യത്തിന് വിശ്രമിക്കുക. നല്ല പുസ്തകങ്ങൾ  വായിക്കുക. നല്ല കാറ്റ് കൊണ്ട് മുറ്റത്തോ ,പാർക്കിലോ  വൈകുന്നേരങ്ങളിൽ നടക്കുന്നത് നല്ലതാണ്.

 5. *മൂത്രം പോക്ക്*

വയർ വലുതാകുന്നതുമൂലം മൂത്രസഞ്ചിയിലേക്കുള്ള മർദ്ദം കൂടുന്നതിനാൽ അടിക്കടി മൂത്രമൊഴിക്കേണ്ടി വരും .ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം തുള്ളിയായി പോകാൻ സാധ്യതയുണ്ട്. വെളള നിറത്തിലുള്ള അടിവസ്ത്രം ഉപയോഗിക്കുന്നത് എന്തെങ്കിലും സ്രാവം ഉണ്ടാക്കുന്നത് പെട്ടെന്ന് അറിയാൻ നല്ലതാണ് .ചെറിയ നനവുകൾ പിടിച്ചെടുക്കുന്ന രീതിയിലുള്ള പാന്റി ലൈനർ ഉപയോഗിക്കുന്നത് നല്ലതാണ്. ..

6. *ഉറക്കക്കുറവ്‌* അനുഭവപ്പെടുന്നത്‌ സാധാരണമാണ്‌ ഗര്‍ഭകാലത്ത്‌ ഉറക്കമില്ലെന്ന്‌ പരാതിപ്പെടാറുണ്ട്‌.  രാത്രി ഉറക്കം കിട്ടുന്നില്ല എന്ന കാരണത്താല്‍ ഉറക്കഗുളികള്‍ കഴിക്കരുത്‌.

തലയിൽ തളം വെയ്ക്കുക .കാൽ വെള്ളയിൽ മരുന്ന് പുരട്ടുക തുടങ്ങിയ ആയുർവേദ പ്രയോഗങ്ങൾ ഉറക്കം ലഭിക്കാൻ ഗുണം ചെയ്യും.

7.ചില സ്‌ത്രീകളില്‍ മുലക്കണ്ണുകള്‍ അകത്തേക്കു വലിഞ്ഞാണിരിക്കുന്നത്‌. ഇങ്ങനെ മുലകണ്ണുകള്‍ പരന്നോ ഉള്ളിലേക്ക്‌ വലിഞ്ഞോ ഇരുന്നാല്‍ പ്രസവ ശേഷം ശിശുവിന്‌ മുലകുടിക്കാന്‍ പ്രയാസം നേരിടും. പതിവായി മുലക്കണ്ണില്‍,പാൽപാടയോ ,വെണ്ണയോ പുരട്ടിയാല്‍ ഇതൊഴിവാക്കാനാവും.ഇത് മുലക്കണ്ണ് വിണ്ടു കീറൽ ഒഴിവാക്കാനും നല്ലതാണ്.

  8. *നീര്*

അവസാന നാളുകളില്‍ കാലില്‍ നീരുവരുന്നത്‌ സാധാരണമാണ്‌. ഉപ്പുകുറഞ്ഞ, മാംസ്യം ധാരാളമുള്ള ഭക്ഷണം, ധാരാളം വിശ്രമം എന്നിവ ആവശ്യമാണ്‌. നീരുവരുന്നത്‌ ഉയര്‍ന്ന രക്‌തസമ്മര്‍ദം കൊണ്ടാണെങ്കില്‍ ഉടനേ ഡോക്‌ടറെ കാണിക്കണം.

9. *മലബന്ധം*
.................
മലബന്ധം കൂടുകയും ,50% പേരിലും മൂലക്കുരു (Piles ) ഉണ്ടാവുകയും ചെയ്യും. ഇത് ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധ കൊടുക്കേണ്ടതാണ് .

പഴവര്‍ഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഭാഗം ഒന്നിൽ പറഞ്ഞതുപോലെ മലബന്ധം ഒഴിവാക്കാനുള്ള ഭക്ഷണ രീതി തുടരുക.

10. *കാലുകഴപ്പ്‌*

 ഈ മാസങ്ങളിൽ
ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഗര്‍ഭപാത്രത്തിന്റെ മര്‍ദം രക്‌തക്കുഴലുകളില്‍ അനുഭവപ്പെടുമ്പോഴാണ്‌ കാല്‍കഴപ്പ്‌ ഉണ്ടാകുന്നത്‌. കാല്‍വണ്ണയിലെ മസിലുകള്‍ എണ്ണയിട്ട് ഉഴിയുന്നത്  ഇത് കുറക്കാൻ സഹായിക്കും

*ശ്രദ്ധിക്കേണ്ടതായ മറ്റ് ചില കാര്യങ്ങൾ*

വീട്ടില്‍ ധരിക്കാന്‍ നൈറ്റി ഉപയോഗിക്കുക. സല്‍വാര്‍ ഉപയോഗിക്കുന്നവര്‍ പാന്റില്‍ ഇലാസ്‌റ്റിക്‌ പിടിപ്പിക്കുക. വയര്‍ ഭാഗത്ത്‌ കൂടുതല്‍ മുറുകെയുള്ള കെട്ട്‌ വരാതിരിക്കാന്‍ ഇതു സഹായിക്കും.

ഗര്‍ഭിണികള്‍ക്ക്‌ പുറംവേദന അനുഭവപ്പെടാം. ഇതിനായി ചെറുചൂടില്‍ പുറത്ത്‌ ആവി പിടിക്കുന്നത്‌ നല്ലതാണ്‌. ഇവിടം മൃദുവായി തടവുന്നതും പുറംവേദന മാറാന്‍ ഉത്തമമാണ്‌.

ഗര്‍ഭിണികള്‍ മാനസികമായി കൂടുതല്‍ സന്തോഷത്തിലായിരിക്കേണ്ട കാലമാണ്‌ ഇനിയുള്ളത്‌. മനസിന്‌ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും ചെയ്യുകയും വേണം. ഭയപ്പെടുത്തുന്ന ടിവിസീരിയലുകളോ സിനിമകളോ കാണാതിരിക്കുക. നല്ല പുസ്‌തകങ്ങള്‍ വായിക്കുന്നതും മനസിന്‌ സന്തോഷം നല്‍കും.

*False pain ( ചുമ്മാ വെറുതെ പറ്റിക്കാൻ)*

 ചിലസമയത്ത്‌, അടിവയറില്‍ കടുത്ത വേദന അനുഭവപ്പെടാം. ഇത്‌ പ്രസവ വേദനയാണെന്ന്‌ തെറ്റിദ്ധരിച്ച്‌ ആശുപത്രിയിലേക്ക്‌ ഓടേണ്ടതില്ല. ഗര്‍ഭപാത്രത്തിന്‌ പെട്ടെന്നുണ്ടാകുന്ന സങ്കോചവികാസമാണ്‌ ഇത്‌. അല്‍പസമയത്തിനുള്ളില്‍ മാറുകയും ചെയ്യും.   ദൂരയാത്രകള്‍ ഒഴിവാക്കണം. ഫ്‌ളൈറ്റ്‌ യാത്രയും ട്രെയിന്‍ യാത്രയും പാടില്ല. നീണ്ട യാത്രകള്‍ നേരത്തേയുള്ള പ്രസവത്തിന്‌ കാരണമാകാം.

 രാത്രിയില്‍ കുറഞ്ഞത്‌ ഒന്‍പതു മണിക്കൂറെങ്കിലും വിശ്രമം എടുക്കാന്‍ ശ്രമിക്കണം. ഗര്‍ഭകാലത്തിന്റെ ആരംഭത്തിലും ഒടുവിലത്തെ മാസങ്ങളിലുമാണ്‌ വിശ്രമം ആവശ്യമായി വരുന്നത്‌.

  *പ്രസവവേദന*

സിനിമയിൽ കാണുന്ന പോലെ അതിതീവ്ര വേദന പ്രതീക്ഷിച്ച് ഉണ്ടായ വേദനയൊക്കെ നിസ്സാരമായി തളളി ആശുപത്രിയിൽ എത്തുന്നതിന് മുൻപ് പ്രസവിച്ച ഒരാളെ അറിയാം. വേദനയുടെ ആധിക്യം ജീവിത ചര്യയും ,മറ്റും അനുസരിച്ച് വ്യത്യാസപ്പെടാം എന്നോർക്കുക.

വേദന പിന്നില്‍ നിന്നു തുടങ്ങി വയറിന്റെ മുന്‍ഭാഗത്തേക്ക്‌, ഗര്‍ഭ പാത്രത്തിന്റെ തുടര്‍ച്ചയായി ചുരുങ്ങല്‍ കാരണം വേദന വ്യാപിക്കുന്നു. ജനനേന്ദ്രിയത്തിലൂടെ കുഞ്ഞിനെ പുറത്തേക്ക്‌ തള്ളാന്‍ ഗര്‍ഭപാത്രം സങ്കോചിക്കുന്നതാണിത്‌.

 പ്രസവ വേദന കൃത്യമായ ഇടവേളകളിലാണ്‌ ഉണ്ടാകുന്നത്‌. 15 - 20 മിനിറ്റ്‌ വിട്ട്‌ വരുന്ന ഈ വേദനകള്‍ 30-35 സെക്കന്റുകള്‍ തുടരുന്നു. ക്രമേണ ചുരുങ്ങല്‍ കൂടുതല്‍ അടുത്തടുത്താവുന്നു.  കുഞ്ഞ്‌ പുറത്തേക്കു വരാനുള്ള ശ്രമത്തില്‍ സെര്‍വിക്‌സില്‍ സമ്മര്‍ദം വരുമ്പോള്‍ കഫരൂപത്തില്‍ ഒരു കട്ട (പ്ലഗ്) തുറന്ന സെര്‍വിക്സില്‍ നിന്നും പുറത്തുചാടും. രക്‌തം കലര്‍ന്നതായിരിക്കും ഇത്‌.

 അധികംജലം യോനിയില്‍ നിന്നും വരാന്‍ തുടങ്ങിയാല്‍ കുഞ്ഞ്‌ കിടന്നിരുന്ന ഗർഭജല സഞ്ചി (അമിനയോട്ടിക്‌ ഫ്ലൂയിഡ്) പൊട്ടിയിരിക്കുന്നു എന്ന്‌ മനസിലാക്കാം.  പ്രസവവേദനയുടെ സമയം എല്ലാവരിലും ഒരുപോലെയല്ല. ആദ്യ പ്രസവത്തിന്‌ ശരാശരി 10 മുതല്‍ 12 മണിക്കൂര്‍ വരെ പ്രസവ വേദന നില്‍ക്കും.



*ഗര്‍ഭസ്ഥ ശിശുവിന്‍റെ ക്രമമായ വളര്‍ച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും ഓരോ മാസവും പാല്‍കഷായങ്ങള്‍ ആയുര്‍വേദം പറയുന്നുണ്ട്*

ഏഴാം മാസം– യവം (തവിടോടുകൂടിയ ബാർലി )

എട്ടാം മാസം – പെരുങ്കുരുമ്പവേര്

ഒമ്പതാം മാസം – ശതാവരിക്കിഴങ്ങ്

പാൽക്കഷായം ഉണ്ടാക്കുന്ന വിധം: [ ഒന്നാം ഭാഗത്ത് വിവരിച്ചിട്ടുണ്ട് ]

 സ്ഥിരമായി കഴിക്കാൻ പ്രയാസമുള്ളവരിൽ ഓരോ  മാസത്തിലും ആദ്യത്തെ 10 ദിവസമെങ്കിലും ഉപയോഗപ്പെടുത്താവുന്നതാണ്. അതുപോലെ എല്ലാ മാസവും കുറുന്തോട്ടി മാത്രമായും ഉപയോഗിക്കാവുന്നതാണ്.

     

       ✅ഏഴാം മാസം ഗർഭ പുഷ്ടിക്കായി പ്രത്യേക നെയ്യ് ഉപയോഗപ്പെടു ത്തുന്നതിലൂടെ ഗർഭ ശോഷം (IUGR) എന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ കഴിയും.

              ✅എട്ടാം മാസം മുതൽ  സുഖപ്രസവത്തിന് തയ്യാറെടുക്കുന്നതിനും മലബന്ധമില്ലാതെ ഇരിക്കുന്നതിനുമുള്ള  മാർഗങ്ങൾ സ്വീകരിക്കണം. ഭക്ഷണത്തിൽ പാൽ ചേർത്ത കഞ്ഞി, സൂപ്പ് തുടങ്ങിയവ ഉൾപ്പെടുത്തണം.

കണിവെള്ളരി പ്രധാന ചേരുവയായ നെയ്യും ഈ ഘട്ടങ്ങളിൽ ഉപയോഗിക്കാറുണ്ട്. വെള്ളരി ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഗർഭോദകം (Fluid) കുറയാതെയിരിക്കാൻ നല്ലതാണ്.

          ✅ഒൻപതാം മാസം തുടങ്ങുന്നതു മുതൽ യോനിഭാഗത്ത് ( യോനിക്കുള്ളിൽ) യുക്തമായ തൈലം പഞ്ഞിയിൽ മുക്കി വെക്കുന്നത് കൊണ്ട് പ്രസവം എളുപ്പമാക്കാനും വേദന കുറക്കാനും ഉപകരിക്കും.

          എണ്ണ തേച്ച് കുളിക്കുന്നതോടൊപ്പം മുലക്കണ്ണുകളെ കൂടി ശ്രദ്ധിച്ച് പരിചരിക്കണം

ശതാവരി പോലെയുള്ളവ പാൽ കഷായങ്ങളിൽ ഉൾപ്പെടുത്തി ചെയ്യുന്ന ഗർഭിണീ ചര്യ കുഞ്ഞിന്' 6 മാസം മുലപ്പാൽ മാത്രം '  എന്ന ആശയത്തെ സാധൂകരിക്കാൻ പര്യാപ്തമാക്കുകയാണ്.

ഒരു കുഞ്ഞിക്കാൽ കാണാൻ പോകുകയാണ്.

ആണായാലും പെണ്ണായാലും
പൊന്നുപോലെ നോക്കി വളർത്തേണ്ട
കുഞ്ഞ്. വേദനയുടെ ഏറ്റക്കുറച്ചിലുകളിലൂടെ സന്തോഷത്തിന്റെ ജന്മം നടക്കുന്നു.

ഓരോ അമ്മ ജീവിതവും ഏറ്റിയ
പത്തു മാസ ഭാരങ്ങൾ:

നമ്മളോർക്കണം
നമ്മളെങ്ങനെ
നമ്മളായെന്ന്.




*Team Info Drs Ayurveda FB Page* .
Dr Najma Mol K ,Dr Asmabi Mangalath,Dr Jyothilal.,Dr Syamakrishnan,Dr.PKV Anand, Dr Sreekumar Ps,
Dr Jiju,Dr,Manoj.KV Dr Shibu Shahid
Dr.Navaneetha,Dr DrNisha Unais.
Dr. Anoopa Sivapal ,Dr Sanalkumar MP Dr,Dr Shijin KB
Sijin Soorya M,Dr Jacquilin Dileep.

Comments

Popular posts from this blog

വൈദ്യഭൂഷണം രാഘവൻ തിരുമുല്പാട്

ചേന .. Heath thy kitchen e Sunday

മത്ത നില .. Dr .Shahid ഇലയും കറിയും